കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ കൂടുതൽ സിനിമകൾ ഡിജിറ്റൽ റിലീസ് ചെയ്യപ്പെടുന്നതിനെതിരേ നിർമ്മാതാക്കളുടെ സംഘടനയും തിയേറ്റർ ഉടമകളുടെ കൂട്ടായ്മയുമെല്ലാം അതൃപ്തി പ്രകടിപ്പിക്കുന്നുണ്ട്. ഏറ്റവുമൊടുവിൽ മൾട്ടിപ്ലക്സ് ഉടമകളായ കാർണിവൽ സിനിമാസും ഡിജിറ്റൽ റിലീസിൽ അതൃപ്തി പ്രകടിപ്പിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. ഏഴോളം ബിഗ് ടിക്കറ്റ് ബോളിവുഡ് ചിത്രങ്ങൾ റിലീസ് ചെയ്യുമെന്ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെയാണ് കാർണിവൽ സിനിമാസ് തങ്ങളുടെ അതൃപ്തി രേഖപ്പെടുത്തിയിരിക്കുന്നത്.
ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള സമയപരിധിക്കുള്ളിൽ ഏഴോളം ചിത്രങ്ങളാണ് ഡിസ്നി ഹോട്സ്റ്റാർ റിലീസ് ചെയ്യുന്നത്. സുശാന്ത് സിങ് രജ്പുതിന്റെ ‘ദിൽ ബെച്ചാര’, അക്ഷയ് കുമാർ ചിത്രം ‘ലക്ഷ്മി ബോംബ്’, ആലിയ ഭട്ടിന്റെ ‘സടക് 2’, അഭിഷേക് ബച്ചന്റെ ‘ദ ബിഗ് ബുൾ’, അജയ് ദേവ്ഗണിന്റെ ‘ബുജ്: ദ പ്രൈഡ് ഓഫ് ഇന്ത്യ’, വിദ്യത് ജംവാലിന്റെ ‘ഖുദാഫിസ്’, കുമാൽ ഖേമുവിന്റെ ‘ലൂട്ട്കേസ്’ എന്നീ ചിത്രങ്ങളാണ് ഹോട്ട്സ്റ്റാർ റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്.
മറ്റു പ്ലാറ്റ് ഫോമുകളിലും ചിത്രങ്ങൾ ഡിജിറ്റൽ റിലീസ് ചെയ്യാനാരംഭിച്ചിട്ടുണ്ട്. മലയാളത്തിൽ അതിഥി റായ് ഹൈദരിയും ജയസൂര്യയും അഭിനയിക്കുന്ന സൂഫിയും സുജാതയുമാണ് ഇത്തരത്തിൽ റിലീസ് ചെയ്യുന്ന ആദ്യ ചിത്രം. ജൂലൈ മൂന്നിന് ആമസോൺ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
Read More: ഇതേറെ നിരാശാജനകമാണ്; ചിത്രങ്ങളുടെ ഡിജിറ്റൽ റിലീസിൽ അതൃപ്തി പ്രകടിപ്പിച്ച് കാർണിവൽ സിനിമാസ്
ആമിർ ഖാന്റെ ജീവനക്കാരിൽ ചിലർക്ക് കോവിഡ്
ബോളിവുഡ് താരം ആമിർ ഖാന്റെ ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആമിർ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ഇക്കാര്യം അറിയിച്ചത്. രോഗം സ്ഥിരീകരിച്ചവരെയെല്ലാം ഉടൻ തന്നെ ക്വാറന്റൈനിൽ പ്രവേശിച്ചതായും ആമിർ ഖാൻ വ്യക്തമാക്കി.
“നമസ്കാരം, എന്റെ ചില ജീവനക്കാർക്ക് കോവിഡ് പരിശോധന നടത്തുകയും രോഗം സ്ഥിരീകരിക്കുകയും ചെയ്തതായി അറിയിക്കട്ടെ. അവരെ എല്ലാവരെയും ഉടൻ തന്നെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.,”ആമിർ ഖാൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. മറ്റുള്ളവരുടെ പരിശോധന ഫലം നെഗറ്റീവാണെന്നും അമ്മയുടേതാണ് അവസാനം പരിശോധിക്കാൻ പോകുന്ന സാമ്പിളെന്നും എല്ലാവരും പ്രാർത്ഥിക്കണമെന്നും താരം ആവശ്യപ്പെട്ടു.
വിവാദങ്ങൾക്ക് ഒടുവിൽ ചിത്രീകരണം പൂർത്തിയാക്കി ‘വെയിൽ’
‘വെയിൽ’ എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങളാണ് മലയാളസിനിമയിൽ ഉണ്ടായത്. ഷെയ്ൻ നിഗം ഷൂട്ടിംഗുമായി സഹകരിക്കുന്നില്ലെന്നും കരാർ ലംഘിച്ച് ഷെയ്ൻ മുടിവെട്ടി എന്നതുമൊക്കെ വലിയ വിവാദങ്ങളിലേക്ക് നയിക്കുകയും ഷെയ്ൻ നിഗത്തിന് വിലക്ക് ഏർപ്പെടുത്താൻ കാരണമാവുകയും ചെയ്തിരുന്നു. എന്നാൽ വിവാദങ്ങൾക്ക് ഒടുവിൽ കാർമേഘങ്ങൾ ഒഴിഞ്ഞിരിക്കുകയാണ് ഇപ്പോൾ. ഏറെ നാൾ നീണ്ട പ്രതിസന്ധികൾക്ക് ഒടുവിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയിരിക്കുകയാണ്. നിർമാതാവ് ജോബി ജോർജ് ആണ് ഈ സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ഷെയ്നിനൊപ്പമുള്ള ഒരു ചിത്രവും ജോബി പങ്കുവച്ചിട്ടുണ്ട്.
“ഇന്ന് ‘വെയിലി’ന്റെ ചിത്രീകരണ പൂർണമായും തീർന്നു.. കാർമേഘങ്ങൾ ഒഴിഞ്ഞു പോയി.. ഈ വെയിൽ പൂർണ്ണ ശോഭയിൽ തെളിയും. നിങ്ങൾക്കു മുൻപിൽ ഉടൻ,” എന്നാണ് ജോബി കുറിച്ചത്.
ഏറ്റവും പേടി മരണത്തെ, സുശാന്ത് ഒരിക്കൽ പറഞ്ഞത്
സുശാന്ത് സിങ് രജ്പുത്തിന്റെ ആത്മഹത്യയേൽപ്പിച്ച ഷോക്കിൽ നിന്നും ഇനിയും മുക്തരായിട്ടില്ല കുടുംബാംഗങ്ങളും സുഹൃത്തുക്കളുമൊന്നും. സുശാന്തിന്റെ പഴയകാല അഭിമുഖങ്ങളും താരവുമായി ബന്ധപ്പെട്ട ഓർമകളുമൊക്കെ ഒരോ ദിനം കഴിയുന്തോറും സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുകയാണ്. ‘സ്റ്റാറി നൈറ്റ്സ്’ എന്ന ടെലിവിഷൻ പരിപാടിയിൽ പങ്കെടുക്കവേ സുശാന്ത് പറഞ്ഞ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്.
View this post on Instagram
I don’t Believe that SSR death was a Suicide #sushantsinghrajput #cbienquiryforsushant #loveusushant
ഏറ്റവും പേടി എന്തിനെയെന്ന ചോദ്യത്തിന്, മരണത്തെയാണ് ഏറ്റവും ഭയക്കുന്നത് എന്നാണ് സുശാന്ത് മറുപടി നൽകുന്നത്. സുശാന്തിന്റെ വാക്കുകൾ കേട്ടാൽ, മരണത്തെ ഇത്രയും ഭയന്നിരുന്ന ഒരാൾ ആത്മഹത്യ ചെയ്തു എന്നത് അവിശ്വസനീയമായി തോന്നാം. ആ അവിശ്വസനീയതയാണ് ആരാധകരും പങ്കുവയ്ക്കുന്നത്.
‘കപ്പേള’യ്ക്ക് കയ്യടിച്ച് അനുരാഗ് കശ്യപ്
നടനും ദേശീയ പുരസ്കാര ജേതാവുമായ മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്ത ചിത്രം ‘കപ്പേള’യ്ക്ക് അഭിനന്ദനവുമായി ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്. ‘എത്ര മഹത്തരമായ ചിത്രം, അസാധ്യ തിരക്കഥ. മുസ്തഫയുടെ അടുത്തചിത്രത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു’ എന്നാണ് ചിത്രത്തെക്കുറിച്ച് അനുരാഗ് കശ്യപ് ട്വീറ്റ് ചെയ്തത്.
What a great first film Muhammed Mustafa’s “Kappela” is .. such an incredible screenplay .. I just did not see it coming .. would be looking forward to his next films . Streaming on @NetflixIndia
— Anurag Kashyap (@anuragkashyap72) June 29, 2020
മികച്ച അഭിപ്രായങ്ങളുമായി സിനിമ മുന്നോട്ടുപോകുമ്പോഴാണ് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സിനിമ തിയേറ്ററുകളിൽ നിന്നും പിൻവലിച്ചത്. പിന്നീട് ചിത്രം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യുകയായിരുന്നു. ചിത്രം നെറ്റ്ഫ്ളിക്സിൽ റിലീസായപ്പോൾ വൻ സ്വീകാര്യതയാണ് മലയാളി പ്രേക്ഷകരിൽ നിന്നു ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഓർമചിത്രങ്ങൾ പങ്കുവച്ച് ദിലീഷ് പോത്തൻ
മൂന്നു ദേശീയ പുരസ്കാരങ്ങളും രണ്ട് സംസ്ഥാന പുരസ്കാരങ്ങളുമടക്കം നിരവധിയേറെ അവാർഡുകൾ വാരിക്കൂട്ടിയ ചിത്രമായിരുന്നു ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’. ചിത്രം തിയേറ്ററുകളിലെത്തിയിട്ട് മൂന്നു വർഷം പൂർത്തിയാകുമ്പോൾ ലൊക്കേഷൻ ഓർമകളും ചിത്രങ്ങളും പങ്കുവയ്ക്കുകയാണ് സംവിധായകൻ ദിലീഷ് പോത്തൻ.
‘കൂട്ടായ്മയുടെ മൂന്നുവർഷങ്ങൾ’ എന്നാണ് ദിലീഷ് പോത്തൻ കുറിക്കുന്നത്. ഫഹദ് ഫാസിൽ, സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചലച്ചിത്രത്തിന്റെ തിരക്കഥ രചിച്ചത് സജീവ് പാഴൂർ ആയിരുന്നു. രാജീവ് രവിയായിരുന്നു ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത്. ബിജിബാലിന്റെ സംഗീതവും റഫീഖ് അഹമ്മദിന്റെ ഗാനങ്ങളുമെല്ലാം ചിത്രത്തെ മികച്ചൊരു അനുഭവമാക്കാൻ സഹായിച്ചിട്ടുണ്ട്.
ലക്ഷ്മി രാമകൃഷ്ണന് മറുപടിയുമായി വനിത
നടി വനിത വിജയകുമാറും പീറ്റർ പോളും തമ്മിലുള്ള വിവാഹവും അതിനു പിന്നാലെ പീറ്ററിന്റെ മുൻഭാര്യ രംഗത്തു വന്നതുമെല്ലാം ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. വിവാഹത്തെ തുടർന്നുണ്ടായ വിവാദങ്ങളിൽ തന്റെ അഭിപ്രായവുമായി നടി ലക്ഷ്മി രാമകൃഷ്ൻ രംഗത്ത് വന്നിരുന്നു. തന്റെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപ്പെട്ട ലക്ഷ്മിയ്ക്ക് മറുപടി നൽകുകയാണ് വനിത വിജയകുമാർ.
“വിവാഹവാർത്ത ഇപ്പോഴാണ് കണ്ടത്. മുൻപ് തന്നെ വിവാഹിതനും രണ്ടുകുട്ടികളുടെ അച്ഛനുമായ ആൾ വിവാഹമോചിതനല്ല! ഞെട്ടിപ്പോയി. എന്തിനാണ് പ്രതികരിക്കാൻ അയാളുടെ ആദ്യഭാര്യ ഇത്രനാൾ കാത്തിരുന്നത്, അവർക്കത് തടയാമായിരുന്നില്ലേ?” എന്നായിരന്നു ലക്ഷ്മിയുടെ ട്വീറ്റ്.
I just watched the news!! The man is already married and having two kids, not divorced!!! How can someone with education and exposure make such a blunder?!! Shocked!!! Why did the first wife wait till the #VanithaPeterpaulWedding got over , why didn’t she stop it?
— Lakshmy Ramakrishnan (@LakshmyRamki) June 28, 2020
ലക്ഷ്മിയുടെ അനാവശ്യ ഇടപെടൽ വനിതയെ ചൊടിപ്പിച്ചിരിക്കുകയാണ്. എന്റെ കാര്യം നോക്കാൻ എനിക്കറിയാമെന്നാണ് ലക്ഷ്മിക്ക് വനിതയുടെ മറുപടി. “രണ്ട് ആളുകൾ വേർപിരിയുകയോ വിവാഹമോചനം നേടുകയോ ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങൾക്കറിയാമോ? നിങ്ങൾ അതിൽ പങ്കാളിയല്ലാത്തിടത്തോളം ഇടപെടേണ്ടത് നിങ്ങളുടെ ബിസിനസ്സല്ല. അവരുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഞാനും ഇടപെടുന്നില്ല. നിങ്ങൾ നിങ്ങളുടെ കാര്യം നോക്കുക, നിങ്ങളറിയാത്ത ഒരാളെ കുറിച്ച് ആശങ്കപെടാതിരിക്കുക,”- വനിത ട്വീറ്റ് ചെയ്തു.