നയൻതാര എന്ന പേര് മാത്രം മതി സിനിമാ പ്രേമികളെ തിയേറ്ററിൽ എത്തിക്കാന്‍. വ്യത്യസ്തമായ കഥകളും പ്രമേയങ്ങളും തിരഞ്ഞെടുത്തു കൊണ്ട്, തെന്നിന്ത്യന്‍ സിനിമയില്‍ തന്റേതായ പാത തെളിച്ചു മുന്നേറിക്കൊണ്ടിരിക്കുകയാണ് ഈ നടി. സൂപ്പര്‍താരങ്ങള്‍ക്കൊപ്പം ‘ലേഡി സൂപ്പര്‍സ്റ്റാര്‍’ എന്ന് ചേര്‍ത്ത് തമിഴകം ഈ പേര് വായിക്കുമ്പോള്‍ മലയാളിയ്ക്കും അഭിമാനിക്കാന്‍ വകയുണ്ട്. തിരുവല്ല സ്വദേശിയായ, മലയാളത്തില്‍ തുടക്കം കുറിച്ച ഈ നടിയുടെ രണ്ടു ചിത്രങ്ങളാണ് ഈ മാസം കേരളത്തിലെ തിയേറ്ററുകളിൽ എത്തിയത്. രണ്ടാഴ്ച മുമ്പ് ഇറങ്ങിയ ‘കോലമാവ് കോകില’ തിയേറ്ററുകളിൽ നിറഞ്ഞോടുന്നതിനിടയിലാണ് അടുത്ത ചിത്രമായ ‘ഇമൈക്കാ നൊടിഗള്‍’ എത്തിയിരിക്കുന്നത്. ‘കോലമാവ് കോകില’ പൂർണ്ണമായും ഒരു ‘നയൻതാര ചിത്ര’മാണെന്നിരിക്കെ, ‘ഇമൈക്കാ നൊടിഗൾ’ നയന്‍താര ഉള്‍പ്പെടുന്ന അഭിനയ -സാങ്കേതിക മികവിന്റെ കൂടിച്ചേരലാണ്.
ട്രെയിലറിൽ മിന്നിമറഞ്ഞ രംഗങ്ങൾ നല്കിയ പ്രതീക്ഷകൾ അസ്ഥാനത്താക്കാതെ തന്നെയാണ് എ.ആര്.മുരുഗദോസിന്റെ സഹായിയായി പ്രവർത്തിച്ച അജയ് ജ്ഞാനമുത്തു ‘ഇമൈക്കാ നൊടിഗൾ’ ഒരുക്കിയിരിക്കുന്നത്. അദ്ദേഹം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് സൈക്കോ ത്രില്ലര്‍ ഴാണറില്പ്പെട്ട ഈ ചിത്രം.
ബെംഗളൂരു നഗരത്തിൽ നടക്കുന്ന കൊലപാതകങ്ങളുടെ അന്വേഷണ ചുമതല സിബിഎ ഉദ്യോഗസ്ഥയായ അഞ്ജലിക്കാണ് (നയൻതാര). അഞ്ജലിയെ ഉന്നം വച്ചു കൊണ്ടാണ് സൈക്കോകില്ലർ (അനുരാഗ് കശ്യപ്) ഓരോ കൊലപാതകങ്ങളും ചെയ്യുന്നത്. എല്ലാ കൊലപാതകങ്ങളും കൃത്യമായ പ്ലാനിങ്ങോടെ ചെയ്യുകയും അന്വേഷണ ഉദ്യോഗസ്ഥരെ നോക്കുകുത്തികളാക്കി കില്ലർ രക്ഷപ്പെടുകയും ചെയ്യുന്നു.
ഒരർത്ഥത്തിൽ ഒരു ക്യാറ്റ് ആന്‍ഡ് മൗസ് പ്ലേ ആണ് സിനിമ. ഓരോ കൊലപാതകങ്ങളും നടത്തി സമർത്ഥമായി രക്ഷപ്പെടുന്ന കൊലയാളി ആരാണെന്ന് അറിയാനുള്ള അഞ്ജലിയുടെ യാത്ര. അവർക്ക് രണ്ടു പേർക്കുമിടയിലേക്ക് കടന്നു വരുന്ന മറ്റു കഥാപാത്രങ്ങൾ.
എന്തിനാണ് അയാൾ അഞ്ജലിയെ ഉന്നം വയ്ക്കുന്നത്…? പ്രേക്ഷകന്റെ ആ ചോദ്യത്തിനുള്ള ഉത്തരമാണ് സിനിമ പറയാന്‍ ശ്രമിക്കുന്നത്.
തമിഴ് സിനിമയുടെ സ്ഥിരം ചേരുവകളിൽ മുക്കിയെടുത്തു കൊണ്ട് പോകുന്ന സിനിമയുടെ ആദ്യ പകുതിയിൽ എവിടെയൊക്കെയോ സിനിമയ്ക്ക് ത്രില്ലർ സ്വഭാവം നഷ്ടപ്പെടുന്നുണ്ട്. ആദ്യ പകുതിയിലെ പ്രണയ രംഗങ്ങൾ കാണുന്ന പ്രേക്ഷകന് ത്രില്ലർ രംഗങ്ങളിലേക്ക് തിരിച്ചെത്താനുള്ള വ്യഗ്രത പലപ്പോഴും അനുഭവപ്പെടുന്നുണ്ട്. അഞ്ജലിയുടെ അനിയന്റെ (അതർവ്വ) പ്രണയവും അതെങ്ങിനെ അഞ്ജലി അന്വേഷിക്കുന്ന കൊലപാതകവുമായി ബന്ധപ്പെടുന്നു എന്ന പ്രേക്ഷകന്റെ ചിന്തകളും ശരി വയ്ക്കുന്നിടത്താണ് സിനിമയുടെ ആദ്യ പകുതി അവസാനിക്കുന്നത്.
എന്നാൽ രണ്ടാം പകുതി പൂർണമായും ത്രില്ലർ എന്ന ഴാനറിനോട് എന്നതിനോട് നീതി പുലർത്തിക്കൊണ്ടു തന്നെയാണ് മുന്നോട്ട് പോകുന്നത്. ആദ്യ പകുതിയേക്കാൾ മികച്ചു നിന്ന രണ്ടാം പകുതിയില്‍ ഒരു പ്രത്യേക ഘട്ടത്തിൽ എത്തുമ്പോൾ സംഭവിക്കുന്ന അപ്രതീക്ഷിതമായ ട്വിസ്റ്റ് പ്രേക്ഷകനെ കുറച്ചു നിമിഷത്തേക്ക് അമ്പരപ്പിക്കും. മൂന്ന് മണിക്കൂറിനടുത്തു ദൈർഘ്യമുള്ള ചിത്രത്തിൽ ഒന്നു കൂടെ വെട്ടിച്ചുരുക്കലുകൾ ഉണ്ടായിരുന്നെങ്കിൽ തീർച്ചയായും കൂടുതൽ മികച്ച ഒരു അനുഭവമായേനെ.
‘കോലമാവ് കോകില’ ഇറങ്ങി രണ്ടാഴ്ചയുടെ ഇടവേള എന്ന ചുരുങ്ങിയ കാലയളവിൽ തന്നെയാണ് ആണ് മറ്റൊരു നയൻതാര ചിത്രം കൂടെ തിയേറ്ററിൽ എത്തുന്നത്. എന്നാൽ രണ്ടു സിനിമകളിലെ കഥാപാത്രങ്ങളും തീർത്തും വ്യത്യസ്തവുമാണ് എന്നത് ഈ നടിയുടെ തിരഞ്ഞെടുപ്പുകളുടെ സൂക്ഷ്മത കാണിക്കുന്നു. വിജയ് സേതുപതിയുടെ സിനിമയിലെ വരവും പോക്കും മനസ്സ് നിറയ്ക്കും.
സിനിമയുടെ എല്ലാ മേഖലയിലും കഴിവ് തെളിയിച്ച ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് അഭിനയിക്കുന്ന ആദ്യ തമിഴ് ചിത്രം എന്ന പ്രത്യേകതയും ‘ഇമൈക്കാ നൊടിഗള്‍’ക്ക് ഉണ്ട്. ഇവർക്കൊപ്പം വിജയ് സേതുപതി (ആ പേരുണ്ടാക്കുന്ന ഓളം ചെറുതല്ല), അഥർവ്വ, രമേഷ് തിലക്, റാഷി ഖന്ന എന്നിവരുമുണ്ട്.
അനുരാഗ് കശ്യപിന്റെ സൈക്കോ കില്ലർ തീർച്ചയായും പ്രേക്ഷകന് പുതിയൊരു അനുഭവമായിരിക്കും. താൻ ചെയ്യുന്ന കൊലപാതകങ്ങളിലൂടെ കില്ലർ കണ്ടെത്തുന്ന ആനന്ദം കൃത്യമായി പ്രേക്ഷകനിലേക്ക് എത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. അത്തരം സിനിമാ അനുഭവങ്ങൾ ഒരുപാട് സമ്മാനിച്ച ആൾ എന്ന നിലയിൽ അനുരാഗ് കാശ്യപിന്റെ കൈയ്യിൽ കഥാപാത്രം ഭദ്രമായിരുന്നു എന്ന് വേണം പറയാൻ. അഭിനയത്തിലെ അരങ്ങേറ്റം പിഴച്ചില്ല. അഥർവ്വ, റാഷി ഖന്ന, രമേഷ് തിലക് തുടങ്ങിയവരും തങ്ങളുടെ ഭാഗങ്ങൾ മികവുറ്റതാക്കി. മലയാളത്തിനു സുപരിചിതനായ നടൻ ദേവനും ചിത്രത്തിൽ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. നയൻതാരയുടെ മകളായി അഭിനയിച്ച കുട്ടിയുടെ പ്രകടനവും എടുത്തു എടുത്തു പറയേണ്ടതാണ്.
കഥാപാത്രങ്ങളുടെ ഉള്ളനുഭവങ്ങളെ തിരക്കഥയിലേക്ക് കൊണ്ടു വരാൻ സംവിധായകൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. അതിൽ പലയിടത്തും സംവിധായകൻ വിജയിക്കുകയും ചെയ്തു. തമിഴ് സിനിമയിൽ അടുത്ത കാലത്തിറങ്ങിയ ‘തനി ഒരുവൻ’, ‘തുപ്പരിവാലൻ’, ‘ഇരുമ്പുത്തിരൈ’ തുടങ്ങിയ ചിത്രങ്ങളിലേത് പോലെ തന്നെ കേന്ദ്ര കഥാപാത്രത്തേക്കാള്‍ തെളിഞ്ഞു നിൽക്കുന്ന വില്ലനെ ഈ ചിത്രത്തിലും കാണാം.
പശ്ചാത്തല സംഗീതം നന്നായപ്പോൾ ചിത്രത്തിലെ ഗാനങ്ങൾ ശരാശരി നിലവാരം പുലര്‍ത്തുന്നവയാണ്. ആദ്യ പകുതിയിലെ പ്രണയ ഗാനങ്ങൾ പ്രേക്ഷകന് രുചിക്കാതെ കടന്നു പോകുന്നു. രണ്ടാം പകുതിയിലെ ഗാനം ആദ്യ പകുതിയിലെ ഗാനത്തിനേക്കാൾ കുറച്ചു കൂടെ മികച്ചു നിന്നു. ഹിപ്ഹോപ് തമിഴയാണ് സംഗീതം നിർവ്വഹിച്ചിരിക്കുന്നത്.
ഒരു ത്രില്ലർ സിനിമയുടെ സ്വഭാവത്തിനനുസരിച്ചുള്ള ആര്.ഡി.രാജശേഖറിന്റെ ക്യാമറയും ഭുവന് ശ്രീനിവാസന്റെ എഡിറ്റിങ്ങും നന്നായി.
ഒന്നിലധികം വെടിയേറ്റിട്ടും കൂടുതൽ കരുത്തോടെ മുന്നേറുന്ന നായക സങ്കല്പം ഇവിടെയും അതേപടി പിന്തുടരുന്നത് കാണാം. എന്നിരുന്നാലും ഉദ്വേഗത്തിന്റെ ചരട് പൊട്ടാതെ കണ്ടിരിക്കാൻ പറ്റുന്ന ഒരു സിനിമ തന്നെയാണ് ‘ഇമൈക്കാ നൊടിഗൾ’.
Read More: Imaikkaa Nodigal movie review: Anurag Kashyap sparkles in this good suspense drama