IFFA Awards 2018: തായ്‌ലന്‍ഡിലെ ബാങ്കോക്കില്‍ നടന്ന 19-ാമത് ഐവ അവാര്‍ഡ്‌സിന് തിരശീല വീണു. അന്തരിച്ച പ്രമുഖ താരം ശ്രീദേവി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, മികച്ച നടനുള്ള പുരസ്‌കാരം ഇര്‍ഫാന്‍ ഖാനെ തേടിയെത്തി.
‘മോം’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ശ്രീദേവിക്ക് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചത്. ഇര്‍ഫാന്‍ ഖാനെ മികച്ച നടനാക്കിയത് ‘ഹിന്ദി മീഡിയം’ എന്ന ചിത്രത്തിലെ പ്രകടനമാണ്. ശ്രീദേവിക്ക് വേണ്ടി ഭര്‍ത്താവും നിര്‍മ്മാതാവുമായ ബോണി കപൂര്‍ പുരസ്‌കാരം ഏറ്റുവാങ്ങിയപ്പോള്‍, സംവിധായകന്‍ ദിനേഷ് വിജാനാണ് ഇര്‍ഫാനുള്ള പുരസ്‌കാരം ഏറ്റുവാങ്ങിയത്. ക്യാന്‍സറിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ഇര്‍ഫാന്‍ ലണ്ടനിലാണ് ഇപ്പോള്‍.
‘എന്റെ ഉള്ളിലൂടെ ഇപ്പോള്‍ ഒരുപാട് വികാരങ്ങള്‍ കടന്നു പോകുന്നുണ്ട്. ജീവിത്തിലെ ഓരോ നിമിഷത്തിലും ഞാന്‍ ശ്രീദേവിയെ മിസ്സ് ചെയ്യുന്നുണ്ട്. ഇപ്പോഴും അവര്‍ എനിക്കു ചുറ്റും ഉണ്ടെന്നു തന്നെയാണ് ഞാന്‍ കരുതുന്നത്. ശ്രീദേവിയെ പിന്തുണച്ചതു പോലെ നിങ്ങള്‍ ജാന്‍വിയേയും പിന്തുണയ്ക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് ബോണി കപൂര്‍ പറഞ്ഞു.
വിദ്യാ ബാലന്‍ കേന്ദ്രകഥാപാത്രമായെത്തിയ തുമാരി സുലു എന്ന ചിത്രമാണ് മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയത്. ഹിന്ദി മീഡിയം ഒരുക്കിയ സാകേത് ചൗധരി മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു.
ബോളിവുഡിലെ പ്രശസ്‌ത താരങ്ങള്‍ ഐഫയുടെ വേദിയില്‍ ചുവടുവച്ചു. താരസുന്ദരി രേഖ, ശ്രദ്ധ കപൂര്‍, രണ്‍ബീര്‍ കപൂര്‍, അര്‍ജുന്‍ കപൂര്‍, കൃതി സനോന്‍ തുടങ്ങിയവരുടെ നൃത്തപ്രകടനങ്ങള്‍ക്ക് ഐഫ സാക്ഷിയായി.