എ.ആർ.മുരുകദോസും ഇളയദളപതി വിജയും വീണ്ടും ഒന്നിക്കുന്നു. ചെറിയൊരിടവേളയ്‌ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം നിർമിക്കുന്നത് ലൈസ പ്രൊഡക്ഷൻസാണ്. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ലെങ്കിലും ഇപ്പോൾ ദളപതി 62 എന്ന പേരിലാണ് ഈ ചിത്രം പൊതുവെ അറിയപ്പെടുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവും.

വിജയും എ.ആർ.മുരുകദോസും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ഇരുവരും ഒന്നിച്ച ആദ്യ ചിത്രം തുപ്പാക്കിയായിരുന്നു. വിജയ് ഒരു പട്ടാളക്കാരന്റെ വേഷത്തിലെത്തിയ ചിത്രമായിരുന്നു തുപ്പാക്കി. 2012 ലാണ് തുപ്പാക്കി പുറത്തിറങ്ങിയത്. 2014ൽ പുറത്തിറങ്ങിയ വിജയ് ചിത്രം കത്തി സംവിധാനം ചെയ്‌തതും എ.ആർ.മുരുകദോസായിരുന്നു.

നിലവിൽ ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കിലാണ് വിജയ്. 2016ൽ ഇറങ്ങിയ “തെരി”യ്‌ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രത്തിനും പേരിട്ടിട്ടില്ല. എങ്കിലും വൻ താരനിര അണിനിരക്കുന്ന ഒരു ബിഗ് ബജറ്റ് ചിത്രമായിരിക്കുമിതെന്നാണ് തമിഴ് സിനിമാ ലോകത്ത് നിന്നുളള ​വാർത്തകൾ. മൂന്ന് വ്യത്യസ്‌ത വേഷത്തിലാണ് വിജയ് ആറ്റ്‌ലി ചിത്രത്തിലെത്തുന്നത്. നിത്യ മേനോൻ, കാജൽ അഗർവാൾ, സാമന്ത എന്നിവരാണ് നായികാ വേഷങ്ങളിലെത്തുക.

അതേസമയം, തെലുങ്ക് നടൻ മഹേഷ് ബാബുവിനെ നായകനാക്കി ഒരുക്കുന്ന തമിഴ് ചിത്രത്തിന്റെ തിരക്കുകളിലാണ് മുരുകദോസ്. മഹേഷ് ബാബുവിന്റെ ആദ്യ തമിഴ് ചിത്രമായിരിക്കും ഇത്. രാകുൽ പ്രീത് സിങ്ങാണ് മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത്. ഗാനങ്ങൾക്ക് സംഗീതമിടുന്നത് ഹാരിസ് ജയരാജും. ജൂൺ 23 ന് ഈ മഹേഷ് ബാബു – മുരുകദോസ് ചിത്രം തിയേറ്ററിലെത്തും.

ആറ്റ്‌ലി സംവിധാനം ചെയ്യുന്ന സിനിമയ്‌ക്ക് ശേഷം വിജയ് മുരുകദോസ് ഒന്നിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. ഹിറ്റുകൾ സമ്മാനിച്ച ഈ കൂട്ട്കെട്ട് വീണ്ടും ഒന്നിക്കുമ്പോൾ ആരാധകരുടെ പ്രതീക്ഷയും വലുതാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ