ധനുഷ് ആകെ ത്രില്ലടിച്ചിരിക്കുകയാണ്. കാരണം വേറൊന്നുമല്ല, താരത്തിന്റെ മാരി 2ല്‍ പാടുന്നത് മറ്റാരുമല്ല ഇസൈജ്ഞാനി സാക്ഷാല്‍ ഇളയരാജയാണ്. മ്യൂസിക് സ്റ്റുഡിയോയില്‍ ഇളയരാജയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ കഴിഞ്ഞദിവസം ധനുഷ് ട്വിറ്ററില്‍ പങ്കുവച്ചിരുന്നു.

മാരി 2ല്‍ ഇളയരാജ പാടുന്നുവെന്ന് സന്തോഷത്തോടെ പ്രഖ്യാപിക്കുന്നുവെന്ന് ചിത്രങ്ങള്‍ക്കൊപ്പം ധനുഷ് കുറിച്ചു. ഇതൊരു വലിയ അനുഗ്രഹമാണെന്നും വലിയ ആകാംക്ഷയിലാണ് തങ്ങളെന്നും ധനുഷ് കൂട്ടിച്ചേര്‍ത്തു. ചിത്രത്തിനുവേണ്ടി സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ഇളയരാജയുടെ മകന്‍ യുവാന്‍ ശങ്കര്‍ രാജയാണ്. ധനുഷിന്റെ തള്ളുവതോ ഇളമൈ, കാതല്‍ കൊണ്ടേന്‍ എന്നീ ചിത്രങ്ങളുടേയും സംഗീത സംവിധാനം നിര്‍വ്വഹിച്ചിരുന്നത് വൈഎസ്ആര്‍ തന്നെയായിരുന്നു.

മാരിയുടെ ആദ്യ ഭാഗത്തിനു ശേഷം ധനുഷും സംവിധായകന്‍ ബാലാജി മോഹനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് മാരി 2. ആദ്യ ഭാഗത്തില്‍ കാജല്‍ അഗര്‍വാളായിരുന്നു നായികയെങ്കില്‍ രണ്ടാം ഭാഗത്തില്‍ സായ് പല്ലവിയാണ് നായികയായി എത്തുന്നത്. റോബോ ശങ്കര്‍, വിനോദ് എന്നിവര്‍ രണ്ടാംഭാഗത്തിലും ധനുഷിനൊപ്പമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ