അംഗീകാരങ്ങളുടെ പെരുമഴയാണ് മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ടേക്ക് ഓഫ് എന്ന ചിത്രത്തിന്. ലോസ് ആഞ്ചലസില്‍ നടന്ന 16ാമത് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലിലും ഏറ്റവും നല്ല ഫീച്ചര്‍ ഫിലിമിനുള്ള ഓഡിയന്‍സ് അവാര്‍ഡിന് ടേക്ക് ഓഫ് തിരഞ്ഞെടുക്കപ്പെട്ടു.

IFFLA

2014ല്‍ ആഭ്യന്തര യുദ്ധകാലത്ത് ഇറാഖില്‍ കുടുങ്ങിയ 19 നഴ്സുമാരെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ടാണ് ടേക്ക് ഓഫിന്റെ കഥ പുരോഗമിക്കുന്നത്. യുദ്ധഭൂമിയില്‍ കുടുങ്ങിപ്പോയ ഇന്ത്യന്‍ നഴ്സുമാരുടെ കഥ പറയുന്ന സിനിമയില്‍ പാര്‍വ്വതി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷെബിന്‍ ബേക്കര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ചിരിക്കുന്ന ടേക്ക് ഓഫില്‍ കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ആസിഫ് അലി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിന്റെ തിരക്കഥ പി.വി ഷാജികുമാറായിരുന്നു. ദുബായിലും കൊച്ചിയിലുമായി ചിത്രീകരിച്ച ടേക്ക് ഓഫ് രാജേഷ് പിള്ള ഫിലിംസ് ആണ് വിതരണത്തിനെത്തിച്ചത്.

കഴിഞ്ഞ ദിവസം ദേശീയ പുരസ്‌കാരം പ്രഖ്യാപിച്ചപ്പോഴും ടേക്ക് ഓഫിലെ അഭിനയത്തിന് പാര്‍വ്വതിക്ക് ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചിരുന്നു. 48ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ പ്രത്യേക ജൂറി പുരസ്‌കാരവും ടേക്ക് ഓഫിന് ലഭിച്ചിരുന്നു. മികച്ച നടിക്കുള്ള രജതമയൂരം ചിത്രത്തിലെ അഭിനയത്തിന് പാര്‍വ്വതിക്കായിരുന്നു. കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോഴും മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് പാര്‍വ്വതി തന്നെ.

അംഗീകാരങ്ങളുടെ പെരുമഴ അവസാനിക്കുന്നില്ല എന്നതിന്റെ തെളിവാണ് ഐഎഫ്എഫ്എല്‍എയുടെ ഈ പുരസ്‌കാരം. ഇന്ത്യന്‍ സിനിമകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഐഎഫ്എഫ്എല്‍എ നടത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ