കൊച്ചി. സിനിമ മേഖലയ്ക്കുള്ളിൽ തൊഴിൽ ചെയുന്ന പല സ്ത്രീകൾക്കും അവരുടെ അവകാശങ്ങളെ പറ്റിയും , ലൈംഗിക അതിക്രമത്തിന്റെ പരിധിയിൽ എന്തൊക്കെ വരാം എന്നതിനെ പറ്റിയും ധാരണ കുറവുണ്ടെന്ന് നടിയും, വിമെൻ ഇൻ സിനിമ കളക്ടീവ് അംഗവുമായ റിമ കല്ലിങ്കല്‍ അഭിപ്രായപ്പെട്ടു. കൊച്ചിയിൽ നടക്കുന്ന പ്രാദേശിക അന്താരാഷ്ട്ര ചലച്ചിത്ര മേളയോട് അനുബന്ധിച്ചു നടന്ന ആന്തരിക പരിഹാര കമ്മിറ്റി സിനിമ മേഖലയിൽ എങ്ങനെ നടപ്പാക്കാം എന്ന ചര്‍ച്ചയില്‍ പങ്കെടുത്ത കൊണ്ടാണ് റിമ ഇക്കാര്യം പറഞ്ഞത്.
“സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന പല സ്ത്രീകൾക്കും ലൈംഗിക അതിക്രമത്തിന്റെ പരിധിയിൽ എന്തൊക്കെ വരാം എന്നുള്ളതിന്റെ പറ്റി അറിവില്ല. സിനിമ മേഖലയിലെ എല്ലാ സംഘടനകളും ഇതിനെ കുറിച്ച് ബോധവത്കരണം നടത്തേണ്ടത് അത്യാവശ്യമാണ്,” റിമ പറഞ്ഞു. “സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളോ, ഭീഷണിയുടെ സ്വരത്തിലുള്ള പരാമര്‍ശങ്ങളോ, തൊഴിലില്ലാതാക്കും എന്ന തരത്തിലുള്ള പരാമര്‍ശങ്ങളോ ഒക്കെ ശിക്ഷാർഹമായ കുറ്റങ്ങളാണ്, ഇവയെല്ലാം തന്നെ അതിക്രമത്തിന്റെ പരിധിയിൽ വരുന്നതാണ്,” റിമ കൂട്ടിച്ചേര്‍ത്തു. “ഇന്ന് രാവിലെ തന്നെ എന്നെ ഒരു പുതിയ കുട്ടി വിളിച്ചു പറഞ്ഞത്, അവർ ജോലി ചെയുന്ന സെറ്റിലെ സഹ സംവിധായകൻ ‘ഇത് കഴിഞ്ഞിട്ട് നിന്നെ കാണിച്ചു തരാം’ എന്ന തരത്തിൽ ഭീഷണി പെടുത്തിയതായി പറഞ്ഞു, ചിലപ്പോൾ നാളെയോ മറ്റന്നാളോ അതൊരു വാർത്തയായി വരാം. വൈറസ് എന്ന ചിത്രം ചെയുമ്പോൾ നമ്മൾ അവിടെ ഒരു പരാതി പരിഹാര സമിതി രൂപീകരിച്ചിരുന്നു. ഇത് അത്ര ബുദ്ധിമുട്ടുള്ള ഒരു കാര്യമല്ല,” റിമ വ്യക്തമാക്കി.
കൊച്ചിയിലെ പ്രമുഖ അഭിഭാഷകയും, സാമൂഹിക പ്രവർത്തകയുമായ മായാ കൃഷ്ണനും റിമയോട് യോജിച്ചു സംസാരിച്ചു. “ഇവിടെ ഒരു പരിഹാര സമിതി നടപ്പാക്കുനുള്ള നിയമം ഉണ്ട് . അത് സിനിമ മേഖലയിൽ എങ്ങനെ നടപ്പാകും എന്നതിനെ കുറിച്ചാണ് പലർക്കും ആശങ്ക. ഒരു മൂന്നംഗ സമിതിയാണ് പരിഹാര സെല്ലിനായി വേണ്ടത് , അതിൽ ജോലി സ്ഥലത്തെ ഏറ്റവും മുതിർന്ന സ്ത്രീ ജീവനക്കാരി, പിന്നെയുള്ള രണ്ടു പേർക്ക് ഒന്നുകിൽ നിയമ പരിജ്ഞാനം അല്ലെങ്കിൽ , സ്ത്രീകളുടെ ക്ഷേമത്തിനായി പ്രവർത്തിച്ച പരിചയം അല്ലെങ്കിൽ സാമൂഹിക പ്രവർത്തനം തുടങ്ങിയവയില്‍ പരിചയ സമ്പത്ത് ഉണ്ടായിരിക്കണം. പിന്നെ നാലാമതൊരാൾ പുറത്തു നിന്നുള്ള വ്യക്തിയാവണം, പരാതികൾ അട്ടിമറിക്കപ്പെടാതിരിക്കാനാണ് പുറത്തു നിന്നൊരാൾ നിർബന്ധമായും വേണം എന്ന് പറയുന്നത്” മായ പരിഹാര സമിതിയുടെ നിയമ വശങ്ങളെ കുറിച്ച് പറഞ്ഞു.
പ്രൊഡ്യൂസഴ്സ് അസോസിയേഷൻ അംഗമായ അനിൽ തോമസ് പരിഹാര സമ്മിതിയുണ്ടാക്കുന്നതിൽ പല തരത്തിലുള്ള ആശയ കുഴപ്പങ്ങൾ ഉണ്ടെന്നു വാദിച്ചു. ” വനിതാ കമ്മിഷനും സിനിമ മേഖലയിലെ സംഘടനകളുമായി നടത്തിയ ചർച്ചയിൽ സിനിമ മേഖലയിൽ പരിഹാര സമിതി ഉണ്ടാക്കുന്നതിൽ പല ആശയകുഴപ്പങ്ങളെ പറ്റിയും ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്, അതിനു വേണ്ട വ്യക്തത വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു,” അനിൽ തോമസ് പറഞ്ഞു.
സിനിമ നടനായ സന്തോഷ് കീഴാറ്റൂർ, സാമൂഹിക പ്രവർത്തകയായ രേഖ രാജ്, ചലച്ചിത്ര അക്കഡേയ് വൈസ് ചെയര്മാന് പ്രേം കുമാർ, കപ്പേള എന്ന ചിത്രത്തിന്റെ നിർമ്മാതാവ് വിഷ്ണു തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. പ്രശസ്ത സാമൂഹിക പ്രവർത്തകയായ ജ്യോതി നാരായണനാണ് ചർച്ചക്ക് മധ്യസ്ഥത വഹിച്ചത്.
Also Read: ദിലീപിനെതിരായ വധഗൂഢാലോചന കേസ്: ക്രൈം ബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു