Guinness Pakru Starrer Ilayaraja Movie Review: ഒരു ചതുരംഗപലകയിലെ കരുക്കളെ പോലെ സംഘർഷങ്ങളിലൂടെയും അപ്രതീക്ഷിത മുന്നേറ്റങ്ങളിലൂടെയുമൊക്കെയാണ് പലപ്പോഴും മനുഷ്യരും അവരുടെ ജീവിതവും കടന്നുപോവുന്നത്. അത്തരമൊരു ‘ചതുരംഗ’ജീവിതമാണ് മാധവ് രാമദാസൻ സംവിധാനം ചെയ്ത ‘ഇളയരാജ’ എന്ന ചിത്രം കാണിച്ചുതരുന്നതും.

തൃശൂർ റൗണ്ടിൽ കപ്പലണ്ടി വിറ്റ് ഉപജീവനം നടത്തുന്ന വനജനും അയാളുടെ കുടുംബവുമാണ് ‘ഇളയരാജ’യിലെ കേന്ദ്രകഥാപാത്രങ്ങൾ. ജന്മനാ ശാരീരികമായി പരിമിതികളുള്ള വ്യക്തിയാണ് വനജൻ. സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെടുന്ന ഒരു വലിയ വിഭാഗത്തിന്റെ പ്രതിനിധിയാണ് അയാൾ. ഭാര്യ പങ്കുവും മക്കളായ സുബ്രുവും അമ്പുവും ഭാര്യാപിതാവ് ഗണപതിയും അടങ്ങുന്ന ആ ചെറിയ കുടുംബത്തിന്റെ ഏക ആശ്രയവും അയാളാണ്. റെയിൽവേ ട്രാക്കിനരികിലെ, എപ്പോൾ വേണമെങ്കിലും ഒഴിപ്പിക്കപ്പെടാവുന്ന, പേരിന് വീടെന്നു വിളിക്കാവുന്ന, അടച്ചുറപ്പില്ലാത്ത ഒരിടത്താണ് വനജന്റെയും കുടുംബത്തിന്റെയും താമസം. പണം കൊണ്ട് ദരിദ്രനെങ്കിലും സ്നേഹം കൊണ്ട് ധനികരായ ഒരു കൊച്ചുകുടുംബമാണ് അയാളുടേത്.

കടങ്ങൾക്കും കരുണ തൊട്ടു തീണ്ടിയിട്ടില്ലാത്ത വട്ടിപ്പലിശക്കാരൻ മത്തായിക്കും ഇടയിൽ നട്ടം തിരിയുകയാണ് വനജൻ. വെറുമൊരു നേരമ്പോക്കിനായി അയാൾ കളിച്ചിരുന്ന ചെസ്സ് എന്ന കളി, ഒടുവിൽ അയാളുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കുകയാണ്. തേരും കുതിരയും ആനയുമൊക്കെ നിരന്നിരുന്ന് വെട്ടാനൊരുങ്ങുന്ന ജീവിതത്തിന്റെ ചതുരംഗപലകയിലെ വനജന്റെ അതിജീവനമാണ് ‘ഇളയരാജ’ പറയുന്നത്.

കടന്നുപോവുന്ന വഴികളിൽ കപ്പലണ്ടി വിറ്റും ചെറിയ ചെറിയ ജോലികൾ ചെയ്തും അതിജീവനത്തിനായി പലവിധ സർക്കസുകൾ ചെയ്തും ജീവിക്കുന്ന സാധാരണക്കാരായ ആളുകളുടെ ജീവിതകാഴ്ചകളിലേക്കാണ് ‘അപ്പോത്തിക്കിരി’ സംവിധായകൻ ഇത്തവണ പ്രേക്ഷകരെ കൂട്ടികൊണ്ടുപോകുന്നത്. പൊതുസമൂഹം പലപ്പോഴും കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്ന ആ ‘ചെറുജീവിത’ങ്ങളെ റിയലിസ്റ്റിക്കായ രീതിയിലാണ് സംവിധായകൻ ആവിഷ്കരിക്കുന്നത്. ഹൃദയത്തിൽ സ്പർശിച്ചും ശുഭാപ്തിവിശ്വാസം സമ്മാനിച്ചും ചിത്രം കണ്ടിറങ്ങുന്നവരുടെ മനസ്സിന് നിറവേകാൻ ‘ഇളയരാജ’യ്ക്ക് സാധിക്കുന്നുണ്ട്. ഇരുണ്ട ജീവിതയാഥാർത്ഥ്യങ്ങളിൽ നിന്നും പ്രത്യാശയുടെ വെളിച്ചത്തിലേക്ക് പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോകുന്ന ഒരു ഫീൽ ഗുഡ് ചിത്രമാണ് ‘ഇളയരാജ’.

മാധവ് രാമദാസന്റെ കഥയ്ക്ക് മാധ്യമപ്രവർത്തകനായ സുദീപ് ടി ജോർജ്ജാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകരോട് സംവദിക്കുകയും കണ്ണുകളെ ഈറനാക്കുകയും ചെയ്യുന്ന നിരവധിയേറെ മുഹൂർത്തങ്ങളാൽ സമ്പന്നമാണ് ‘ഇളയരാജ’. സാമൂഹിക പ്രശ്നങ്ങളിലേക്കും സമകാലിക വിദ്യഭ്യാസ സന്പ്രദായത്തിലെ പൊള്ളത്തരങ്ങളിലേക്കുമെല്ലാം ചിത്രം വിരൽചൂണ്ടുന്നുണ്ട്. കുടുംബപ്രേക്ഷകർക്കും കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന രീതിയിലാണ് സുദീപ് കഥ പറഞ്ഞുപോവുന്നത്. ആദ്യപകുതിയിൽ വളരെ റിയലിസ്റ്റിക്കായും താളത്തിലും പറഞ്ഞുവന്ന കഥ ക്ലൈമാക്സിനോട് അടുക്കുമ്പോൾ കഥപറച്ചിലിൽ അൽപ്പം ധൃതി കൈവന്നതുപോലെ തോന്നി.

കഥാപാത്രങ്ങളുടെ പ്രകടനമാണ് ചിത്രത്തിന് ഊർജ്ജം സമ്മാനിക്കുന്ന പ്രധാന ഘടകം. പലപ്പോഴും നിസ്സഹായനായി പോവുന്ന വനജൻ എന്ന കുടുംബനാഥനായി ഉജ്ജ്വലമായ പ്രകടനമാണ് ഗിന്നസ് പക്രു കാഴ്ച വച്ചിരിക്കുന്നത്. വനജന്റെ മക്കളായെത്തിയ മാസ്റ്റർ ആദിത്തും ബേബി ആർദ്രയുമാണ് കയ്യടി അർഹിക്കുന്ന മറ്റു രണ്ടു താരങ്ങൾ. തുടക്കക്കാരുടെ പതർച്ചയില്ലാതെ കഥാപാത്രങ്ങളെ ഉൾകൊണ്ട് അവതരിപ്പിക്കാൻ ഇരുവർക്കും സാധിച്ചിട്ടുണ്ട്.

Read more: റിസ്ക് എടുക്കണോ എന്നാണ് ഞാനാദ്യം ചോദിച്ചത്; ‘ഇളയരാജ’യെ കുറിച്ച് ഗിന്നസ് പക്രു

ഞെട്ടിക്കുന്ന മേക്ക് ഓവറിലെത്തി വിസ്മയിപ്പിക്കുന്ന ഹരിശ്രീ അശോകന്റെ ഗണപതിയാണ് ‘ഇളയരാജ’യുടെ മറ്റൊരു ശ്രദ്ധേയ മുഖം. ഹരിശ്രീയുടെയും ഗിന്നസ് പക്രുവിന്റെയുമെല്ലാം കരിയർ ബെസ്റ്റ് പെർഫോമൻസ് ആണ് ‘ഇളയരാജ’യിൽ കാണാനാവുക. സിജി എസ് നായരും അനിൽ നായരും ഗോകുൽ സുരേഷും ദീപക് പറമ്പോളും അരുണും തമ്പി ആന്റണിയും കവിത നായരുമെല്ലാം തങ്ങളുടെ ഭാഗം നന്നായി അവതരിപ്പിച്ചിട്ടുണ്ട്.

ചിത്രത്തിന്റെ ദൃശ്യാവിഷ്കാരവും മികച്ചുനിൽക്കുന്നുണ്ട്. കറുപ്പും വെളുപ്പും ഇടയ്ക്കൊക്കെ നിറക്കൂട്ടുകളും ഇടകലരുന്ന വനജന്റെ ലോകം മിഴിവോടെ പകർത്തുകയാണ് പാപ്പിനു എന്ന ഛായാഗ്രാഹകൻ. കണ്ടുകണ്ടിരിക്കെ പലപ്പോഴും കണ്ണുകൾക്കും കാഴ്ചയ്ക്കുമിടയിൽ ക്യാമറയുണ്ടെന്ന് മറന്നു പോവുന്ന രീതിയിൽ ‘ഇളയരാജ’യിലെ ജീവിതം ഒപ്പിയെടുക്കുന്നുണ്ട് ദൃശ്യങ്ങൾ. ശ്രീനിവാസൻ കൃഷ്ണയുടെ എഡിറ്റിംഗും രംഗനാഥ് രവിയുടെ ശബ്ദമിശ്രണവും ചിത്രത്തിനോട് നീതിപുലർത്തുന്നു. ഉറക്കത്തിലും ഉണർവ്വിലുമെല്ലാം ഇടയ്ക്കിടെ തീവണ്ടി അലർച്ചകളിൽ മുങ്ങിപ്പോവുന്ന വനജന്റെ വീടിന്റെ പശ്ചാത്തലമൊക്കെ റിയലിസ്റ്റിക്കായി ആവിഷ്കരിക്കുന്നതിൽ ശബ്ദമിശ്രണത്തിനും നല്ലൊരു പങ്കുണ്ട്.

മനുഷ്യരിലെ നന്മയേയും ശുഭാപ്തിവിശ്വാസത്തേയും ജ്വലിപ്പിക്കുകയാണ് ‘ഇളയരാജ’. ഏതു മനുഷ്യരിലും അവരുടേതായ എന്തെങ്കിലുമൊരു കഴിവുണ്ടാകുമെന്ന യാഥാർത്ഥ്യത്തിലേക്ക് ‘ഇളയരാജ’ പ്രേക്ഷകനെ തട്ടിയുണർത്തുന്നു. ഒപ്പം ആ കഴിവുകളെ കണ്ടെടുക്കേണ്ടതിന്റെ ആവശ്യകതയേയും ഓർമ്മിപ്പിക്കുന്നു. ജീവിതത്തിന്റെ പരുക്കൻ യാഥാർത്ഥ്യങ്ങളിൽ ചവിട്ടി നിന്നുകൊണ്ട്, ‘എല്ലാവരും ജയിച്ച ഒറ്റ കളിയും ഈ ലോകത്തില്ലെന്ന്’ വനജൻ പറയുമ്പോൾ ആ വാക്കുകൾ തോറ്റവനോട് മാത്രമല്ല, ജയിച്ചവനോട് കൂടിയാണ് സംവദിക്കുന്നത്. ജയപരാജയങ്ങൾ ആപേക്ഷികം മാത്രമാണെന്ന് കൂടി ആ വാക്കുകൾ ഓർമ്മിപ്പിക്കും.

കുട്ടികൾക്കൊപ്പം കാണേണ്ട ചിത്രങ്ങളിലൊന്നാണ് ‘ഇളയരാജ’. വാക്കുകൾ കൊണ്ട് പറഞ്ഞു മനസ്സിലാക്കി കൊടുക്കാൻ സാധിക്കാത്ത ചിലതൊക്കെ ‘ഇളയരാജ’ കാഴ്ചകളിലൂടെ കുട്ടികൾക്ക് കാണിച്ചുകൊടുക്കും. കുട്ടികൾക്കൊപ്പം തിയേറ്ററുകളിൽ പോയി കാണാവുന്ന ചിത്രങ്ങൾ വിരളമാവുന്ന, അല്ലെങ്കിൽ അത്തരം ചിത്രങ്ങളുടെ അഭാവമുള്ള സമകാലിക മലയാളസിനിമയിൽ ‘ഇളയരാജ’യ്ക്ക് പ്രസക്തിയേറുകയാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ