22ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമാണ് സയീദ്‌ ഡൗരിയുടെ ദ് ഇന്‍സള്‍ട്ട്. ഫ്രെഞ്ച്- ലെബനീസ് ഭാഷയിലൊക്കിയ ചിത്രം പലായനങ്ങളുടെയും ‘ഇരകളുടേയും’ ജീവിതങ്ങളാണ് സംവേദിക്കുന്നത്. സംവിധായകനും ജോവെല്ലേ ടൗമയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഈ വര്‍ഷത്തെ ചലച്ചിത്രമേള അഭിസംബോധന ചെയ്യുന്ന പലായനവും അഭയാര്‍ത്ഥി പ്രശ്നങ്ങളും പൂര്‍ണമായും സ്വാംശീകരിക്കുന്ന ഈ ചിത്രത്തില്‍ എറ്റവും ശ്രദ്ധേയമാകുന്നത് അതിന്‍റെ കഥാതന്തു തന്നെയാണ്.

സിറിയയും ഇസ്രായേലുമായി അതിര്‍ത്തി പങ്കിടുന്ന ലെബനിന്‍റെ ഭൂമിശാസ്ത്രമായും രാഷ്ട്രീയവുമായും ഏറെ കൂടിപ്പിണഞ്ഞുനില്‍ക്കുന്ന ചലച്ചിത്രമാണ് ദി ഇന്‍സള്‍ട്ട്. ആദേല്‍ കരം അഭിനയിച്ച ടോണി ഹന്നയും കമാല്‍ എല്‍ ബാഷ പ്രതിനിധാനം ചെയ്ത യാസര്‍ അബ്ദള്ള സലാമെ എന്ന കഥാപാത്രവും തമ്മില്‍ നടക്കുന്ന കലഹത്തില്‍ നിന്നുമാണ് കഥ ആരംഭിക്കുന്നത്. ടോണി ഹന്ന ലെബനീസ് ക്രിസ്ത്യനായും യാസര്‍ അബ്ദുള്ള പാലസ്തീനിയന്‍ അഭയാര്‍ഥിയായുമെത്തുന്ന ചിത്രത്തില്‍. ഇരുവരും തമ്മില്‍ നടന്ന കലഹം കോടതിയെത്തുകയാണ്. ടോണി ഹന്ന പാലസ്തീനിയന്‍ അഭയാര്‍ഥിയായ യാസര്‍ അബ്ദുള്ളയ്ക്ക് നേരെ നടത്തിയ വംശീയവെറിയും തുടര്‍ന്നുണ്ടായ കൈയ്യാങ്കളിയുമാണ് നിയമപോരാട്ടത്തിലേക്ക് വഴിവെക്കുന്നത്.

കോടതിയില്‍ നടക്കുന്ന വ്യവഹാരങ്ങള്‍ കഥയെ ഇരുവരുടേയും സ്വത്വ രാഷ്ട്രീയത്തിലേക്കും കൊണ്ടെത്തുകയാണ്. ക്രിസ്ത്യന്‍ വലതുരാഷ്ട്രീയത്തിനെ പിന്തുണക്കുകയും അവരുടെ റാലികളില്‍ പങ്കെടുക്കുകയും ചെയ്യുന്ന ടോണി അബ്ദുള്‍ സലാമെയ്ക്കെതിരെ പോരാടാന്‍ നിയമിക്കുന്നത് വലതുപക്ഷ രാഷ്ട്രീയത്തിന്‍റെ വക്താവ് കൂടിയായ വജ്‌ദി വഹ്ബെയെയാണ്. അബ്ദുള്‍ സലാമെയുടെ വക്കീലായ നദീന്‍, വജ്ദിയുടെ മകളാണ് എന്ന് അറിയുന്നത് തന്നെ ഏറെ വൈകിയാണ്. വജ്ദി വഹാബെ തുടക്കം കോടതിവ്യവഹാരത്തിന്‍റെ തുടക്കം മുതല്‍ തന്‍റെ രാഷ്ട്രീയ നിലപാടുകളില്‍ നിന്നുകൊണ്ട് തന്നെയാണ് വാദങ്ങള്‍ ഉയര്‍ത്തുന്നത്.

അഭയാര്‍ഥി ആണ് എന്നത് ഒരാളെ ശാരീരികമായി ആക്രമിക്കുവാനുള്ള ന്യായീകരണമാകുന്നില്ല എന്നും “ഏരിയല്‍ ഷാരോണിന് പാലസ്തീനെ ഒട്ടാകെ തുടച്ചുനീക്കാമായിരുന്നു” എന്ന വംശീയചുവയുള്ള അഭിപ്രായം വെറും അഭിപ്രായം മാത്രമായി കണ്ടാല്‍ മതി എന്നും വജ്‌ദി വഹാബെ വാദിക്കുന്നുണ്ട്. ഇതിനെ ഖണ്ഡിക്കുവാന്‍ നദീന്‍ ഉപയോഗിക്കുന്നത് പാലസ്തീനിയന്‍ ജനത കടന്നുപോയിട്ടുള്ളതായ സാഹചര്യങ്ങളുടെയും ഇത്തരം അഭിപ്രായങ്ങള്‍ അവരില്‍ ചെലുത്തുന്നതായി വൈകാരികതയുടെയും ന്യായവാദങ്ങളാണ്.

അച്ഛനും മകളും കോടതിയില്‍ നടത്തുന്ന പോരാട്ടങ്ങള്‍ ദ്വന്ദങ്ങളായ രാഷ്ട്രീയ വീക്ഷനങ്ങളായി സമൂഹത്തിലും പ്രതിഫലിക്കുന്നു. ഇരുപക്ഷവും ചേര്‍ന്നുകൊണ്ടുള്ള അഭിപ്രായരൂപീകരണങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും മാധ്യമലോകവും പങ്കാളികലാവുകയായി. രണ്ട് വ്യക്തികള്‍ തമ്മില്‍ നടന്ന ഒരു കലഹത്തെ നിയമപോരാട്ടം ഒരു രാഷ്ട്രീയ സംവാദമായും രാഷ്ട്രത്തിന്‍റെ ജിയോപൊളിറ്റിക്കലായ നിലപാടുകള്‍ നിര്‍ണയിക്കുവാനുള്ള തീരുമാനമായുംവരെ സമര്‍ത്ഥിക്കുമ്പോഴും ഇരു കക്ഷികളും ‘മാപ്പ്’ എന്നോരെയൊരു പരിഹാരത്തില്‍ തന്നെയാണ് ഉറച്ചുനില്‍ക്കുന്നത്.

അവരെ ഇരുവരെയും പുറത്തെ രാഷ്ട്രീയ ചലനങ്ങള്‍ ബാധിക്കുന്നില്ല എന്ന് മാത്രമല്ല. അവര്‍ അവരുടേതായ ശരികളില്‍ അടിയുറച്ചു വിശ്വാസം തുടരുന്നു. ഒടുവില്‍ ലെബനീസ് പ്രസിഡന്റ് വരെ പ്രശ്നപരിഹാരത്തിന് ശ്രമിക്കുമ്പോഴും ഇരുവരും നിലപാടില്‍ അണുവിട വ്യതിചലിക്കാതിരിക്കുന്നു. അത്യന്തം നാടകീയമായാണ് പിന്നീട് കേസിന്‍റെ ദിശമാറുന്നത്. ഒടുവില്‍ കോടതിയിലെ മൂന്നംഗ ബെഞ്ച്‌ ഒന്നിനെതിരെ രണ്ട് വോട്ടുകള്‍ക്ക് യാസര്‍ അബ്ദുള്ളയെ കുറ്റവിമുക്തനാക്കുന്നുണ്ട് എങ്കിലും അതിനിടയിലെ സംഭവവികാസങ്ങളിലാണ് സയീദ്‌ ഡൗരിയെന്ന സംവിധായകന്‍റെ കൗശലം.

ടോണിയുടെ പില്‍കാലം ചികയുകവഴി പാലായനവും അഭയാര്‍ത്ഥി പ്രശ്നങ്ങളും അന്ത്യമില്ലാത്തൊരു തുടര്‍പ്രക്രിയയാണ് എന്നുകൂടി ഓര്‍മിപ്പിക്കുകയാണ് തിരകതാകൃത്ത് കൂടിയായ സംവിധായകന്‍. ‘ഒരാള്‍ക്ക് പോലും പൂര്‍ണ്ണമായും ഇരയെന്ന ആധികാരികതയില്ല’ എന്ന സംഭാഷണത്തോടെ പാലായനങ്ങളൊരു തുടര്‍ക്കഥയാണ് എന്നും ഹിംസ എന്നത് അത്യന്തികമായൊരു യാഥാര്‍ഥ്യമാണ് എന്നുകൂടി സൂചിപ്പിക്കുന്നുണ്ട് സംവിധായകന്‍.

റിയലിസ്റ്റിക് സ്വഭാവത്തില്‍ ചിത്രീകരിച്ചിരിക്കുന്ന ഇന്‍സള്‍ട്ട് ഏറെ തന്മയത്വത്തോടെ സംവിധാനം ചെയ്തിരിക്കുന്ന ചലച്ചിത്രമാണ്. ‘സാങ്കേതികതകള്‍ പ്രേക്ഷകനില്‍ കൂടുതലായി ശ്രദ്ധചെലുത്താത്തതാണ് നല്ലൊരു സിനിമ’ എന്ന വാദത്തെ ന്യായീകരിക്കുന്നതാണ് കേരളാ രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനചിത്രം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook