കല, ആവിഷ്കാരം, സ്വാതന്ത്രം എന്നിവയെക്കുറിച്ച് ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന തത്വങ്ങളെയെല്ലാം ബ്യൂറോക്രസിയുടെ നിയമങ്ങളില്‍ സൗകര്യപൂര്‍വ്വം കുടുക്കിയിട്ട്, തങ്ങള്‍ക്കു (പല കാരണങ്ങള്‍ കൊണ്ടും) അഭിമതമല്ലാത്ത ചിത്രങ്ങള്‍ ഒഴിവാക്കി നിര്‍ത്തിക്കൊണ്ട് തന്നെ ഗോവ ചലച്ചിത്ര മേളയ്ക്ക് കൊടിയിറങ്ങി. മേളയില്‍ കാണിച്ച ചിത്രങ്ങളെക്കാളും ചര്‍ച്ചയായത് കാണിക്കാതെ പോയ മലയാള ചിത്രം ‘സെക്സി ദുര്‍ഗ്ഗ’ യും, മറാത്തി ചിത്രം ‘ന്യൂഡും’ എന്നത് വെറും വിരോധാഭാസമായല്ല, മറിച്ച് വലിയ പ്രതിരോധത്തിനുള്ള മുന്നൊരുക്കങ്ങളായി വായിക്കേണ്ടി വരും. പ്രത്യേകിച്ച്, കഷ്ടിച്ച് പത്തു ദിവസങ്ങള്‍ക്കപ്പുറം കേരളത്തില്‍ ഒരു ‘ജനകീയ മേള’ കൊടിയുയര്‍ത്താന്‍ തയ്യാറെടുക്കുമ്പോള്‍.

കേരള ഹൈക്കോടതിയുടെ നിര്‍ദ്ദേശമുണ്ടായിട്ടും ഗോവയില്‍ സനല്‍കുമാര്‍ ശശിധരന്‍റെ ‘സെക്സി ദുര്‍ഗ്ഗ’ പ്രദര്‍ശിപ്പിക്കാന്‍ ഫെസ്റ്റിവല്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. ഇന്ത്യന്‍ പനോരമ ജൂറി ഒന്ന് കൂടി സിനിമ കണ്ടു വിലയിരുത്തി, ‘എസ് ദുര്‍ഗ്ഗ’ എന്ന സിനിമയുടെ പേര് സിനിമയില്‍ എഴുതിക്കാണിക്കുന്ന വിധത്തില്‍ വന്ന ചില വ്യത്യാസങ്ങള്‍ ചൂണ്ടി കാട്ടി സി ബി എഫ് സിക്ക് കത്തയയ്ക്കുകയായിരുന്നു ജൂറി. ഇതിന്‍റെ അടിസ്ഥാനത്തില്‍ സിനിമയുടെ ഇപ്പോള്‍ നിലവിലുള്ള സര്‍ട്ടിഫിക്കേഷന്‍ സി ബി എഫ് സി റദ്ദു ചെയ്യുകയും ചെയ്തു. ചിത്രം ഒന്ന് കൂടി സെന്‍സറിന് സമര്‍പ്പിക്കണം എന്നാണു സനലിന് കിട്ടിയിടുള്ള നിര്‍ദ്ദേശം.
എന്നാല്‍ 22 ണ്ടാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ (ഐ എഫ് എഫ് കെ) ‘സെക്സി ദുര്‍ഗ്ഗ’ എന്ന ‘എസ് ദുര്‍ഗ്ഗ’ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാണ് എന്ന് ഫെസ്റ്റിവല്‍ ഡയറക്ടറും കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍ ഇന്ന് പത്രപ്രവര്‍ത്തകരെ അറിയിച്ചു. രാഷ്ട്രീയ പ്രതിരോധമായാണ് ഒരിക്കല്‍ മലയാള സിനിമ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി, പിന്നീട് സംവിധായന്‍ തന്നെ പിന്‍വലിച്ച ‘എസ് ദുര്‍ഗ്ഗ’ വീണ്ടും പ്രദര്‍ശിപ്പിക്കാനുള്ള തീരുമാനം എടുത്തത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മത്സര വിഭാഗത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് സനല്‍ തന്‍റെ ചിത്രം ഐ എഫ് എഫ് കെയില്‍ നിന്നും പിന്‍വലിച്ചത്.
എന്നാല്‍ ഇനി ഏതു വിഭാഗത്തിലാണ് ചിത്രം ഉള്‍പ്പെടുത്തേണ്ടത് എന്നതിനെക്കുറിച്ച് തീരുമാനം ആയില്ല. എങ്കിലും ആവിഷ്കാര സ്വാതന്ത്രത്തിനെതിരെയുള്ള കടന്നു കയറ്റത്തിനെ പ്രതിരോധിച്ചു കൊണ്ട് മേളയില്‍ ‘എസ് ദുര്‍ഗ്ഗ’ യുണ്ടാകും എന്ന് മേളയുടെ ആര്‍ടിസ്റ്റിക്ക് ഡയറക്ടര്‍ ബീനാ പോള്‍ വേണുഗോപാല്‍.
‘ഒരിക്കല്‍ മേളയില്‍ നിന്ന് പിന്‍വലിക്കപ്പെട്ട ചിത്രമാണെങ്കില്‍ കൂടി ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ ചിത്രം കാണിക്കേണ്ടത് ആവശ്യമാണ് എന്ന് തോന്നിയത് കൊണ്ടാണ് ഇങ്ങനെ ഒരു നടപടി. കോടതി നിര്‍ദ്ദേശം ഉണ്ടായിട്ടു കൂടി ഗോവയില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ സാധിക്കാത്തത് ദൗര്‍ഭാഗ്യകരമാണ്. കോടതിയുടെ ഇടപെടല്‍ തന്നെ ഒരു ചലച്ചിത്ര മേളയ്ക്ക് അഭികാമ്യമല്ല. എന്നാലും ഒരു പ്രത്യേക സാഹചര്യത്തില്‍ കോടതിക്ക് ഇടപെടേണ്ടി വന്നു. പക്ഷെ അതും ഫലവത്തായില്ല. അത് ശരിക്കും സങ്കടകരമാണ്’.

കേന്ദ്രം ഇടങ്കോലിട്ട ചിത്രങ്ങള്‍ ഇതിനു മുന്‍പും കേരളത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജയന്‍ ചെറിയാന്‍ സംവിധാനം ചെയ്ത ‘ക ബോഡി സ്കെപ്സ് അതിനൊരു ഉദാഹരണമാണ്. കഴിഞ്ഞ ഹ്രസ്വ ചിത്ര മേളയില്‍ കേന്ദ്രം പ്രദര്‍ശനാനുമതി നിഷേധിച്ച മൂന്നു ചിത്രങ്ങള്‍ക്ക് വേണ്ടി അക്കാദമി കോടതിയില്‍ അപ്പീല്‍ പോവുകയും അതില്‍ വിജയിക്കുകയും ചെയ്തു.
‘ഇതൊരു പ്രതിഷേധം തന്നെയാണ്. നമ്മള്‍ എല്ലാവരും സിനിമാ മേഖലയില്‍ തന്നെ ജോലി ചെയ്യുന്നവരാണ്. ഈ മേള ചലച്ചിത്ര പ്രവര്‍ത്തകരുടെയും ആസ്വാദകരുടെയും മേളയാണ്. ഇതിനെ ഒരു ബ്യൂറോക്രാറ്റിക്ക് മേളയായിട്ടല്ല കാണുന്നത്. അത് കൊണ്ട് തന്നെ എല്ലാത്തരം സിനിമകള്‍ക്കും വേദി ഒരുക്കേണ്ടത് ഐ എഫ് എഫ് കെയുടെ കടമയായി ഞാന്‍ കരുതുന്നു.’
ചിത്രത്തിന്‍റെ സെന്‍സര്‍ സര്‍ട്ടിഫിക്കേറ്റ് റദ്ദു ചെയ്തത് ഈ തീരുമാനത്തെ എങ്ങനെ ബാധിക്കും എന്നതിനെക്കുറിച്ച് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല എന്നും ബീനാ പോള്‍ പ്രതികരിച്ചു.
‘എസ് ദുര്‍ഗ്ഗ’ ഐ എഫ് എഫ് കെയില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് സനല്‍ കുമാര്‍ ശശിധരന്‍ ‘കാഴ്ച ഫിലിം ഫെസ്റിവലി’ന് രൂപം കൊടുത്തിരുന്നു. ഐ എഫ് എഫ് കെ യ്ക്ക് സമാന്തരമായാണ് ഈ ‘പ്രതിഷേധ മേളയും’ നടക്കുക.
‘പ്രതിഷേധങ്ങള്‍ അനിവാര്യവും ആവശ്യവുമാണ് എന്ന് വിശ്വസിക്കുന്നു. ലോകത്തെ പ്രധാനപ്പെട്ട മേളകളില്‍ എല്ലാം തന്നെ – എഡിന്‍ബറോ, ബെര്‍ലിന്‍ എന്നിങ്ങനെ – റെസ്സിറ്റന്‍സ് ഒരു അഭിഭാജ്യ ഘടകമാണ്. അത് കൊണ്ട് “കാഴ്ച മേളയെ” സ്വീകരിക്കുക തന്നെ ചെയ്യും. ഐ എഫ് എഫ് കെയില്‍ ഒരു പ്രതിഷേധം നടക്കുന്നത് കൊണ്ട് അവിടെ നടക്കുന്ന പ്രതിഷേധങ്ങള്‍ ഒരു തരത്തിലും കുറഞ്ഞു പോകും എന്നൊന്നും നമുക്ക് പറയാനാകില്ല. ഞങ്ങള്‍ ആ സിനിമ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചത് പ്രധാനമായും ഒരു ഐക്യദാര്‍ഡ്യത്തിന്‍റെ ഭാഗമായാണ്. അല്ലാതെ കാഴ്ചയില്‍ എന്ത് നടക്കുന്നു എന്ന് നോക്കിയിട്ടല്ല.’