സിനിമകളുടെയും ടെലിവിഷൻ പ്രോഗ്രാമുകളുടെയും റേറ്റിംഗ് നിർണയിക്കുന്ന ലോകത്തെ ഏറ്റവും ജനപ്രിയ സൈറ്റായ ഐഎംഡിബിയുടെ (IMDb) മികച്ച ഇന്ത്യൻ ചലച്ചിത്രങ്ങളുടെ 2019 ലെ ലിസ്റ്റിൽ ഒന്നാമത് എത്തിയിരിക്കുകയാണ് മമ്മൂട്ടിയുടെ തമിഴ് ചിത്രം ‘പേരൻപ്’. ‘ഉറി’, ‘ഗള്ളി ബോയ്’​ എന്നീ ചിത്രങ്ങളെ പിന്നിലാക്കിയാണ് ‘പേരൻപ്’ ലിസ്റ്റിൽ ഒന്നാമത് എത്തിയിരിക്കുന്നത്.

Read in English: Peranbu beats Uri, Gully Boy to top IMDb’s Indian films list for 2019

സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷമായ ശാരീരിക-മാനസിക അവസ്ഥയുള്ള പാപ്പ (സാധന)യും ടാക്‌സി ഡ്രൈവറായ അമുദന്‍ എന്ന അവളുടെ അപ്പ (മമ്മൂട്ടി)യും തമ്മിലുള്ള വൈകാരിക ബന്ധമാണ് പേരന്‍പി’ന്റെ പ്രമേയം. അപ്രതീക്ഷിതമായി തന്നേയും മകളേയും ഉപേക്ഷിച്ച് ഭാര്യ മറ്റൊരു പുരുഷനൊപ്പം ജീവിക്കാന്‍ തീരുമാനിക്കുന്നതോടെ, പാപ്പയുടെ അപ്പയും അമ്മയുമെല്ലാമായി മാറുകയാണ് അമുദന്‍. എന്നാല്‍ കൗമാരത്തിലേക്ക് കാലെടുത്തു വയ്ക്കുന്നതോടെ പാപ്പയ്ക്ക് അമ്മ കൂടെയില്ലാത്തതിന്റെ വിഷമതകള്‍ അറിയേണ്ടി വരികയും പിന്നീട് ഇരുവരും കടന്നു പോകുന്ന ജീവിത സങ്കീര്‍ണതകളിലൂടെയുമാണ് കഥ വികസിക്കുന്നത്.

മമ്മൂട്ടിയെ കൂടാതെ അഞ്ജലി, സമുദ്രക്കനി എന്നിവർക്കൊപ്പം ട്രാൻസ്ജെൻഡറായ അഞ്ജലി അമീറും ചിത്രത്തിലുണ്ട്. ഇളയരാജയുടെ മകനും പ്രശസ്ത സംഗീത സംവിധായകനുമായ യുവന്‍ ശങ്കര്‍ രാജയാണ് സംഗീതമൊരുക്കിയത്. തേനി ഈശ്വര്‍ ക്യാമറയും സൂര്യ പ്രഥമൻ എഡിറ്റിങ്ങും നിര്‍വഹിച്ചു. എ എല്‍ തേനപ്പനാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. കൊടൈക്കനാലില്‍ ഒരുക്കിയ സെറ്റിലും ചെന്നൈയിലുമായാണ് ‘പേരന്‍പി’ന്റെ ചിത്രീകരണം നടന്നത്.

വളരെക്കാലത്തിനു ശേഷം മമ്മൂട്ടി അവതരിപ്പിക്കുന്ന വ്യത്യസ്ഥമായ ഒരു വേഷം, തികച്ചും വൈകാരികമായ ഒരു കഥയുടെ ഹൃദയസ്പര്‍ശിയായ അവതരണം, അച്ഛന്‍ വേഷത്തില്‍ എത്തുന്ന മമ്മൂട്ടിയുടെ അഭിനയം എന്നിവ കൊണ്ട് ശ്രദ്ധേയമാകുന്ന ‘പേരന്‍പ്’ തിയേറ്റര്‍ റിലീസ് സമയത്ത് തന്നെ പ്രേക്ഷക-നിരൂപക പ്രശംസ നേടിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook