/indian-express-malayalam/media/media_files/uploads/2017/12/surabhi-kamal-2.jpg)
ദേശീയ അവാര്‍ഡ് ജേതാവ് സുരഭി ലക്ഷ്മിയെ രാജ്യാന്തര ചലച്ചിത്രമേളയില്‍ നിന്ന് ഒഴിവാക്കി എന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന്റെ പുറകെ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, സുരഭിയുമായി സംസാരിച്ചു. ഉദ്ഘാടന പരിപാടിയില്‍ ഔദ്യോഗിക ചടങ്ങുകള്‍ വേണ്ടെന്നു വച്ച സാഹചര്യത്തിലാണ് സുരഭിയെ വിളിക്കാതിരുന്നതെന്നും സമാപന ചടങ്ങിലേക്ക് ക്ഷണിക്കുന്ന കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'കമല്‍ സാര്‍ എന്നെ ഫോണില്‍ വിളിച്ചിരുന്നു. സുരഭിയെ പോലെ ദേശീയ പുരസ്‌കാരം നേടിയ ഒരു നടിയെ ഔദ്യോഗിക ചടങ്ങുകളെല്ലാം റദ്ദാക്കിയ പ്രത്യക സാഹചര്യത്തില്‍ വിളക്കെടുത്തു കൊടുക്കാനും മറ്റും വിളിക്കുന്നത് ഔചിത്യമല്ലല്ലോ എന്നു കരുതിയാണ് വിളിക്കാതിരുന്നത്. സമാപന ചടങ്ങിന് സുരഭിയെ വിളിക്കുന്ന കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിച്ചിട്ടുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്. പക്ഷെ, എനിക്ക് ചോദിക്കാനുള്ളത്, സമാപന ചടങ്ങിന് ക്ഷണിക്കണമെങ്കിലും ഇപ്പോഴാണോ വിളിക്കേണ്ടത്? പ്രത്യേകിച്ച് എന്നെ അവഗണിച്ചു എന്ന വാര്‍ത്തകള്‍ ഇങ്ങനെ ചര്‍ച്ചയായ സാഹചര്യത്തില്‍? മുന്‍കൂട്ടി ഒരു അറിയിപ്പ് പോലും തന്നിട്ടില്ല. നമ്മള്‍ വേറെ ജോലികള്‍ ഒന്നും ഇല്ലാതെ ഇരിക്കുകയല്ലല്ലോ.'
എന്നാല്‍ സുരഭിക്ക് ചലച്ചിത്രമേളയുടെ കീഴ് വഴക്കങ്ങള്‍ അറിയാത്തതിന്റെ തെറ്റിദ്ധാരണയില്‍ സംഭവിച്ച വിവാദമാണ് ഇതെന്ന് സംവിധായകനും അക്കാദമി ചെയര്‍മാനുമായ കമല്‍ പ്രതികരിച്ചു.
'പുരസ്‌കാര ജേതാക്കളെയെല്ലാമൊന്നും ചടങ്ങിലേക്ക് ക്ഷണിക്കാറില്ല. സുരഭിക്ക് മേളയുടെ കീഴ് വഴക്കങ്ങള്‍ അറിയില്ല. സലിംകുമാറിനും സുരാജ് വെഞ്ഞാറമ്മൂടിനുമെല്ലാം പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. പക്ഷെ അവരെയും ക്ഷണിച്ചിട്ടില്ല. സിനിമ പ്രദര്‍ശിപ്പിക്കുന്നുണ്ടെങ്കില്‍ മാത്രമേ അഭിനേതാക്കളെ ക്ഷണിക്കേണ്ടതുള്ളൂ. പിന്നെ പരിപാടികളൊക്കെ വേണ്ടെന്നു വച്ച സാഹചര്യത്തില്‍ കൂടിയാണ് ക്ഷണിക്കാതിരുന്നത്.' കമല്‍ പറഞ്ഞു.
പതിമൂന്നു വര്‍ഷത്തിന് ശേഷം 'മിന്നാമിനുങ്ങ്' എന്ന സിനിമയിലൂടെ മലയാളത്തിലേയ്ക്ക് മികച്ച ദേശീയ അവാര്‍ഡ് കൊണ്ടുവന്ന നടിയാണ് സുരഭി ലക്ഷ്മി. 'പാഠം ഒന്ന് ഒരു വിലാപം' എന്ന ചിത്രത്തിലൂടെ 2003ല്‍ മീരാജാസ്മിനാണ് അതിനു മുമ്പ് കേരളത്തിലേക്ക് പുരസ്‌കാരം കൊണ്ടു വന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us