തമിഴ് സിനിമാസംഗീതലോകത്തെ രണ്ടുവാക്കുകളിൽ നിർവ്വചിക്കാൻ പറഞ്ഞാൽ ഇളയരാജ, എ ആർ റഹ്മാൻ എന്ന രണ്ടുപേരുകൾ ചേർത്തുവെച്ചാൽ മതിയാകും. ഏറ്റവും ജനകീയവും ഹൃദയസ്പർശിയുമായ ഈണങ്ങളാൽ പ്രേക്ഷക ഹൃദയത്തിൽ പ്രതിഷ്ഠ നേടിയ സംഗീത മാന്ത്രികരാണ് ഇരുവരും. ഒരു നാണയത്തിന്റെ രണ്ടുവശങ്ങളെന്ന പോലെ ചേർത്തു വയ്ക്കാൻ സാധിക്കുന്ന ഇതിഹാസങ്ങൾ. ഇരുവരും ഒന്നിച്ച് വേദിയിൽ പ്രത്യക്ഷപ്പെട്ട കൗതുകക്കാഴ്ചക്കാണ് കഴിഞ്ഞ ദിവസം ചെന്നൈയിലെ വൈഎംസിഎ സ്റ്റേഡിയം സാക്ഷിയായത്.

തമിഴ് സിനിമാലോകത്ത് 75 വർഷം പൂർത്തിയാക്കുന്ന ഇളയരാജയ്ക്കുള്ള ആദരമായി തമിഴ് നാട് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ ആണ് ‘ഇളയരാജ 75’ എന്ന പേരിലുള്ള സംഗീത പരിപാടി സംഘടിപ്പിച്ചത്. ഫെബ്രുവരി രണ്ട്, മൂന്ന് ദിവസങ്ങളിലായിട്ടായിരുന്നു പരിപാടി നടന്നത്. ഈ വേദിയിലായിരുന്നു ഇളയരാജയും എ ആർ റഹ്മാനും ഒന്നിച്ചെത്തിയതും ഇളയരാജയുടെ ഹിറ്റ് നമ്പറുകൾ റഹ്മാൻ പെർഫോം ചെയ്തതും.

ഇളയരാജയ്ക്ക് മുന്നിൽ കീ ബോർഡ് വായിക്കുന്ന ചിത്രം എ ആർ റഹ്മാൻ തന്നെയാണ് തന്റെ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. “33 വർഷങ്ങൾക്കു ശേഷം മാസ്റ്റർക്കൊപ്പം. എത്ര മഹത്തായ അനുഭവം!” എന്നാണ് ഇളയരാജയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് റഹ്മാൻ കുറിച്ചത്. പുതിയ ചിത്രത്തിനൊപ്പം വർഷങ്ങൾക്കു മുൻപുള്ള ഓർമ്മചിത്രവും റഹ്മാൻ പങ്കുവെച്ചിട്ടുണ്ട്. ഇളയരാജയ്ക്ക് പിറകിൽ നിൽക്കുകയാണ് ആദ്യചിത്രത്തിൽ റഹ്മാൻ. രണ്ടാമത്തെ ചിത്രത്തിൽ തോളോട് തോൾ ചേർന്ന് പിയാനോ വായിക്കുന്നു. എല്ലാം ദൈവത്തിന്റെ അനുഗ്രഹമെന്നാണ് റഹ്മാൻ വിശേഷിപ്പിക്കുന്നത്.

ഇളയരാജയുടെ എക്കാലത്തെയും ഹിറ്റ് നമ്പറായ ‘പുന്നഗൈ മന്നനി’ലെ തീം മ്യൂസിക് പിയാനോയിൽ പ്ലേ ചെയ്ത് എ ആർ റഹ്മാൻ സദസ്സിനെ അമ്പരപ്പിക്കുകയും ചെയ്തു. 1986 ൽ റിലീസ് ചെയ്ത ‘പുന്നഗൈ മന്നനി’ലെ തീം മ്യൂസിക്കിനെ ‘നൂറ്റാണ്ടിലെ മികച്ച ബിജിഎം’ എന്നാണ് ഇളയരാജ ആരാധകർ വിശേഷിപ്പിക്കുന്നത്. കെ ബാലചന്ദർ സംവിധാനം ചെയ്ത ‘പുന്നഗൈ മന്നൻ’ മനോഹരമായൊരു പ്രണയകഥ എന്നതിനൊപ്പം തന്നെ ഇളയരാജയുടെ സംഗീതം കൊണ്ടും ശ്രദ്ധേയമായിരുന്നു.

ഇളയരാജയുടെ ട്രൂപ്പിൽ പിയാനിസ്റ്റായിട്ടായിരുന്നു എ ആർ റഹ്മാന്റെ കരിയറിന്റെ ആരംഭം. സ്വതന്ത്ര കമ്പോസറായി മാറും മുൻപ് ഇളയരാജയ്ക്ക് ഒപ്പം 500 നടുത്ത് സിനിമകളിൽ എ ആർ റഹ്മാൻ വർക്ക് ചെയ്തിട്ടുണ്ട്. 1992 ൽ റിലീസായ ‘റോജ’ എന്ന ചിത്രമാണ് റഹ്മാന്റെ ജീവിതത്തിൽ വഴിത്തിരിവായത്. 33 വർഷങ്ങൾക്കു മുൻപും ഇരുവരെയും ഒന്നിച്ച് വേദിയിൽ കണ്ടപ്പോൾ സദസ്സും ഹർഷാരവങ്ങളോടെയാണ് വരവേറ്റത്.

Read more: ഇളയരാജ എന്ന ലഹരി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook