ഈ വർഷത്തെ ഏറ്റവും മികച്ച ഇന്ത്യന്‍ ചലച്ചിത്രം ആയുഷ്മാന്‍ ഖുരാന നായകനായ ‘അന്ധാധുന്‍’. ആഗോള ചലച്ചിത്ര വെബ്സൈറ്റ് ആയ ഐഎംഡിബിയുടെ പ്രേക്ഷക വിലയിരുത്തലിലാണ് ചിത്രം ഒന്നാമതെത്തിയത്. 2018ലെ മികച്ച പത്ത് ചിത്രങ്ങള്‍ ബുധനാഴ്ച ഐഎംഡിബി പ്രഖ്യാപിച്ചു. പത്തില്‍ എത്ര മാര്‍ക്ക് പ്രേക്ഷകര്‍ നല്‍കിയെന്നാണ് വിലയിരുത്തിയത്.
ശ്രീരാം രാഘവന്‍ സംവിധാനം ചെയ്ത ബ്ലാക്ക്-കോമഡി ത്രില്ലര്‍ ചിത്രമായ ‘അന്ധാധുന്‍’, ബോളിവുഡിലെ ഈ വര്‍ഷത്തെ ‘ടോപ് ഗ്രോസ്സിംഗ്’ ചിത്രങ്ങളില്‍ ഒന്നാണ് എന്ന് മാത്രമല്ല, ‘ക്രിടിക്ക്സ് ഫേവറിറ്റും’ കൂടിയാണ്. ഒരു സിനിമാ താരത്തിന്റെ കൊലപാതകത്തില്‍ അകപ്പെട്ടു പോകുന്ന അന്ധനായ ഒരു പിയാനിസ്റ്റിന്റെ ജീവിതത്തെ ചുറ്റിപറ്റിയാണ്. ആയുഷ്മാന്‍ ഖുരാനയ്ക്കൊപ്പം പ്രധാന വേഷത്തില്‍ എത്തിയ തബുവും നിരൂപക പ്രശംസ നേടിയിരുന്നു.
Read More: Andhadhun movie review: The Sriram Raghavan film is racy, pacy and appropriately pulpy
ബോളിവുഡ് ചിത്രങ്ങളെ കൂടാതെ പ്രാദേശിക ഭാഷാ ചിത്രങ്ങളും പട്ടികയില്‍ നേട്ടം നേടിയിട്ടുണ്ട്. തമിഴ് ചിത്രമായ ‘രാക്ഷസന്‍’ ആണ് രണ്ടാം സ്ഥാനത്തുളളത്. മികച്ച ത്രില്ലറായ ‘രാക്ഷസന്‍’ തമിഴ്നാട്ടില്‍ കൂടാതെ കേരളത്തില്‍ ഉള്‍പ്പടെ മറ്റ് സംസ്ഥാനങ്ങളിലും നല്ല പ്രതികരണമാണ് ലഭിച്ചത്. രാംകുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒരു സൈക്കോ ത്രില്ലറായ ചിത്രത്തില്‍ വിഷ്ണു വിശാലാണ് നായകന്‍.
സി.പ്രേം കുമാര്‍ സംവിധാനം ചെയ്ത വിജയ് സേതുപതി-തൃഷ ചിത്രം ’96’ ആണ് മൂന്നാം സ്ഥാനത്തുളളത്. ഓര്‍മ്മയില്‍ കുരുങ്ങിക്കിടക്കുന്ന നഷ്ടപ്രണയത്തിന്റെ കഥ പറയുന്ന ചിത്രം തമിഴകത്തെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നാണ്. നാഗ് അശ്വിന്‍ സംവിധാനം ചെയ്ത ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ‘മഹാനടി’യാണ് നാലാം സ്ഥാനത്തുളളത്. മുന്‍കാല നടി സാവിത്രിയുടെ സിനിമയ്ക്കകത്തേയും പുറത്തേയും സംഭവബഹുലമായ ജീവിതത്തെ അന്വേഷിക്കുന്ന ചിത്രം കീര്‍ത്തി സുരേഷിന്റെ മികവുറ്റ അഭിനയം കൊണ്ട് ശ്രദ്ധേയമായിരുന്നു.
Read More: അപ്രതീക്ഷിതമായി 100 കോടി ക്ലബ്ബില്‍ എത്തിയ ഒരു കുഞ്ഞുചിത്രം
ആയുഷ്മാന്‍ ഖുരാന തന്നെ നായകനായ ‘ബധായി ഹോ’ ആണ് അഞ്ചാം സ്ഥാനത്തുളളത്. അക്ഷയ് കുമാറിന്റെ ‘പാഡ്മാന്‍’ ആണ് ആറാം സ്ഥാനത്ത്. രാംചരണ്‍ നായകനായ തെലുങ്ക് ചിത്രം ‘രംഗസ്ഥലം’ ആണ് ഏഴാം സ്ഥാനത്തുളളത്. എട്ടാം സ്ഥാനത്ത് ബോളിവുഡ് കോമഡി ഹൊറര്‍ ചിത്രമായ ‘സ്ത്രീ’ ആണുളളത്. ഒമ്പതും പത്തും സ്ഥാനത്ത് ആലിയ ഭട്ടിന്റെ ‘റാസി’യും രണ്‍ബീര്‍ കപൂര്‍ നായകനായ ‘സഞ്ജു’വും ആണുള്ളത്.