“എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്. ഇവിടെ, കാനില്‍ വച്ച് തന്നെയാണ് 1997ല്‍ ഹാര്‍വെ വെയിന്‍സ്റ്റീന്‍ എന്നെ ബലാത്സംഗം ചെയ്തത്. എനിക്കന്ന് 21 വയസ്സായിരുന്നു. അയാളിലെ വേട്ടക്കാരന്‍ ഇര പിടിച്ചിരുന്ന ഒരിടമാണ് ഈ ഫെസ്റ്റിവല്‍. എനിക്ക് ഒന്ന് പ്രവചിക്കാന്‍ കഴിയും. ഹാര്‍വെ വെയിന്‍സ്റ്റീന്‍ എന്നയാള്‍ ഇനി ഒരിക്കലും ഇവിടെ സ്വീകരിക്കപ്പെടില്ല എന്ന്. അപാമാനിതനായി അയാള്‍ ജീവിക്കും. ഒരിക്കല്‍ ചേര്‍ത്ത് പിടിച്ച, അയാളുടെ വലിയ പാതകങ്ങള്‍ മറച്ചു പിടിച്ച സിനിമാ ലോകം അയാളെ തള്ളിപ്പറയും.

ഇന്ന് ഇപ്പോള്‍ ഈ വേദിയില്‍ ഇരിക്കുന്ന നിങ്ങളില്‍ പലരോടും ഇത് പോലെ എനിക്ക് കണക്കു തീര്‍ക്കാനുണ്ട്, ഉത്തരവാദികളാക്കേണ്ടതായുണ്ട് – സ്ത്രീകളോടുള്ള അവരുടെ (മോശം) പെരുമാറ്റത്തിനായി. ഈ വ്യവസായത്തില്‍ ഉണ്ടാകാന്‍ പാടില്ല ഒന്നാണ് അത്. ഇവിടെയെന്നല്ല, ഒരു തൊഴിലിടത്തിലും ഉണ്ടാകാന്‍ പാടില്ലാത്തതാണത്.

നിങ്ങള്‍ ആരാണ് എന്ന് നിങ്ങള്‍ക്കറിയാം, അത് നിങ്ങളേക്കാള്‍ കൂടുതല്‍ കൃത്യമായി ഞങ്ങള്‍ക്കും അറിയാം. രക്ഷപെട്ടു പോകാം എന്ന് ഇനി നിങ്ങള്‍ കരുതണ്ട,” ഇറ്റാലിയന്‍ നടി ആസ്യാ അര്‍ജെന്റോ കാന്‍ ചലച്ചിത്രോത്സവത്തിന്‍റെ സമാപന വേദിയില്‍ നടത്തിയ പ്രസംഗത്തിന്‍റെ പൂര്‍ണ്ണ രൂപമാണ് ഇത്.

Asia Argento

ആസ്യാ അര്‍ജന്റോ

ഹാര്‍വെ വെയിന്‍സ്റ്റീനെതിരെ ലൈംഗിക ആരോപണങ്ങള്‍ ഉന്നയിച്ച സ്ത്രീകള്‍ ആദ്യത്തെയാളാണ്‌ ആസ്യാ അര്‍ജെന്റോ. അവരുടെ തുറന്നു പറച്ചിലാണ് ലോകമെമ്പാടുമുള്ള ജോലിയിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെയുള്ള #MeToo മൂവ്മെന്‍റ് ആയി രൂപം പ്രാപിച്ചത്.

ന്യൂ യോര്‍ക്കര്‍ പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തിലാണ് 1997ല്‍ കാന്‍ ചലച്ചിത്ര മേള നടക്കുമ്പോള്‍ ഒരു ഫ്രഞ്ച് ഹോട്ടലില്‍ വച്ച് ഹാര്‍വെ വെയിന്‍സ്റ്റീന്‍ തന്നെ ബലാത്സംഗം ചെയ്ത വിവരം അവര്‍ പുറത്തു പറഞ്ഞത്.

ഇത് പുറത്തു പറഞ്ഞാല്‍ ശക്തനായ നിര്‍മ്മാതാവായിരുന്ന ഹാര്‍വെ വെയിന്‍സ്റ്റീന്‍ തന്‍റെ കരിയര്‍ നശിപ്പിക്കും എന്ന് താന്‍ ഭയന്നിരുന്നതായും 42 കാരിയായ ആസ്യാ അര്‍ജെന്റോ ന്യൂയോര്‍ക്കര്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

Harvey Weinstein

ഹാര്‍വെ വെയിന്‍സ്റ്റീന്‍

കാനിലെ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം നല്‍കാനായി വേദിയില്‍ എത്തിയ ആസ്യാ അര്‍ജെന്റോ നടത്തിയ പ്രസംഗം കേട്ട് സദസ്സ് തരിച്ചിരുന്നു. ഒരു നിമിഷമെടുത്തു, നിലയ്ക്കാത്ത കൈയ്യടിയായി അത് മാറാന്‍.

 

മിയാ ഫറോ, മീര സോര്‍വിനോ, റോസ് മക്ഗോവന്‍ തുടങ്ങിയ നടിമാര്‍ സോഷ്യല്‍ മീഡിയയില്‍ ആസ്യാ അര്‍ജെന്റോയ്ക്ക് പിന്തുണയുമായി എത്തി. അവര്‍ക്കെല്ലാം നന്ദി പറഞ്ഞു കൊണ്ട് അര്‍ജെന്റോ ഇങ്ങനെ കുറിച്ചു.

“തങ്ങളെ വേട്ടയാടിയവരുടെ പേരുകള്‍ സധൈര്യം തുറന്നു പറഞ്ഞ അനേകം സ്ത്രീകള്‍ക്ക് വേണ്ടി, തുറന്നു പറയാനായി ഇനിയും മുന്നോട്ട് വരുന്നവര്‍ക്ക് വേണ്ടി, ഞാന്‍ ഇന്ന് കാനിന്‍റെ വേദിയില്‍ സംസാരിച്ചു. നമ്മള്‍ ശക്തരാണ്, #MeToo”

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ