ഷാരൂഖ് ഖാനും അനുഷ്‌കാ ശർമ്മയും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന് ദി റിങ് എന്ന പേര് തീരുമാനിച്ചു. ഇംതിയാസ് അലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റബ് നേ ബനാ ദി ജോഡി(2008), ജബ് തക് ഹേ ജാൻ(2012) എന്നീ ഹിറ്റ് ചിത്രങ്ങൾക്കു ശേഷം ഷാരൂഖ് ഖാനും അനുഷ്‌കാ ശർമ്മയും വീണ്ടും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഇത്.

റഹ്‌നുമ എന്നാണ് ചിത്രത്തിന്റെ പേരെന്ന് ആദ്യം വാർത്തകളുണ്ടായിരുന്നെങ്കിലും ദി റിങ് എന്നാണെന്ന് അണിയറ പ്രവർത്തകർ സ്ഥിരീകരിച്ചു. യൂറോപ്പിലാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഭൂരിഭാഗവും നടന്നത്. തമാശ എന്ന ചിത്രത്തിനു ശേഷം ഇംതിയാസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഷാരൂഖിനെയും അനുഷ്‌കയെയും കൂടാതെ എവ്‌ലിൻ ശർമയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ഷാരൂഖിന്റെയും ഇംതിയാസ് അലിയുടെയുടെയും കൂടെ ജോലി ചെയ്യാനായത് ഒരു ദൈവിക അനുഭവമായിരുന്നുവെന്നാണ് അനുഷ്‌ക പറഞ്ഞത്. കഴിഞ്ഞ വർഷം ഏപ്രിലിൽ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചിരുന്നു. മലയാളിയായ കെ.യു.മോഹനനാണ് ചിത്രത്തിന്റെ ക്യാമറ നിർവഹിച്ചിരിക്കുന്നത്. ഒരു ടൂറിസ്റ്റ് ഗൈഡായിട്ടാണ് ഷാരൂഖ് ചിത്രത്തിൽ അഭിനയിക്കുന്നത്. വരുന്ന ഓഗസ്റ്റിൽ ചിത്രം തിയേറ്ററുകളിലെത്തും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook