‘സര്‍ക്കാർ’ കോപ്പിയടിയാണെന്ന ആരോപണവുമായി സംവിധായകൻ എ.ആര്‍ മുരുഗദാസിനെതിരെ സഹസംവിധായകനും എഴുത്തുകാരനുമായ വരുൺ രാജേന്ദ്രൻ രംഗത്ത്. ‘സർക്കാർ’ തന്റെ കഥയാണെന്നും മുരുകദോസ് കഥ മോഷ്ടിച്ചതാണെന്നുമാണ് വരുണിന്റെ ആരോപണം.

നേരത്തെ ചിത്രത്തിലെ പോസ്റ്ററിലെ പുകവലി ദൃശ്യം വിവാദമായിരുന്നു. പുകവലിയിലൂടെ വിജയ് ഫാൻസിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന രീതിയിലുള്ള നിരവധി പ്രതികരണങ്ങൾ സോഷ്യൽ മീഡിയയിൽ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. ഇപ്പോൾ സിനിമയുടെ കഥ തന്നെ മോഷണമാണെന്ന ആരോപണവും കൂടി വന്നതോടെ ‘സർക്കാർ’ വീണ്ടും വിവാദങ്ങളിൽ സ്ഥാനം പിടിക്കുകയാണ്.

സംഭവവുമായി ബന്ധപ്പെട്ട് സൗത്ത് ഇന്ത്യൻ ഫിലിം റൈറ്റേഴ്സ് അസോസിയേഷന് മുൻപാകെ വരുൺ പരാതി നൽകി. 2007 ൽ റൈറ്റേഴ്സ് യൂണിയനിൽ രജിസ്റ്റർ ചെയ്ത തന്റെ ‘സെൻഗോൾ’ എന്ന കഥയാണ് മുരുഗദാസ് മോഷ്ടിച്ചതെന്നാണ് വരുണിന്റെ പരാതി.

വിജയിന്റെ അച്ഛൻ എസ്​എ ചന്ദ്രശേഖറിനോട് താൻ ‘സെൻഗോളി’ന്റെ കഥ പറഞ്ഞിരുന്നെന്നും കഥ കേട്ട് ഉടനെ തന്നെ തിരിച്ചുവിളിക്കാം എന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും പിന്നീട് പ്രതികരണമൊന്നുമുണ്ടായില്ലെന്നും വരുൺ പരാതിയിൽ പറയുന്നു.

‘ഒരുവേള മുഖ്യമന്ത്രി ആയാൽ’…. ഉത്തരം കിട്ടാത്ത ചോദ്യത്തിന് മാസ് മറുപടിയുമായി വിജയ്

കേസുമായി വരുൺ മുന്നോട്ട് പോയാൽ 2018 ദീപാവലിയ്ക്ക് തിയേറ്ററുകളിലെത്താൻ ഇരിക്കുന്ന ‘സർക്കാറി’ന്റെ റിലീസിനെയും അതു ബാധിക്കും. അതിനാൽ വരുണിന്റെ പരാതി സ്വീകരിച്ച റൈറ്റേഴ്സ് യൂണിയന്റെ പ്രസിഡന്റും നടനും സംവിധായകനുമായ കെ ഭാഗ്യരാജ് ഇരുകക്ഷികളുമായി സംസാരിച്ച് സമവായ ചർച്ചകൾക്ക് ശ്രമിക്കുന്നു എന്ന റിപ്പോർട്ടാണ് ലഭിക്കുന്നത്.

തമിഴ് നാട്ടിലെ രാഷ്ട്രീയ അന്തരീക്ഷം വൃത്തിയാക്കാൻ എത്തുന്ന ഒരു ഹൈ ടെക് സിഇഒയുടെ കഥയാണ് സർക്കാർ പറയുന്നത്. ‘സർക്കാർ’ ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ്. സണ്‍ പിക്‌ച്ചേഴ്‌സ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ എ.ആര്‍ റഹ്മാനാണ് സംഗീത സംവിധായകന്‍. കീര്‍ത്തി സുരേഷും, വരലക്ഷ്മി ശരത് കുമാറുമാണ് ചിത്രത്തിലെ നായികമാര്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook