അനുമതി ഇല്ലാതെ തന്റെ പാട്ടുകള്‍ ഉപയോഗിക്കുകയോ, വേദികളില്‍ ആലപിക്കുകയോ ചെയ്യരുത് എന്ന സംഗീത സംവിധായകന്‍ ഇളയരാജയുടെ പ്രസ്താവന ഏറെ വിവാദങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഇപ്പോളിതാ താന്‍ പറഞ്ഞതില്‍ വിശദീകരണവുമായി അദ്ദേഹം തന്നെ രംഗത്തെത്തിയിരിക്കുന്നു. ഇന്ത്യന്‍ എക്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ഇളയരാജയുടെ വെളിപ്പെടുത്തല്‍.

‘എന്റെ ജീവിതം മുഴുവന്‍ ഞാന്‍ ചെലവഴിച്ചത് സംഗീതം സൃഷ്ടിക്കാനാണ്. മറ്റൊന്നിനേയും കുറിച്ച് ചിന്തിക്കാന്‍ എനിക്ക് സമയമുണ്ടായിരുന്നില്ല. ഒരിക്കലും പറയാത്തതിനെക്കാള്‍ നല്ലത് വൈകിയാണെങ്കിലും പറയുകയല്ലേ. എന്റെ സംഗീതത്തിന്റെ അവകാശം എനിക്ക് മാത്രമാണ്. അവ എന്റെ സൃഷ്ടികളാണ്. അതുപയോഗിച്ച് മറ്റൊരാള്‍ പണമുണ്ടാക്കുമ്പോള്‍ അതില്‍ നിന്നും അര്‍ഹിച്ച പങ്ക് എനിക്ക് ലഭിക്കണ്ടേ? അത് ഞാന്‍ ചോദിക്കുന്നത് എങ്ങനെയാണ് തെറ്റാകുക?,’ ഇളയരാജ ചോദിക്കുന്നു.

Read More: ‘പാട്ട് ഉണ്ടാക്കാന്‍ കഴിവില്ലാത്തവരാണ് 96ല്‍ എന്റെ പാട്ട് ഉപയോഗിച്ചത്’; തുറന്നടിച്ച് ഇളയരാജ

തന്റെ വാക്കുകളും ഉദ്ദേശങ്ങളും പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുകയാണ് ചെയ്തതെന്നും, എന്നാല്‍ തന്റെ ഉദ്ദേശശുദ്ധിയില്‍ തനിക്ക് സംശയമില്ലാത്തിടത്തോളം അതൊന്നും പ്രശ്‌നമല്ലെന്നും ഇളയരാജ പറഞ്ഞു.

സംഗീത സംവിധായകന് പ്രാപ്തിയില്ലാത്തതുകൊണ്ടാണ് പഴയ ഹിറ്റ് ഗാനങ്ങള്‍ വീണ്ടും സിനിമകളില്‍ ഉപയോഗിക്കുന്നതെന്ന് അടുത്തിടെ അദ്ദേഹം പറഞ്ഞത് ഏറെ വിവാദമായിരുന്നു. തൃഷയും വിജയ് സേതുപതിയും അഭിനയിച്ച 96 എന്ന ചിത്രത്തില്‍ തന്റെ ഗാനങ്ങല്‍ ഉപയോഗിച്ചതിനെ വിമര്‍ശിച്ചായിരുന്നു ഇളയരാജ ഇങ്ങനെ പറഞ്ഞത്.

Read More: ഇളയരാജ ഇടഞ്ഞു: സ്‍മ്യൂളില്‍ നിന്നും പാട്ടുകള്‍ പിന്‍വലിച്ചു

‘ഒരു പ്രത്യേക കാലഘട്ടത്തിൽ കഥ നടക്കുന്നു എന്നതുകൊണ്ട് ആ കാലഘട്ടത്തില്‍ പുറത്തിറങ്ങിയ പാട്ട് ഉപയോഗിക്കേണ്ടതില്ല, അങ്ങനെ ചെയ്യുന്നത് വളരെ തെറ്റാണ്. സംഗീത സംവിധായകന് പ്രാപ്തിയില്ലാത്തതിനാല്‍ നേരത്തേ ഹിറ്റായ ഒരു പാട്ട് അവര്‍ ഉപയോഗിക്കുന്നു എന്നാണ് ഇളയരാജയുടെ വിമര്‍ശനം. മനോഹരമായ പാട്ടുകള്‍ ഉണ്ടാക്കാന്‍ അവര്‍ക്ക് സ്റ്റഫില്ലാത്തതാണ് കാരണം,’ ഇളയരാജ പറഞ്ഞു. മലയാളിയായ ഗോവിന്ദ് വസന്തയാണ് 96ന്റെ സംവിധായകന്‍.

Read More: ഹൃദയരാഗങ്ങളുടെ രാജ

പാട്ടിന്റെ റോയല്‍റ്റിയുമായി ബന്ധപ്പെട്ട് പിണക്കത്തിലായിരുന്ന ഇളയരാജയും ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യവും വീണ്ടും ഒന്നിക്കുന്നു എന്ന വാര്‍ത്തയും ഇതിനിടയില്‍ വന്നിരുന്നു. ഇളയരാജയുടെ 76ാം ജന്മദിനമായ ഇന്ന്(ജൂണ്‍ 2)ന് നടക്കുന്ന ‘ഇസൈ സെലിബ്രേറ്റ്‌സ് ഇസൈ’ എന്ന പരിപാടിയിലാണ് പിണക്കം മറന്ന് ഇരുവരും ഒന്നിക്കുന്നത്.

Read More: കൊച്ചു കൊച്ചു സന്തോഷങ്ങളുടെ പെരിയ രാജ>

അന്‍പത് വര്‍ഷം നീണ്ട എസ്.പി.ബിയുടെ സംഗീത ജീവിതത്തെ ജീവിതത്തെ അടയാളപ്പെടുത്തുന്നതിനായി നടത്തിയ ‘എസ്.പി.ബി 50’ പരിപാടിയിലൂടെ ബാലസുബ്രഹ്മണ്യം താന്‍ പാടിയ ഇളയരാജയുടെ ഗാനങ്ങള്‍ ആലപിച്ചിരുന്നു. എന്നാല്‍ അനുമതിയില്ലാതെ തന്റെ ഗാനങ്ങള്‍ പാടി എന്ന കാരണം പറഞ്ഞ് ഇളയരാജ ബാലസുബ്രഹ്മണ്യത്തിന് വക്കീല്‍ നോട്ടീസ് അയച്ചു. ഈ പ്രശ്‌നത്തെ തുടര്‍ന്നാണ് ഇരുവരും അകലുന്നത്.

ഇതേതുടര്‍ന്ന് പരിപാടിയുടെ ബാക്കി ഭാഗങ്ങളില്‍ ഇളയരാജ ഈണം നല്‍കിയ ഗാനങ്ങള്‍ ആലപിക്കാന്‍ എസ്.പി.ബി തയാറായില്ല. ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ വിഷയത്തിലെ തങ്ങളുടെ നിലപാട് വ്യക്തമാക്കുകയും ചെയ്തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook