സമീപകാലത്ത് സിനിമാ ലോകം ഏറെ ഗൗരവ്വത്തോടെ ചര്‍ച്ച ചെയ്ത വിഷയമാണ് കാസ്റ്റിംഗ് കൗച്ച്. പല താരങ്ങളുടേയും വെളിപ്പെടുത്തല്‍ ലോകത്തെ ഞെട്ടിക്കുന്നതായിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ് നടി ഇലിയാന ഡിക്രൂസ്. കേള്‍ക്കുമ്പോള്‍ ഭീരുത്വമെന്ന് തോന്നുമെങ്കിലും കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് തുറന്നു പറഞ്ഞാല്‍ താരങ്ങള്‍ക്ക് കരിയര്‍ തന്നെ നഷ്ടമാകുമെന്നായിരുന്നു ഇലിയാനയുടെ പ്രതികരണം.

‘ഏതെങ്കിലും എ ലിസ്റ്റ് താരത്തിനെതിരെയാണ് ആരോപണമുയര്‍ന്നത് എന്ന് വെക്കുക, എ ലിസ്റ്റ് നടിമാരടക്കം ഒരുപാട് പേര്‍ മുന്നോട്ട് വന്നാല്‍ മാത്രമേ മാറ്റമുണ്ടാകൂ. ഒരുപാട് ശബ്ദങ്ങളുയര്‍ന്നാല്‍ മാത്രമേ വലിയ താരങ്ങള്‍ക്ക് അത്തരത്തിലൊരു വൃത്തികെട്ട വശമുണ്ടെന്ന് ജനങ്ങള്‍ അംഗീകരിക്കുകയുള്ളൂ.’ ഇലിയാന പറയുന്നു.

നടന്മാരെ ആരാധിക്കുന്ന നാടാണ് ഇന്ത്യയെന്നും ഇലിയാന പറയുന്നു.’ ചിലപ്പോള്‍ ഭീരുത്വമെന്ന് തോന്നാം, പക്ഷെ നിങ്ങള്‍ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് സംസാരിച്ചാല്‍ നിങ്ങളുടെ കരിയര്‍ അവസാനിച്ചിരിക്കും.’ താരം വ്യക്താമാക്കുന്നു. ബോംബെ ടൈംസിനോടായിരുന്നു വിഷയത്തില്‍ തന്റെ അഭിപ്രായം ഇലിയാന തുറന്നു പറഞ്ഞത്.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടി റിച്ചാ ചദ്ദയും കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് തുറന്നടിച്ചിരുന്നു. തനിക്ക് സുരക്ഷയും ജീവിതമാര്‍ഗ്ഗവും ഉറപ്പു നല്‍കിയാല്‍ കാസ്റ്റിംഗ് കൗച്ചിലുള്‍പ്പെട്ട താരങ്ങളുടെ പേരുകള്‍ പറയാമെന്നായിരുന്നു റിച്ചയുടെ പ്രതികരണം.

കാസ്റ്റിംഗ് കൗച്ചടക്കമുള്ള സിനിമാ മേഖലയിലെ ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ ആരംഭിച്ച മീ റ്റൂ ക്യാമ്പയിന്‍ ഹോളിവുഡില്‍ നിന്നുമാരംഭിച്ച മലയാള സിനിമ വരെ എത്തിയിരുന്നു. ഹാര്‍വി വെയ്ന്‍സ്റ്റീനെതിരായ തുറന്നു പറച്ചിലുകളായിരുന്നു സിനിമാ ലോകത്തെ ഐതിഹാസികമായ മീ റ്റൂ ക്യാമ്പയിലേക്ക് എത്തിച്ചത്. സംഭവത്തിന്റെ തുടര്‍ച്ചയെന്നോളം ഇന്ത്യയില്‍ നിന്നും നിരവധി നടിമാര്‍ തങ്ങള്‍ക്കുണ്ടായ അനുഭവങ്ങള്‍ തുറന്നു പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ