ക്വീന്‍ സംവിധായകന്‍ വികാസ് ബഹലിനെതിരായ ലൈംഗിക ആരോപണങ്ങളില്‍ പ്രതികരണവുമായി നടന്‍ ഇമ്രാന്‍ ഖാന്‍. മീ ടൂ വെളിപ്പെടുത്തലുകള്‍ ഒടുവില്‍ ബോളിവുഡിന്റേയും വാതിലില്‍ മുട്ടിയതില്‍ താന്‍ സന്തോഷവാനാണെന്ന് ഇമ്രാൻ ഇന്ത്യന്‍ എക്സ്പ്രസുമായുളള അഭിമുഖത്തില്‍ പറഞ്ഞു. ‘എനിക്ക് അറിയാവുന്ന കാര്യങ്ങള്‍ പറയാനുണ്ടായിരുന്നു. എന്നാല്‍ ഞാന്‍ ശ്രദ്ധ ലഭിക്കാന്‍ വേണ്ടി ഒച്ചയുണ്ടാക്കുന്നതാണെന്ന് മറ്റുളളവര്‍ കരുതുമെന്ന് എനിക്ക് ഉപദേശം ലഭിച്ചിരുന്നു. സിനിമകള്‍ നന്നായി ഓടാത്തത് കൊണ്ട് ആളുകളുടെ ശ്രദ്ധ ലഭിക്കാനും വാര്‍ത്തകളില്‍ നിറയാനുമാണ് എന്റെ ശ്രമമെന്ന് ജനങ്ങള്‍ പറയുമായിരുന്നു,’ ഇമ്രാന്‍ വ്യക്തമാക്കി.

‘എനിക്ക് വിഷമമുണ്ടാക്കിയ ഒരുപാട് കാര്യങ്ങള്‍ വര്‍ഷങ്ങളായി എന്റെ കണ്‍മുന്നില്‍ നടന്നിട്ടുണ്ട്. ആരും പിന്തുണയ്ക്കില്ലെന്ന് കരുതിയാണ് ഞാന്‍ മിണ്ടാതിരുന്നത്. ഞാന്‍ സൂചിപ്പിക്കുന്നവരുടെ പേര് പറയുന്നില്ല. എന്നാല്‍ എനിക്ക് അറിയാവുന്ന കഥകള്‍ ഞാന്‍ പറയാം. ഞാന്‍ ബോളിവുഡില്‍ എത്തിയ സമയത്താണ് ഒരു സംവിധായകന്‍ നായികാ കഥാപാത്രത്തിന് വേണ്ടി ഓഡിഷന്‍ നടത്തിയത്. ബിക്കിനിയിലും സെക്സി പോസിലും അയാള്‍ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ എടുത്തു. ഈ ചിത്രങ്ങള്‍ സംവിധായകന്റെ ലാപ്ടോപിലേക്കാണ് നേരിട്ട് പോയത്. എന്നാല്‍ ഈ ചിത്രങ്ങള്‍ കാര്യമായി ഒന്നിനും അയാള്‍ ഉപയോഗിച്ചില്ല. അവസാന ലിസ്റ്റില്‍ വന്ന മൂന്ന് പെണ്‍കുട്ടികളെ ഈ ചിത്രങ്ങള്‍ കാണിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്. അധികാരത്തിന്റെ തെറ്റായ ഉപയോഗം ആണത്. ആ നടിയ്ക്ക് മറ്റൊരും കാര്യം അന്ന് സംഭവിച്ചിരുന്നു. അത് തുറന്നുപറയണോ വേണ്ടയോ എന്നത് ആ നടി തീരുമാനിക്കട്ടെ,’ ഇമ്രാന്‍ പറഞ്ഞു.

വികാസ് ബഹലിനെതിരെ മറ്റ് മൂന്ന് നടിമാരും തന്നോട് പരാതി പറഞ്ഞിട്ടുണ്ടെന്നും ഇമ്രാന്‍ വെളിപ്പെടുത്തി. ‘എല്ലാവരും വികാസ് ബഹലിനെ കുറിച്ചാണ് സംസാരിക്കുന്നത്. മറ്റ് മൂന്ന് നടിമാര്‍ എന്നോട് അദ്ദേഹത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട്. നടിമാരെ സ്പര്‍ശിക്കുന്നത് മുതല്‍ പലതും അദ്ദേഹം ചെയ്തിട്ടുണ്ട്. നിന്നെ ഈ സിനിമയില്‍ എടുത്താല്‍ എനിക്ക് എന്ത് പകരം കിട്ടുമെന്ന് വരെ അദ്ദേഹം ചോദിച്ചിട്ടുണ്ട്. ഈ നടിമാരില്‍ നിന്ന് കാര്യങ്ങള്‍ എനിക്ക് നേരിട്ട് അറിയാം. എനിക്കെന്നല്ല ബോളിവുഡ് ഇന്‍ഡസ്ട്രിയിലെ പലര്‍ക്കും അറിയാം. പക്ഷെ എല്ലാവരും അത് മൂടിവയ്ക്കുകയായിരുന്നു. ഹോളിവുഡില്‍ മീ ടൂ ക്യാംപെയിന്‍ ആരംഭിച്ചപ്പോള്‍ കുറ്റവാളികള്‍ക്ക് മുഖം നഷ്ടപ്പെട്ടു. പക്ഷെ ബോളിവുഡില്‍ ഒന്നും സംഭവിക്കുന്നില്ല. വികാസ് ബഹലിന്റെ കാര്യങ്ങള്‍ പുറത്തറിഞ്ഞിട്ടും അദ്ദേഹം ഹൃത്വിക് റോഷനോടൊപ്പം സിനിമ ചെയ്യുകയായിരുന്നു’, ഇമ്രാന്‍ ആരോപിച്ചു.

ആരോപണം ഉന്നയിക്കുന്ന എല്ലാ സ്ത്രീകളേയും ഞാന്‍ പിന്തുണയ്ക്കുന്നു. ഇതിനെ കുറിച്ച് ഇനിയും മിണ്ടാതിരിക്കാന്‍ എനിക്കാവില്ല. രംഗത്ത് വന്ന സ്ത്രീകള്‍ ധൈര്യശാലികളാണ്. ഇന്‍ഡസ്ട്രിയിലെ ആണുങ്ങള്‍ കൂടെ ഇല്ലെന്ന തോന്നല്‍ അവര്‍ക്ക് ഉണ്ടാവരുത്. ഇത്രയും കാലം മിണ്ടാതിരുന്നതിന് സ്വയം വൃത്തികേടാണ് എനിക്ക് തോന്നുന്നത്,’ ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ