തെന്നിന്ത്യൻ സിനിമാലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന മണിരത്നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിൻ സെൽവൻ’ നാളെ തിയേറ്ററുകളിലേക്ക് എത്തുകയാണ്. ഐശ്വര്യറായി ബച്ചൻ, ചിയാൻ വിക്രം, കാർത്തി, ജയം രവി, തൃഷ, ജയറാം, ഐശ്വര്യ ലക്ഷ്മി, നാസർ, സത്യരാജ്, പാർത്ഥിപൻ, ശരത് കുമാർ, ലാല്‍, റഹ്മാന്‍, പ്രഭു, അദിതി റാവു ഹൈദരി തുടങ്ങി വലിയൊരു താരനിര തന്നെ ഈ പീരീഡ് ചിത്രത്തിലുണ്ട്.
ചിത്രത്തിൽ നന്ദിനി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഐശ്വര്യറായി ബച്ചനാണ്. നടി മീന ഐശ്വര്യ റായിയെ കുറിച്ചു പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഐശ്വര്യ റായിയോട് തനിക്ക് അസൂയ തോന്നുന്നു എന്നാണ് മീന കുറിക്കുന്നത്. അസൂയയ്ക്ക് പിറകിലുള്ള കാരണവും മീന കുറിപ്പിൽ പറയുന്നു.
“ഓകെ, എനിക്കിത് ഇനിയും മൂടിവെക്കാൻ കഴിയില്ല. അത് എന്നെ ശ്വാസം മുട്ടിക്കുന്നു. എന്റെ നെഞ്ചിൽ നിന്നും അതൊഴിവാക്കണം. ഞാൻ അസൂയാലുവാണ്! ജീവിതത്തിൽ ആദ്യമായി ഒരാളോട് എനിക്ക് അസൂയ തോന്നുന്നു. ഐശ്വര്യ റായ് ബച്ചൻ, കാരണം ഐശ്യര്യയ്ക്ക് പൊന്നിയിൻ സെൽവനിൽ എന്റെ സ്വപ്ന കഥാപാത്രമായ നന്ദിനിയെ അവതരിപ്പിക്കാൻ അവസരം കിട്ടി,” മീന കുറിക്കുന്നു.
ലൈക്ക പ്രൊഡക്ഷൻസ്, മദ്രാസ് ടാല്‍കീസ് എന്നിവര്‍ സംയുക്തമായി നിർമ്മിക്കുന്ന പൊന്നിയിൻ സെൽവൻ തമിഴ്, മലയാളം, തെലുങ്ക്, കന്നട, ഹിന്ദി എന്നിങ്ങനെ അഞ്ചു ഭാഷകളിലായിട്ടാണ് റിലീസിനെത്തുക. അഞ്ഞൂറ് കോടി മുതൽമുടക്കിലാണ് ഈ ബ്രഹ്മാണ്ഡചിത്രം ഒരുങ്ങുന്നത്. രണ്ടു ഭാഗങ്ങളായിട്ടാണ് ചിത്രം റിലീസ് ചെയ്യുന്നത്. പൊന്നിയിന്‍ സെല്‍വന്‍’ എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മണിരത്നം, കുമരവേല്‍, ജയമോഹന്‍ (സംഭാഷണം) എന്നിവര്‍ ചേര്‍ന്നാണ്. ക്യാമറ കൈകാര്യം ചെയ്യുന്നത് രവി വര്‍മ്മന്‍, ചിത്രസന്നിവേശം ശ്രീകര്‍ പ്രസാദ്, കലാസംവിധാനം തൊട്ടാധരണി, സംഗീതം എ ആര്‍ റഹ്മാന്‍.