തിരുവനന്തപുരം: സ്വത്വവും ഇടവും നഷ്ടപ്പെട്ട ജനതയെ മുഖ്യപ്രമേയമാക്കിയ രാജ്യാന്തര ചലച്ചിത്രമേളയില്‍ 65 രാജ്യങ്ങളില്‍ നിന്നുള്ള 190 ലധികം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ലോകസിനിമാ വിഭാഗത്തിലെ 80 ലധികം ചിത്രങ്ങളും മത്സര വിഭാഗത്തിലുള്ള 14 ചിത്രങ്ങളും ഇതില്‍ ഉള്‍പ്പെടും. പലസ്തീന്‍ ജനതയുടെ ദുരിത ജീവിതം ചിത്രീകരിച്ച സിയാദ് ദുയെരിയുടെ ”ഇന്‍സള്‍ട്ട്” ആണ് ഉദ്ഘാടന ചിത്രം.

മത്സര വിഭാഗത്തിലെ നാല് ഇന്ത്യന്‍ ചിത്രങ്ങളില്‍ രണ്ട് മലയാള ചിത്രങ്ങൾ ഉൾപ്പെടുന്നു. “ഐഡന്റിറ്റി ആന്‍ഡ് സ്പേയ്സ് ” എന്ന വിഭാഗത്തില്‍ ആറ് സിനിമകളാണുള്ളത്. പ്രമുഖ ക്യൂറേറ്റര്‍ അലസാണ്ടറെ സ്പഷെലെ തെരഞ്ഞെടുത്ത ബംഗ്ലാദേശ് ചിത്രമായ ”ലൈവ് ഫ്രം ധാക്ക”, ബാബക് ജലാലിയുടെ ”റേഡിയോ ഡ്രീംസ്” മലയാളിയായ ഗീതു മോഹന്‍ദാസിന്റെ “ലയേഴ്‌സ് ഡയസ്” തുടങ്ങിയ ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.

കാന്‍ഡലേറിയ

ജോണി ഹെന്റിക്‌സ് സംവിധാനം ചെയ്ത ”കാന്‍ഡലേറിയ”, ഈഗര്‍ നജാസിന്റെ ”പൊമഗ്രാനൈറ്റ് ഓര്‍ച്ചാഡ്” തുടങ്ങിയവയാണ് മത്സര വിഭാഗത്തിലെ രാജ്യാന്തര ചിത്രങ്ങള്‍. പ്രേം ശങ്കര്‍ സംവിധാനം ചെയ്ത ‘രണ്ടുപേര്‍’, സഞ്ജു സുരേന്ദ്രന്‍ സംവിധാനം ചെയ്ത ‘ഏദന്‍’ എന്നിവയാണ് മത്സര വിഭാഗത്തിലെ മലയാള ചിത്രങ്ങള്‍. നിളാ മാധബ് പാണ്ഡയുടെ ‘കദ്‌വി ഹവാ’ അമിത് വി മസൂര്‍ക്കറിന്റെ ‘ന്യൂട്ടണ്‍’ എന്നിവയാണ് മത്സരയിനത്തിലെ ഇന്ത്യന്‍ ചിത്രങ്ങളാണ്. ജര്‍മ്മന്‍ ചി്രതമായ ‘യംങ് കാള്‍ മാര്‍ക്‌സ്’, അമേരിക്കന്‍ ചിത്രം ‘മദര്‍’, ഫ്രഞ്ച് ചിത്രമായ ”കസ്റ്റഡി” തുടങ്ങി ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക, ഏഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള വിഖ്യാത ചിത്രങ്ങള്‍ ലോക സിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.

വിഖ്യാത റഷ്യന്‍ സംവിധായകന്‍ അലക്‌സാന്‍ഡര്‍ സൊകുറോവിനാണ് ഇത്തവണത്തെ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം. ഫാദര്‍ ആന്റ് സണ്‍, ഫ്രാങ്കോ ഫോണിയ, മദര്‍ ആന്റ് സണ്‍, റഷ്യന്‍ ആര്‍ക്ക് തുടങ്ങിയ ആറ് സൊകുറോവ് ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഫിലിപ്പിനോ സംവിധായകനായ ലിനോ ബ്രോക്ക, മലയാളി സംവിധായകന്‍ കെ.പി. കുമാരന്‍ എന്നിവരുടെ ചിത്രങ്ങളും റെട്രോസ്പെക്ടിവ് വിഭാഗത്തില്‍ ഉണ്ടാകും.

കണ്ടംപററി മാസ്റ്റേഴ്‌സ് ഇന്‍ ഫോക്കസ് വിഭാഗത്തില്‍ ആഫ്രിക്കന്‍ സംവിധായകന്‍ മഹമ്മദ് സാലിഹ് ഹറൂണ്‍, മെക്‌സിക്കന്‍ സംവിധായകന്‍ മിഷേല്‍ ഫ്രാങ്കോ എന്നിവരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. സമകാലിക ഏഷ്യന്‍ സിനിമ, റിസ്റ്റോര്‍ഡ് ക്ലാസിക്‌സ്, ജൂറി ഫിലിംസ് എന്നിങ്ങനെ 21 പാക്കേജുകള്‍ ഇത്തവണ മേളയിലുണ്ട്. അഭ്രപാളിയിലെ മലയാളി സ്ത്രീ ജീവിതം വരച്ചുകാട്ടുന്ന ‘അവള്‍ക്കൊപ്പം’ എന്ന വിഭാഗം ഇത്തവണത്തെ മേളയുടെ മുഖ്യാകര്‍ഷണമാണ്. ജാപ്പനീസ് അനിമേഷന്‍ ചിത്രങ്ങള്‍ക്കായി പ്രത്യേക വിഭാഗം മേളയിലുണ്ട്. ഇതാദ്യമായാണ് ഇത്തരമൊരു വിഭാഗം മേളയില്‍ ഉള്‍പ്പെടുത്തുന്നത്.

ഇന്ത്യന്‍ സിനിമ ഇന്ന്, മലയാള സിനിമ ഇന്ന് എന്നീ വിഭാഗങ്ങളിലായി 14 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. അങ്കമാലി ഡയറീസ്, ടേക്ക് ഓഫ്, കറുത്ത ജൂതന്‍, നായിന്റെ ഹൃദയം, അതിശയങ്ങളുടെ വേനല്‍, മറവി, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ ചിത്രങ്ങള്‍ ഉണ്ടാകും.

സംവിധായകരായ കെ.ആര്‍. മോഹനന്‍, ഐ.വി ശശി, കുന്ദന്‍ ഷാ, നടന്‍ ഓംപുരി എന്നിവര്‍ക്ക് മേള സ്മരണാഞ്ജലി അര്‍പ്പിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook