ന്യൂയോര്‍ക്ക്: ഇമ്പമാര്‍ന്ന സംഗീതത്തിന്‍റെ അകമ്പടിയോടെ, കാഴ്ചയുടെ പുതുവസന്തം സമ്മാനിച്ച് താരങ്ങള്‍ വിണ്ണില്‍ നിന്നു മണ്ണിലേക്കെത്തിയ രാവ്. അഴകിന്‍റെ ഏഴഴക് വിരിയിച്ച വസന്തം സമ്മാനിച്ച് ബോളിവുഡിന്‍റെ സുന്ദരിമാരും സുന്ദരന്‍മാരും ഒരുമിച്ച വിസ്മയക്കാഴ്ചകള്‍. ആട്ടവും പാട്ടുമൊക്കെ നിറഞ്ഞ, സിനിമയുടെ ബഹുവര്‍ണക്കാഴ്ചകളുമായെത്തിയ നിശയില്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ന്യൂയോര്‍ക്ക് നഗരത്തിലാണ് അഭ്രപാളിയിലെ താരങ്ങള്‍ 2017 ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം അക്കാഡമി (ഐഐഎഫ്എ) പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങാന്‍ ഒത്തുകൂടിയത്.

ഉഡ്താ പഞ്ചാബ് എന്ന ചിത്രത്തിലൂടെ മികച്ച പ്രകടനം കാഴ്ച്ചവെച്ച ഷാഹിദ് കപൂറും ആലിയ ഭട്ടുമാണ് മികച്ച നടനും നടിയുമായി തെരഞ്ഞെടുക്കപ്പെട്ടത്. നീര്‍ജ എന്ന ചിത്രമാണ് മികച്ച ചിത്രമായി തെരഞ്ഞെടുത്തത്. ന്യൂയോര്‍ക്കിലെ മെറ്റ്‍ലൈഫ് സ്റ്റേഡിയത്തിലാണ് അവാര്‍ഡ് നിശ അരങ്ങേറുന്നത്.

അമിതാഭ് ബച്ചന്‍ കേന്ദ്ര കഥാപാത്രമായ ‘പിങ്ക്’ എന്ന ചിത്രം ഒരുക്കിയ അനിരുദ്ധ റോയ് ചൗധരിയാണ് മികച്ച സംവിധായകന്‍. എംഎസ് ധോണി: അണ്‍ടോള്‍ഡ് സ്റ്റോറി എന്ന ചിത്രത്തിലൂടെ സഹനടനായി അനുപം ഖേറിനെ തെരഞ്ഞെടുത്തു. നീര്‍ജയിലൂടെ മികച്ച സഹനടിയായി ഷബ്ന ആസ്മി പുരസ്കാരം നേടി.

25 വര്‍ഷക്കാലത്തെ സംഗീത സംഭാവനയ്ക്ക് എആര്‍ റഹ്മാന് പുരസ്കാരം സമര്‍പ്പിച്ചു.

മികച്ച നവാഗത നടനായി ദിലിജിത്ത് ദോശഞ്ചിനെ തെരഞ്ഞെടുത്തു. ഉഡ്ത പഞ്ചാബാണ് ചിത്രം.

നവാഗത നടി ദിഷ പട്ടാണിയാണ്, ചിത്രം എംഎസ് ധോണി.

മികച്ച ഗായികയ്ക്കുളള പുരസ്കാരം തുളസി കുമാര്‍ (എയര്‍ലിഫ്റ്റ്), കണിക കപൂര്‍ (ഉഡ്ത പഞ്ചാബ്) എന്നിവര്‍ പങ്കിട്ടു. പിങ്കില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ച തപ്സി പന്നുവാണ് വുമണ്‍ ഓഫ് ദഇയര്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ