പ്രശസ്ത നടന്‍ നാനാ പടേക്കര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന നടി തനുശ്രീ ദത്തയുടെ ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞുമാറി ബോളിവുഡ് താരം അമിതാഭ് ബച്ചന്‍. തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചില്‍ വച്ച് മാധ്യമപ്രവര്‍ത്തകര്‍ ഇതേ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു വ്യക്തമായി ഉത്തരം പറയാതെ ബച്ചന്‍ ഒഴിഞ്ഞുമാറിയത്.

‘എന്റെ പേര് തനുശ്രീയെന്നോ നാനാ പടേക്കര്‍ എന്നോ അല്ല. പിന്നെങ്ങനെയാണ് ഞാനീ ചോദ്യത്തിന് മറുപടി പറയുക?’ എന്നായിരുന്നു ബച്ചന്റെ പ്രതിരണം.

അതേസമയം ചടങ്ങില്‍ പങ്കെടുത്ത നടന്‍ ആമിര്‍ ഖാനോട് ഈ ചോദ്യം ചോദിച്ചപ്പോള്‍ ‘ഒരു കാര്യത്തിന്റെ സത്യാവസ്ഥ എന്തെന്നറിയാതെ അതേക്കുറിച്ച് എന്തെങ്കിലും പ്രതികരിക്കാന്‍ സാധിക്കുമെന്ന് എനിക്കു തോന്നുന്നില്ല. അത് ശരിയാണെന്നും കരുതുന്നില്ല. പക്ഷെ ഇത്തരം സംഭവങ്ങള്‍ എപ്പോഴായാലും നടക്കുന്നത് ദുഃഖകരമാണ്. അതു സംഭവിച്ചിട്ടുണ്ടോ ഇല്ലയോ എന്നത് അന്വേഷിച്ച് കണ്ടെത്തണം,’ എന്നായിരുന്നു ആമിറിന്റെ പ്രതികരണം.

2008ലാണ് തനുശ്രീ ആദ്യമായി നാനയ്‌ക്കെതിരെ ലൈംഗികാരോപണം ഉന്നയിക്കുന്നത്. പത്ത് വര്‍ഷം മുമ്പ് ടഹോണ്‍ ഓകെ പ്ലീസ്ട എന്ന ചിത്രത്തിന്റെ സെറ്റില്‍ തന്നെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചത് നാനാ പടേക്കര്‍ ആണെന്ന് സൂം ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം വെളിപ്പെടുത്തിയത്. പത്ത് വര്‍ഷം മുമ്പ് നടന്ന ഈ സംഭവം സിനിമാ മേഖലയിലെ എല്ലാവര്‍ക്കും അറിവുള്ളതാണെന്നും എന്നാല്‍ ആരും തന്നെ നാനാ പടേക്കര്‍ക്കെതിരെ ഒരു ചെറുവിരല്‍ പോലും അനക്കിയില്ലെന്നും തനുശ്രീ കുറ്റപ്പെടുത്തി.

സിനിമയില്‍ താന്‍ ചെയ്യുന്ന വേഷങ്ങള്‍ ആളുകള്‍ക്കിടയില്‍ തന്നെക്കുറിച്ച് മോശമായ ധാരണകള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും എന്നാല്‍ ദേശീയ പുരസ്‌കാരം ലഭിച്ചതുകൊണ്ടു മാത്രം ഒരാള്‍ നല്ല മനുഷ്യനായിക്കൊള്ളണമെന്നില്ലെന്നും തനുശ്രീ തുറന്നടിച്ചു.

ഇതിന്റെ പേരില്‍ പലതരത്തിലുള്ള ആക്രമണങ്ങള്‍ക്ക് താന്‍ വിധേയയായിട്ടുണ്ടെന്നും, തന്റെ കുടുംബത്തെ പോലും മാനസികമായി ആക്രമിച്ചിട്ടുണ്ടെന്നും തന്നെ നിശബ്ദയാക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും തനുശ്രീ വെളിപ്പെടുത്തി.

ആഷിഖ് ബനായാ ആപ്‌നേ എന്ന സിനിമയിലൂടെയാണ് തനുശ്രീ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചത്. ദോള്‍, ഗുഡ് ബോയ് ബാഡ് ബോയ്, അപ്പാര്‍ട്ട്‌മെന്റ് തുടങ്ങിയ സിനിമകളില്‍ തനുശ്രീ അഭിനയിച്ചിട്ടുണ്ട്.

രാധിക ആപ്തെ, റിച്ച ഛദ്ദ, സ്വര ഭാസ്‌കരര്‍, കൊങ്കണ സെന്‍ ശര്‍മ എന്നിവര്‍ക്ക് ശേഷം ബോളിവുഡില്‍ നിന്ന് ലൈംഗിക പീഡനത്തെയോ ചൂഷണത്തെ പറ്റിയോ വെളിപ്പെടുത്തുന്ന നടിയാണ് തനുശ്രീ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook