ആരാധകരിൽനിന്നുമുണ്ടായ മോശം പെരുമാറ്റത്തിനെതിരെ തുറന്നടിച്ചിരിക്കുകയാണ് നടി ഇല്യാന. ഇന്നലെ തന്റെ ട്വിറ്റർ പേജിൽ ഇല്യാന ചില വാചകങ്ങൾ ട്വീറ്റ് ചെയ്തു. ”മനോഹരമായ ലോകത്താണ് നാം ജീവിക്കുന്നത്. ഞാനൊരു പബ്ലിക് ഫിഗറാണ്. ആഡംബരം നിറഞ്ഞതോ അജ്ഞാതമായതോ ആയ ജീവിതമല്ല എന്റേതെന്നെും എനിക്കറിയാം. എന്നോട് അപമര്യാദയായി പെരുമാറാൻ ഒരു പുരുഷനും ഞാൻ അവകാശം നൽകിയിട്ടില്ല. ഇതിൽ എന്റെ ആരാധകർ ആശയക്കുഴപ്പത്തിലാകരുത്. ഒരു ദിവസത്തിന്റെ അവസാനംവരെയും ഞാനൊരു സ്ത്രീയാണ്” ഇതായിരുന്നു ഇല്യാന പറഞ്ഞത്. ട്വിറ്ററിൽ ഇങ്ങനെ എഴുതാനുണ്ടായ സംഭവത്തെക്കുറിച്ച് മുംബൈ മിററിനോട് സംസാരിച്ചിരിക്കുകയാണ് ഇല്യാന.

”ഫാഷൻ ഷോയിൽ പങ്കെടുക്കാനായി കാറിൽ പോവുകയായിരുന്നു. ട്രാഫിക് സിഗ്നൽ മാറാൻ തന്റെ കാർ കാത്തുകിടക്കുമ്പോഴാണ് ആറു യുവാക്കളുടെ ശല്യം ഉണ്ടായത്. എന്റെ കാറിനോട് ചേർന്ന് മറ്റൊരു കാർ കിടപ്പുണ്ടായിരുന്നു. എന്റെ കാറാണെന്ന് മനസ്സിലായതോടെ അതിലുണ്ടായിരുന്ന ചെറുപ്പക്കാർ മോശമായി പെരുമാറാൻ തുടങ്ങി. കാറിന്റെ ജനൽച്ചില്ലിൽ തട്ടി ശബ്ദമുണ്ടാക്കി, ഒരാൾ കാറിന്റെ മുകളിലെ ബോണറ്റ് തുറന്ന് അതിൽ കമിഴ്ന്നുകിടന്ന് എന്നെ നോക്കി കളിയാക്കി ചിരിക്കാൻ തുടങ്ങി. ചെറുപ്പത്തിൽ എനിക്ക് പൂവാല ശല്യം ഉണ്ടായിട്ടുണ്ട്. എന്നാൽ ഈ പ്രായത്തിൽ ആണുങ്ങളിൽനിന്നും മോശം പെരുമാറ്റം ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല”.

എനിക്ക് വേണമെങ്കിൽ അവരുടെ ഫോട്ടോയെടുക്കാമായിരുന്നു. പക്ഷേ അതവരെ കൂടുതൽ പ്രകോപിപ്പിക്കുമെന്നു കരുതി ഞാൻ ചെയ്തില്ല. സിഗ്നൽ മാറിയപ്പോഴും അവരെന്റെ കാറിനെ പിന്തുടർന്നു. എന്റെ ഡ്രൈവർക്ക് വേണമെങ്കിൽ അവരെ ചോദ്യം ചെയ്യാമായിരുന്നു. പക്ഷേ അവർ ആറുപേർ ഉണ്ടായിരുന്നു. അവർ എന്റെ ഡ്രൈവറെ മർദിച്ചാൽ എനിക്ക് അത് തടയാനാവില്ല. അതിനാലാണ് ഞാനും ആ സമയത്ത് പ്രതികരിക്കാതിരുന്നത്. ഇനിയൊരിക്കൽ അങ്ങനെയൊരു സാഹചര്യം ഉണ്ടാവുകയാണെകിൽ ഞാൻ മറ്റൊരു രീതിയിലായിരിക്കും കൈകാര്യം ചെയ്യുക. ഈ സമയത്ത് ഞാൻ എന്റെ സുരക്ഷിതത്വം മാത്രമാണ് നോക്കിയത്. ഇനിയും ഇങ്ങനെയുളള സംഭവങ്ങൾ ആവർത്തിക്കുകയാണെങ്കിൽ ബോഡിഗാർഡിനെ നിയമിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും” ഇല്യാന പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ