ഇരുപത്തിനാലാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തിൽ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ജെല്ലിക്കെട്ടി’നൊപ്പമുള്ള മറ്റൊരു മലയാള ചിത്രമാണ് നവാഗതനായ കൃഷൻഡ് ആർ കെയുടെ ‘വൃത്താകൃതിയിലുള്ള ചതുരം’. മേളയുടെ ഏറ്റവും പ്രധാനപ്പെട്ട വിഭാഗമായ മത്സരവിഭാഗത്തിലേക്ക് ആദ്യ ചിത്രം തിരഞ്ഞെടുക്കപ്പെട്ടതിനെ കുറിച്ചും, സിനിമയോടുള്ള കാഴ്ചപ്പാടിനെ കുറിച്ചുമെല്ലാം കൃഷൻഡ് ഇന്ത്യൻ എക്സ്പ്രസ്സ് മലയാളവുമായി സംസാരിക്കുന്നു.
കൃഷൻഡ് എന്ന സംവിധായകന്‍
ഐ ഐ ടി ബോംബയിൽ നിന്ന് വിഷ്വല്‍ കമ്മ്യൂണിക്കേഷൻസിൽ ബിരുദാനന്തര ബിരുദം കഴിഞ്ഞു ഹൃസ്വ ചിത്രങ്ങളും, ഡോക്യൂമെന്ററികളും വെബ് സീരീസുകളും സംവിധാനം ചെയ്തിട്ടുണ്ട്. ‘ഉത്സാഹ ഇതിഹാസം’ എന്ന വെബ് സീരീസ് സിയോൾ വെബ് ഫെസ്റ്റിൽ മികച്ച ഹാസ്യ നാടകത്തിനുള്ള പുരസ്‌കാരം നേടിയിരുന്നു. ‘വാട്ടർബോഡീസ്’ എന്ന ഹൃസ്വ ഡോക്യുമെന്ററി ഈ വര്‍ഷം തിരുവനന്തപുരത്തു നടന്ന രാജ്യാന്തര ഹൃസ്വ ചിത്ര ഡോക്യുമെന്ററി മേളയിൽ (IDSFFK) പ്രദർശിപ്പിച്ചിരുന്നു.
ഞാനാദ്യമായി ദൃശ്യമാധ്യമ രംഗത്തേക്ക് കടന്നു വന്നപ്പോൾ (2011)ഞാൻ കരുതിയിരുന്നത് ഫീച്ചർ ഫിലിം ചെയ്താൽ മാത്രമേ നമ്മൾ ഒരു ഫിലിം മേക്കറായി അംഗീകരിക്കപ്പെടുകയുള്ളു എന്നാണ്. പിന്നെ എനിക്ക് മനസിലായി ഓരോ കഥക്കും അതിന്റെതായ സമയം ഉണ്ടെന്നു, ചിലതിനു 10 മിനിറ്റ് മതിയെങ്കിൽ ചിലതിനു 5 മണിക്കൂർ വരെ വേണ്ടി വന്നേക്കാം.
ഞാൻ അടുത്ത ചെയ്യാൻ പോകുന്നത് ഫിക്ഷനൽ മോക്കുമെന്ററി എന്ന ഴോനേരിൽ പെടുത്താവുന്ന ഒരു വർക്ക് ആണ്. വെബ് സീരീസ് പോലെയുള്ളവയോടും എനിക്ക് താല്പര്യമുണ്ട്. ഒരു രീതിയിൽ മാത്രമുള്ള ഫിലിം മേക്കിങ്ങിനോട് എനിക്ക് താല്പര്യമില്ല , എല്ലാ രീതിയിലുള്ള ദൃശ്യ സാധ്യതകളും പരീക്ഷിക്കാനാണ് എനിക്ക് താല്പര്യം.

ആദ്യ ചിത്രം ഐ എഫ് എഫ് കെയില്‍
ആദ്യത്തെ ഒരു മൂന്ന് നാലു ദിവസമൊക്കെ ഞാൻ വിശ്വസിച്ചില്ലായിരുന്നു, പിന്നെ പത്രത്തിലൊക്കെ വന്നപ്പോഴാണ് വിശ്വാസമായത്. അതിനു ശേഷം ആളുകളൊക്കെ മെസ്സേജ് ഒക്കെ അയച്ചു തുടങ്ങിയപ്പോൾ പറഞ്ഞറിയിക്കാനാവാത്ത ഒരുതരം സന്തോഷമായിരുന്നു, അത് പോലെ തന്നെ സിനിമയുടെ വി എഫ് എക്സ് പോലെയുള്ള കാര്യങ്ങൾ പൂർണതയിൽ എത്തിക്കണമല്ലോ എന്നുള്ള ടെൻഷനും ഉണ്ടായിരുന്നു. ഞാനൊക്കെ പണ്ട് ഐ എഫ് എഫ് കെ യിൽ മത്സര വിഭാഗത്തിലുള്ള ചിത്രങ്ങൾ കാണാനായി തള്ളിക്കേറിയിട്ടുള്ള ആളാണ്, ഇപ്പോൾ എന്റെ ചിത്രം മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുത്തപ്പോൾ വളരെ സന്തോഷം.
‘ജെല്ലിക്കെട്ടു’മായി മത്സരമില്ല
‘ജെല്ലികെട്ടും’ എന്റെ സിനിമയും മത്സര വിഭാഗത്തിലേക്കുള്ള മലയാള സിനിമകൾ ആയത് തികച്ചും സന്തോഷമുള്ള കാര്യമാണ്. നമ്മുടെ സിനിമ ഓൺലൈൻ പ്ലാറ്റഫോമിലേക്കൊക്കെ അയക്കുമ്പോൾ ‘ജെല്ലിക്കെട്ടു’മായി വേദി പങ്കിട്ട സിനിമ ആണെന്ന് പറയുന്നത് നമ്മുടെ സിനിമയുടെ മാർക്കറ്റ് വാല്യൂ കൂട്ടുമെന്നാണ് വിശ്വസിക്കുന്നത്. പക്ഷേ ജെല്ലിക്കെട്ടിന്റെ ദൃശ്യാഖ്യാന രീതി വളരെ വേഗത്തിലുള്ള ചടുലമായ താളത്തിലുള്ള കാഴ്ചകളാണ്. നമ്മുടെ സിനിമയുടെ ആഖ്യാന രീതി വളരെ വ്യത്യസ്തമാണ്, വളരെ പതിഞ്ഞ താളത്തിലുള്ള ആഖ്യാന രീതിയാണ്.
ഈ സിനിമക്കും ഒരു ഫിലോസോഫി ഉണ്ട് , അത് എല്ലാർക്കും കിട്ടണമെന്നില്ല. ആദ്യത്തെ പത്തു മിനിറ്റൊക്കെ കണ്ടിട്ടു ആളുകൾ ഇറങ്ങി പോവാൻ സാധ്യതയുണ്ട്. ഇതിലൊരു കഥാപാത്രത്തെ അവതരിപ്പിക്കാൻ തന്നെ 10 -15 മിനുട്ടു എടുക്കും, വളരെ പതുകെ ഒരാളുടെ ജീവിതചര്യ ഒക്കെ കാണിക്കുന്നുണ്ട്, അത് കഴിഞ്ഞു രണ്ടാം പകുതിയിലും വളരെ മെല്ലെ പോകുന്ന ഒരു ആഖ്യാന ശൈലിയാണ്, ഇത് രണ്ടും കഴിഞ്ഞാൽ ക്ലൈമാക്സിനോട് അടുക്കുമ്പോൾ കാഴ്ചക്കാർക്ക് ത്രില്ലിങ്ങായൊരു അനുഭവം സിനിമ കാത്തുവയ്ക്കുന്നുണ്ട്.
ആഖ്യാനരീതിയിൽ പരീക്ഷണങ്ങളൊന്നും നടത്തിയിട്ടില്ല
വളരെ പതുകെ പോകുന്ന ഉള്ളടക്കമാണ് ഈ സിനിമയുടേത്. എന്നാൽ നമ്മൾ സ്ഥിരം കണ്ടു പരിചയിച്ച ചലച്ചിത്ര മാതൃകയോട് സാദൃശ്യം തോന്നിപ്പിച്ചിട്ടു പിന്നെ മാറി സഞ്ചരിക്കുന്ന ഒരു തരം ആഖ്യാനമാണ് ഇതിന്റേത്. ഞാൻ നീറ്റഷെയുടെയൊക്കെ തത്വശാസ്ത്രം വായിച്ചപ്പോൾ അതിൽ വളരെ ആകൃഷ്ടനായിരുന്നു. അത്തരം ചിന്ത ധാരകളിൽ നിന്ന് സ്വാധീനം ഉൾക്കൊണ്ട് ചെയ്ത വെബ് സീരീസാണ് ‘ഉത്സാഹ ഇതിഹാസം.’ അതിനു സീയോളിൽ ബെസ്ററ് കോമഡി ഡ്രാമ അവാർഡ് കിട്ടിയിരുന്നു , ആ ഒരു മാതൃകയിൽ കുറച്ചുകൂടി സീരിയസായ അന്തരീക്ഷത്തിലാണ് ‘വൃത്താകൃതിയിലുള്ള ചതുരം’ ആവിഷ്കരിച്ചിരിക്കുന്നത്. ഈ സിനിമയുടെ ആഖ്യാനരീതിയിൽ അധികം പരീക്ഷണങ്ങളൊന്നും നടത്തിയിട്ടില്ല , എന്നാൽ വളരെ പതിഞ്ഞ സ്വരത്തിൽ പറഞ്ഞുപോകുന്ന ഒരു കഥയാണിത്.
തിയേറ്റർ റിലീസ് വേണ്ട
‘വൃത്താകൃതിയിലുള്ള ചതുര’ത്തിനു തിയേറ്റർ റിലീസ് വേണ്ടന്നാണ് എന്റെ തീരുമാനം . കാണണം എന്നുള്ളവർ തീർച്ചയായും ഇത്തരം ചിത്രങ്ങൾ തപ്പി പിടിച്ചു കാണുമെന്നാണെന്റെ വിശാസം. രണ്ടു മണിക്കൂർ വേറൊന്നും ചിന്തിക്കാതെ പോപ്പ് കോൺ ഒക്കെ തിന്നു സിനിമ കാണാൻ പോകുന്നവരുടെ ഇടയിൽ നമ്മൾ കല എന്നൊക്കെ പറഞ്ഞു പോകുന്നത് അവരെ വിഷമിപ്പിക്കുന്ന ഏർപ്പാടാണെന്നു തോന്നുന്നു.
പിന്നെ നമ്മൾ സിനിമയുടെ കല സാധ്യതകളാണ് അനേഷിക്കുന്നതു, തിയേറ്റർ സിനിമകൾക്ക് അതല്ല ആവശ്യം, ഓരോ 15 മിനിറ്റിലും ഒരു ട്വിസ്റ്റോ, പാട്ടോ സംഘടനമോ വേണ്ടി വരും അത്തരം സിനിമകൾക്ക്. അത്തരം സംഗതികളെ പറ്റി ചിന്തിക്കേണ്ടാത്തതു കൊണ്ട് നമുക്ക് സ്വതന്ത്രമായി നമ്മുടെ ഇഷ്ടത്തിന് സിനിമ എടുക്കാൻ ആവുന്നു. കലാമൂല്യമുള്ള ചിത്രങ്ങൾക്കു ഇവിടെ കൃത്യമായ പ്രേക്ഷകരുണ്ട് എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്, അവർ നല്ല ചിത്രങ്ങൾ കണ്ടു പിടിച്ചു കാണും.
സിനിമയുടെ സാമ്പത്തികം
കോടികളുടെ കണക്കു ഒന്നും പറയാനിലെങ്കിലും ഇതു വരെ ചെയ്ത വർക്കൊക്കെ വിറ്റു പോയിട്ടുണ്ട്. മുടക്കിയ പൈസയേക്കാൾ കുറച്ചും കൂടി ലാഭം കിട്ടുന്ന രീതിയിൽ തന്നെയാണ് ഇതു വരെ ചെയ്തത്. ആദ്യമായി നമ്മൾ ഒരിക്കലും മാർക്കറ്റിനു വേണ്ടിയാകരുത് ഒരു കലാസൃഷ്ടി ചെയുന്നത്. വളരെ ആത്മാര്ഥതയോടു കൂടി കലർപ്പില്ലാതെ ഒരു സൃഷ്ടി ചെയ്യുകയാണെങ്കിൽ ഇപ്പോൾ ഒരുപാടു ഓൺലൈൻ പ്ലാറ്റുഫോമുകൾ ഉണ്ട് നമ്മുടെ സിനിമ പ്രദർശിപ്പിക്കാൻ.
ഒന്ന് രണ്ടു മേളകൾക്കു പ്രദർശിപ്പിക്കാൻ പറ്റിയാലോ, അവിടെന്നൊക്കെ നല്ല അഭിപ്രായങ്ങളും, പുരസ്കാരങ്ങളുമൊക്കെ ലഭിച്ചാലോ ഒക്കെ നമ്മുക്ക് ഓൺലൈൻ വിതരണക്കാരോടൊക്കെ നേരിട്ട് സംസാരിച്ചു നമ്മുടെ സിനിമയെ മാർക്കറ്റ് ചെയ്യാനുള്ള സാധ്യതയൊക്കെ ഇപ്പോഴുണ്ട്. ഞാൻ ചെയ്ത വെബ് സീരീസ് ‘ഉത്സാഹ ഇതിഹാസം’ ഓൺലൈനിൽ ലഭ്യമാണ്. ‘വൃത്താകൃതി’യും ഒരു ഓൺലൈൻ പ്ലാറ്റഫോം വാങ്ങാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
ചലച്ചിത്രമേള തഴയുന്ന സമാന്തര സിനിമകള്‍
വാണിജ്യ സിനിമകൾക്കായി ഒരു പ്രത്യേക വിഭാഗം തുടങ്ങിയാൽ ഇപ്പോഴുള്ള വിമർശനങ്ങൾക്കു ഒരു പരിഹാരമാവുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ‘കുമ്പളങ്ങി നൈറ്റ്സ്’ പോലെയുള്ള ചിത്രങ്ങൾ തീർച്ചയായും മേളയിൽ പ്രദര്‍ശിപ്പിക്കേണ്ടവ തന്നെയാണ്. പക്ഷേ ഒരു സമാന്തര ചിത്രത്തെ ഒഴുവാക്കി മുഖ്യധാരാ ചിത്രത്തെ ഉള്‍പ്പെടുത്തുമ്പോഴാണ് പ്രശ്നം. വാണിജ്യ സിനിമകൾക്ക് പ്രത്യേക വിഭാഗം വന്നാൽ ഒരു പരിധി വരെ ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാം.
ഇഷ്ട സംവിധായകർ
മലയാളത്തിലാണെങ്കിൽ ഭരതന്റെ സിനിമകളൊക്കെ വളരെ ഇഷ്ടമാണ്, ഇപ്പോഴുള്ളവരിൽ ദിലീഷ് പോത്തൻ. ‘ബാഡ് ലാൻഡ്‌സ്,’ ‘തിന് റെഡ് ലൈൻ ഒക്കെ’ സംവിധാനം ചെയ്ത ടെറൻസ് മാലിക്ക് എന്റെ ഇഷ്ട സംവിധായകരിൽ ഒരാളാണ്. അനുരാഗ് കശ്യപിന്റെ ചിത്രങ്ങളും വളരെ ഇഷ്ടമാണ്.
Read Here: കരയാത്ത പ്രഭാവതിയമ്മ, കരളലിയിക്കുന്ന കഥ: അനന്ത് മഹാദേവന്‍ അഭിമുഖം