ദീപാവലി റിലീസായെത്തിയ വിജയ്‌യുടെ ‘ബിഗിൽ’ സിനിമയിൽ വില്ലൻ വേഷം അവതരിപ്പിച്ചത് മലയാളികളുടെ പ്രിയ ഫുട്ബോൾ താരം ഐ.എം.വിജയനാണ്. തമിഴകത്ത് വിജയൻ സുപരിചിതനാണ്. ‘തിമിറ്’, ‘കൊമ്പൻ’, ‘ഗണേശ മീണ്ടും സന്തിപ്പോം’ എന്നീ തമിഴ് സിനിമകളിൽ വിജയൻ അഭിനയിച്ചിട്ടുണ്ട്. സംവിധായകൻ ജയരാജിന്റെ ‘ശാന്തം’ സിനിമയിലൂടെ അഭിനയരംഗത്തെത്തിയ വിജയൻ മലയാളത്തിലും തമിഴിലുമായി 20 ഓളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.

ബിഗിലിൽ റെബ മോണിക്ക ജോൺ, നയൻതാര എന്നിവർക്കു പുറമേയുളള മലയാളി സാന്നിധ്യമാണ് വിജയൻ. ദളപതി വിജയ്‌ക്കൊപ്പം വിജയൻ അഭിനയിക്കുന്നത് ഇതാദ്യമാണ്. സെറ്റിലെത്തി ആദ്യമായി വിജയ്ക്ക് കൈകൊടുത്ത നിമിഷം മറക്കാനാവില്ലെന്നാണ് മനോര ന്യൂസ് ഡോട്കോമിനു നൽകിയ അഭിമുഖത്തിൽ വിജയൻ പറയുന്നത്. ആദ്യം തന്നെ ഞാൻ പറഞ്ഞൂ, സാർ ഞാനൊരു അഭിനേതാവല്ല, ഫുട്ബോൾ കളിക്കാരനാണ്. അതിനെന്താണ് സാർ, ദേശീയതലത്തിലെ കളിക്കാരനാണെന്ന് എനിക്കറിയാവുന്നതല്ലേ എന്നായിരുന്നു വിജയ്‌യുടെ മറുപടിയെന്ന് വിജയൻ അഭിമുഖത്തിൽ പറഞ്ഞു. മറഡോണയോടൊപ്പം ഫുട്ബോൾ കളിച്ചപ്പോൾ തോന്നിയ അതേ വികാരമാണ് വിജയ്‍ക്കൊപ്പം അഭിനയിച്ചപ്പോൾ തോന്നിയതെന്നും വിജയൻ പറഞ്ഞു.

Vijay ‘Bigil’ Movie Review: ‘ബിഗിലി’ല്‍ ഫുട്‌ബോള്‍ ‘രക്ഷകന്‍’; മാറ്റങ്ങളില്ലാതെ വിജയ്

വിജയ് വളരെ സിംപിളാണെന്ന് കൂടെ അഭിനയിച്ച പല അഭിനേതാക്കളും പറഞ്ഞിട്ടുണ്ട്. ഐ.എം.വിജയനും പറയാനുണ്ടായിരുന്നത് അതായിരുന്നു. ”എന്റെ ഭാര്യയും മക്കളും വിജയ്‌യുടെ ആരാധകരാണ്. അവരെക്കൂടി ഒരു ദിവസം സെറ്റിലേക്ക് വിളിച്ചോട്ടെയന്ന് ഞാൻ ചോദിച്ചിരുന്നു.എന്റെ ഭാര്യ വിജയിയെ കാണാൻ എത്തിയപ്പോൾ അദ്ദേഹം എഴുന്നേറ്റിട്ട് ഇരിക്കാൻ കസേര ഇട്ടുകൊടുത്തു. അതൊക്കെ ഒരു സൂപ്പർസ്റ്റാർ ചെയ്യുമെന്ന് വിശ്വസിക്കാനായില്ല” വിജയൻ അഭിമുഖത്തിൽ പങ്കുവച്ചു.

”സിനിമയിൽ ഒരു സീനിൽ വിജയ്‌യുടെ നെഞ്ചത്ത് ഞാൻ ചവിടുന്നുണ്ട്. സംവിധായകൻ ആറ്റ്‌ലിയോട് ഇതെങ്ങനെ ചെയ്യും? ഞാൻ എങ്ങനെ ചവിട്ടുമെന്ന് ചോദിക്കുന്നത് വിജയ് കേട്ടു. അദ്ദേഹം വന്നിട്ട് എന്റെ കാലെടുത്ത് നെഞ്ചത്തുവച്ചിട്ട് സാർ ഇങ്ങനെ ചവിട്ടിക്കോളൂ, ഒരു കുഴപ്പവുമില്ല എന്നു പറഞ്ഞു” വിജയൻ പറഞ്ഞു.

Vijay ‘Bigil’ Full Movie leaked online in Tamilrockers: വിജയ്‌-നയന്‍‌താര ചിത്രം ‘ബിഗില്‍’ തമിള്‍റോക്കേര്‍സില്‍

വിജയ് ആരാധകർ കാത്തിരിക്കുന്ന മാസ് സിനിമ ‘ബിഗിൽ’ ഒക്ടോബർ 25 റിലീസ് ചെയ്തത്. കേരളത്തിൽ 250 സ്ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. കേരളത്തിൽ ആദ്യ ദിനം 300 ഫാൻസ് ഷോകളും ഉണ്ടായിരുന്നു. തമിഴ്നാട്ടിൽ ഏകദേശം 700 സ്ക്രീനുകളിലും, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ 650 ലും, കർണാടകയിൽ 400 ലും, നോർത്ത് ഇന്ത്യയിൽ 250 സ്ക്രീനുകളിലും ചിത്രം പ്രദർശനത്തിനെത്തി.

ഹിറ്റ് ചിത്രങ്ങളായ തെറിക്കും മെര്‍സലിനും ശേഷം വിജയ്‌യും ആറ്റ്‌ലിയും ഒരുമിക്കുന്ന ചിത്രമാണ് ‘ബിഗിൽ’. സ്‌പോർട്സ് സിനിമയാണ് ബിഗിൽ. നയന്‍താരയാണ് ചിത്രത്തിലെ നായിക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook