ഭൂതകാല സ്മരണകൾ അടുക്കിപ്പെറുക്കി സൂക്ഷിച്ച ഒരു പഴയ ട്രങ്ക് പെട്ടില്‍ നിന്നും പ്രിയപ്പെട്ടൊരു ഫോട്ടോ അപ്രതീക്ഷിതമായി കണ്ടെത്തുന്നതു പോലെയാണ് മറവിയിൽ നിന്നും ചില പാട്ടുകൾ തെളിഞ്ഞു വരിക. പോയ കാലങ്ങളിലേക്ക് ഞൊടിയിട കൊണ്ട് മനസ്സിനെ കൂട്ടികൊണ്ടുപോകുന്ന ഒരു അതിവേഗ ട്രെയിനിനെ പോലെ ആ ഈണങ്ങൾ നമ്മളെയും കൊണ്ട് സഞ്ചരിക്കുമ്പോൾ, വർത്തമാനകാലം എവിടെയോ ഉറഞ്ഞു പോവുകയാണ്.

എത്ര കേട്ടിട്ടും മതിവരാതെ വീണ്ടും വീണ്ടും നമ്മളാ ഈണങ്ങളെ താലോലിക്കും, തൊട്ടും തലോടിയും ആ പഴയ ഓർമ്മ ചിത്രത്തെ താലോലിക്കുന്ന അതേ സ്നേഹനിറവോടെ… ആ അപ്രതീക്ഷിത ഓർമ്മപ്പെടുത്തലിനു ശേഷം, ആ ‘രണ്ടാം കേൾവി’യ്ക്ക് ശേഷം നിങ്ങൾക്കുള്ളിൽ ആ പാട്ടുകൾ ആവർത്തിച്ചു കൊണ്ടേയിരിക്കും. ‘മ്യൂട്ട്’ ചെയ്തിട്ടാലും മനസ്സിൽ മുഴങ്ങുന്ന, ഇമ്പമാർന്ന, മാജിക്കലായ ഈണങ്ങൾ.

കേട്ടുകൊണ്ടിരിക്കുന്നവർക്കുള്ളിൽ മാണിക്യക്കല്ലുകളെ പോലെ പ്രകാശിക്കുന്ന, പഴമയുടെ കസ്തൂരിഗന്ധം തൂവുന്ന ഓർമ്മകളുമായി എവിടെയൊക്കെയോ കൊരുത്തു കൊരുത്തിരിക്കുന്ന പാട്ടുകൾ. അത്തരമൊരു പാട്ടിനെ പൊടി തട്ടിയെടുത്ത് പ്രേക്ഷകർക്ക് മുന്നിലേക്ക് നീട്ടിപ്പിടിക്കുകയായിരുന്നു ’96’ എന്ന തമിഴ് സിനിമ.

‘യമുനൈയാട്രിലെ ഈര കാട്രിലെ കണ്ണനോട് താനാട’, എന്ന ഗാനത്തെ ഏറ്റവും മനോഹരമായി, സിനിമയുടെ കഥയോട് ബന്ധപ്പെടുത്തിയാണ് ’96’ ഉപയോഗിച്ചത്. റാം-ജാനു എന്നിവരുടെ സ്കൂള്‍ കാലത്തെ പ്രണയം. ആ കാലഘട്ടത്തിലെ ഹിറ്റ്‌ ഗാനമായ ‘ദളപതി’യിലെ ഇളയരാജ സംഗീത സംവിധാനം നിര്‍വ്വഹിച്ച ‘യമുനൈയാട്രിലെ’ എന്ന ഗാനം പാടാന്‍ പല തവണ റാം നിര്‍ബന്ധിച്ചിട്ടും, സ്കൂളിലെ ആസ്ഥാന ഗായികയായ കാമുകി വഴങ്ങുന്നില്ല. പ്രണയം പിരിഞ്ഞു വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ഓര്‍മ്മപുതുക്കലിന്റെ സമയത്ത്, നഷ്ടപ്രണയത്തിന്റെ നീറ്റലില്‍ ഇരുവരും നീറുമ്പോഴാണ് ഒടുവില്‍ ജാനു അത് പാടുന്നത്. ഞാന്‍ എന്നും നിന്നെത്തന്നെയാണ് ആഗ്രഹിച്ചിരുന്നത് എന്ന് റാമിനോട് പറയാതെ പറയുന്നത് പോലെ…

1991ല്‍ മണിരത്നത്തിന്റെ സംവിധാനത്തില്‍ മമ്മൂട്ടി,രജനികാന്ത്, ശോഭന എന്നിവര്‍ അഭിനയിച്ച സൂപ്പര്‍ ഹിറ്റ്‌ ചിത്രമാണ് ‘ദളപതി’. രജനികാന്തിന്റെ കഥാപാത്രമായ സൂര്യയോടുള്ള തന്റെ പ്രണയം വെളിപ്പെടുത്താന്‍ ശ്രമിക്കുകയാണ് നായിക ശോഭന ഈ ഗാനത്തിലൂടെ. നഷ്ടപ്രണയം തന്നെയാണ് ‘ദളപതി’യും പറഞ്ഞത്. ‘ദളപതി’യിലെ ‘യമുനൈയാട്രിലെ’ ചിത്രീകരിച്ചത് ഒരു സൂര്യോദയത്തിലാണെങ്കില്‍ ’96’ലെ ‘യമുനൈയാട്രിലെ’ ചിത്രീകരിച്ചിരിക്കുന്നത് രാത്രിയുടെ ഇരുട്ടിലെ തിളങ്ങുന്ന ഒരു മെഴുകുതിരി വെളിച്ചത്തിലാണ്. പേരില്‍ പോലും എസ് ജാനകിയെ കൊണ്ട് നടക്കുന്ന, എസ് ജാനകിയുടെ ഗാനങ്ങള്‍ മാത്രം ആലപിച്ചിരുന്ന ഒരു ഗായികയാണ്‌ ’96’ ജാനു. അത് കൊണ്ടാവാം, മിതാലി രാജ് ആലപിച്ച ‘യമുനൈയാട്രിലെ’ എന്ന ഗാനം പാടാന്‍ അവള്‍ കൂട്ടാക്കാത്തത്. ഒടുവില്‍ റാമിന് വേണ്ടി, റാമിനേറ്റവും ഇഷ്ടമായ ആ ഗാനം വർഷങ്ങൾക്കിപ്പുറം വീണുകിട്ടിയ അപ്രതീക്ഷിതമായ ഒരു രാത്രിയിൽ അവനു വേണ്ടി അവള്‍ പാടുമ്പോള്‍, സിനിമ കണ്ടിറങ്ങുന്ന ഒരോരുത്തരുടേയും മനസ്സില്‍ അതൊരു വിങ്ങലായി അവശേഷിക്കും. അത് കൊണ്ട് തന്നെ ’96’കണ്ടിറങ്ങുന്ന പലരും തിയേറ്റര്‍ വിട്ടിറങ്ങുമ്പോള്‍ ആദ്യം ചെയ്യുന്നത് യൂട്യൂബില്‍ ‘യമുനൈയാട്രിലെ’ തിരയുകയായിരിക്കും. പഴയ ഗാനവും പുതിയ ഗാനത്തിന്റെ റീമിക്സ് പതിപ്പുകളും ഒരുപോലെ ട്രെന്‍ഡിംഗ് ആവുന്ന കാഴ്ചയാണ് അവിടെ കാണാനാവുക. പഴയതിനെയും പുതിയതിനെയും സംബന്ധിച്ചുള്ള ചര്‍ച്ചകളും സമൂഹ മാധ്യമങ്ങളില്‍ സജീവമാണ്.

വിജയ്‌ സേതുപതി-തൃഷ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രേം കുമാര്‍ സംവിധാനം ചെയ്ത ’96’ ഈ വര്‍ഷത്തെ ഏറ്റവും വലിയ തമിഴ് ഹിറ്റുകളില്‍ ഒന്നാണ്.  ചെറിയ സിനിമ എന്നും തീര്‍ത്തും പറയാവുന്ന തരത്തില്‍ ഒരു ചെറിയ പ്രണയകഥ പറഞ്ഞു പോയ ചിത്രം പക്ഷേ വലിയ വിജയത്തിലാണ് കുതിക്കുന്നത്.  ദീപാവലിയ്ക്ക് ടെലിവിഷനില്‍ പ്രിമിയര്‍ ചെയ്യപ്പെട്ടിട്ടും ഇപ്പോളും മാറ്റ് കുറയാത്ത ചിത്രം.

ഒരു രാത്രിയുടെ കഥയാണ് ശരിക്കും ’96’ പറയുന്നത്.  ചെറുപ്പത്തില്‍ തന്നെ പിരിഞ്ഞു പോയ കമിതാക്കള്‍ ഒരു രാത്രിയിലേക്ക് മാത്രം ഒന്നിക്കുകയാണ്.  ഒരു ജന്മം കൊണ്ട് പോലും പറഞ്ഞു തീര്‍ക്കാനാവാത്ത കാര്യങ്ങള്‍ ആ രാത്രിയുടെ മൗനത്തില്‍ പറഞ്ഞു തീര്‍ക്കുന്നു.  അതിന്റെ ദീപ്തമായ ഓര്‍മ്മകള്‍ ചേര്‍ത്ത് പിടിച്ച് പിരിയുന്നു.

ഇത്തരം സിനിമകള്‍ അവശേഷിപ്പിക്കുന്ന ‘മെമോരബിലിയ’കള്‍ക്ക് സ്വീകാര്യതയേറും.  അത് കൊണ്ട് തന്നെ ജാനു-റാം പാവകളും, ജാനുവിന്റെ മഞ്ഞ ഉടുപ്പുമൊക്കെ ദീപാവലി വിപണിയ്ക്ക് ഉണര്‍ത്തുപാട്ടാവുകയും ചെയ്തു.

Read More: മനസ്സിൽ നിന്നും മായാത്ത മഞ്ഞ: ഹൃദയങ്ങൾ കീഴടക്കി ’96’ കുർത്തയും

നായികയ്ക്ക് കഷ്ടിച്ച് മൂന്നു കോസ്റ്റ്യൂമുകൾ മാത്രമുള്ള സിനിമയുടെ മിക്ക സീനിലും തൃഷ നിറഞ്ഞു നിന്നത് മസ്റ്റഡ് യെല്ലോ നിറത്തിലുള്ള ആ പിൻ ടക്ക് കുർത്തയിലായിരുന്നു. കുർത്തയ്ക്കൊപ്പം ആങ്കിൾ ലെങ്ങ്ത്ത് ജീൻസും ബ്ലൂ- ബെയ്ജ് കളർ കോമ്പിനേഷനിലുള്ള സിൽക്ക് സ്റ്റോളും ധരിച്ച് അതീവ സുന്ദരിയായിട്ടാണ് തൃഷ സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്.

ജീവിതത്തിലെ അവിസ്മരണീയമായൊരു കണ്ടുമുട്ടലിനു ശേഷം റാമും ജാനുവും പിരിയുമ്പോൾ, ഓർമ്മകളുടെ പെട്ടിയിലേക്ക് ആ ദിവസത്തിന്റെ ഓർമ്മയ്ക്കായ് റാം എടുത്തു സൂക്ഷിക്കുന്നതും ആ മഞ്ഞ കുർത്ത തന്നെ.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook