scorecardresearch

റോട്ടർഡാമിനു പിന്നാലെ ഐ എഫ് എഫ് കെയിലും; 'പ്രാപ്പെട'യുടെ വിശേഷങ്ങളുമായി കൃഷ്‌ണേന്ദു കലേഷ്

അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ 'മലയാളം സിനിമ ഇന്ന്' എന്ന വിഭാഗത്തിലാണ് 'പ്രപ്പെട' പ്രദർശിപ്പിക്കപ്പെടുന്നത്

അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ 'മലയാളം സിനിമ ഇന്ന്' എന്ന വിഭാഗത്തിലാണ് 'പ്രപ്പെട' പ്രദർശിപ്പിക്കപ്പെടുന്നത്

author-image
Goutham V S
അപ്‌ഡേറ്റ് ചെയ്‌തു
New Update
Prappeda, Krishnendu Kalesh, Prappeda movie, Prappeda IFFK

യുദ്ധത്തെയും കുടിയേറ്റത്തെയും വെറുപ്പിന്റെ രാഷ്ട്രീയത്തെയും പ്രമേയമാക്കുന്ന കൃഷ്‌ണേന്ദു കലേഷിന്റെ 'പ്രാപ്പെട' ഈ വർഷത്തെ റോട്ടർഡാം ഫിലിം ഫെസ്റ്റിവലിൽ 'ബ്രൈറ്റ് ഫ്യൂച്ചർ' വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. തിരുവനന്തപുരത്തു നടക്കുന്ന 26-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ 'മലയാളം സിനിമ ഇന്ന്' എന്ന വിഭാഗത്തിലും ചിത്രം പ്രദർശനത്തിനൊരുങ്ങുകയാണ്.

Advertisment

സിഡിറ്റിൽ ഡിസൈനറായി തന്റെ കരിയർ ആരംഭിച്ച കൃഷ്‌ണേന്ദു 2003 ഐ എഫ് എഫ് കെയിലൂടെയാണ് സിനിമയാണ് തന്റെ പാഷൻ എന്ന് തിരിച്ചറിയുന്നത് . ഇപ്പോൾ അതേ മേളയിൽ തന്റെ ചിത്രം പ്രദർനത്തിനെത്തുമ്പോൾ കൃഷ്‌ണേന്ദു സന്തോഷത്തിലാണ്. തന്റെ ആദ്യ ചിത്രമായ 'പ്രപ്പെട'യുടെ വിശേഷങ്ങൾ ഇന്ത്യൻ എക്സ്‌പ്രസ് മലയാളവുമായി പങ്കുവയ്ക്കുകയാണ് കൃഷ്‌ണേന്ദു കലേഷ്.

പ്രാപ്പെടയെക്കുറിച്ച്

അടിസ്ഥാനപരമായി ഒരു യുദ്ധവിരുദ്ധ സിനിമയാണ് പ്രാപ്പെട. സിനിമയിൽ സർറിയൽ ഘടകങ്ങളുണ്ട്, ഒരു ഡിസ്റ്റോപ്പിയൻ ഭാവിയിലാണ് ചിത്രത്തിന്റെ ആഖ്യാനം നടക്കുന്നത്. 100 വർഷങ്ങൾക്ക് ശേഷം ഒറ്റപ്പെട്ട ഒരു വീട്ടിൽ കുറച്ച് ആളുകൾ താമസിക്കുന്ന ഒരു സാങ്കൽപ്പിക ഭൂപ്രദേശമാണ് സിനിമയുടെ പശ്ചാത്തലം. ആ വീട്ടിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ ഒരു പെൺകുട്ടിയുടെ മനോസഞ്ചാരങ്ങളിലൂടെയാണ് ചിത്രം മുന്നോട് പോകുന്നത്. ലോകം എങ്ങനെ പ്രവർത്തിക്കുന്നുവെന്നോ സാമൂഹിക ജീവിതം എങ്ങനെയാണെന്നോ അറിയാത്ത ഒരു പെൺകുട്ടിയെ ചുറ്റിപ്പറ്റിയാണ് സിനിമ സഞ്ചരിക്കുന്നത്. ഈ കൗമാരക്കാരിയുടെ ജീവിതത്തിലെ ഏഴ് ദിവസങ്ങളും അവൾ നേരിടുന്ന പ്രതിസന്ധികളെയും ചിത്രം വരച്ചു കാട്ടുന്നു.

പ്രാപ്പെടയുടെ ആഖ്യാന ശൈലിയിലെ സ്വാധീനം

ഞാൻ അടിസ്ഥാനപരമായി ഒരു സിനിമാ പ്രേമിയാണ്, അതിനാൽ പല വിധത്തിലുള്ള ആഖ്യാന ശൈലികൾ എന്നെ സ്വാധീനിക്കാറുണ്ട്. പ്രാപ്പിടയ്ക്കായി, ഞാൻ ഒരു ഹൈബ്രിഡ് ആഖ്യാനരീതിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിന് ആഖ്യാന സിനിമയുടെ ഘടകങ്ങളുണ്ട്, ചില ഭാഗങ്ങളിൽ നിങ്ങൾക്ക് ആർട്ട് ഹൗസ് സിനിമയുടെ സ്വാധീനം അനുഭവപ്പെട്ടേക്കാം. ചില ഭാഗങ്ങൾ സംഗീതപരമായി കൈകാര്യം ചെയ്തിട്ടുണ്ട്, കൂടാതെ ഈ സിനിമയിൽ മെലോഡ്രാമാറ്റിക് സന്ദർഭങ്ങളും ഉണ്ട്. സിനമയിലെ മാന്ത്രികൻ എന്നറിയപ്പെടുന്ന, ആദ്യമായി സിനിമയിൽ സ്‌പെഷ്യൽ ഇഫക്‌ട്‌സ് അവതരിപ്പിച്ച ജോർജ്ജ് മെലിയസ് ഉൾപ്പെടെയുള്ള നാല് സംവിധായകർക്ക് സിനിമയുടെ തുടക്കത്തിൽ ഞാൻ നന്ദി പറഞ്ഞിട്ടുണ്ട്; റഷ്യൻ ചലച്ചിത്രകാരൻ ആന്ദ്രേ തർകോവ്സ്കി; കുട്ടികളുടെ വീക്ഷണകോണിൽ നിന്ന് യുദ്ധവിരുദ്ധ സിനിമകൾ നിർമ്മിച്ച ഹയാവോ മിയാസാക്കിയും ദി ഷേപ്പ് ഓഫ് വാട്ടറിന്റെ സംവിധായകൻ ഗില്ലെർമോ ഡെൽ ടോറോയും. സത്യത്തിൽ, എന്റെ സിനിമയിലും ഞാൻ 'ദ ഷേപ്പ് ഓഫ് വാട്ടറി'ലെ ചില ഘടകങ്ങൾ ഉപയോഗിച്ചിട്ടുണ്ട്.

Advertisment

എന്തുകൊണ്ട് ഒരു യുദ്ധ വിരുദ്ധ സിനിമ?

യുദ്ധം മനുഷ്യനിർമിത പ്രതിഭാസമാണ്. ഇത് മനുഷ്യൻ സൃഷ്ടിച്ച അതിരുകളുടെ ഫലമാണ്, അല്ലെങ്കിൽ വെറുക്കാനായി 'മറ്റൊരാളെ' സൃഷ്ടിക്കാൻ കുട്ടിക്കാലം മുതൽ നിങ്ങളെ പഠിപ്പിക്കുന്ന ഒരു ഗൂഢാലോചനയാണ്. ശത്രുരാജ്യമെന്ന സങ്കൽപ്പം പോലും ഈ ഗൂഢാലോചനയുടെ ഭാഗമാണ്. ലോകമെമ്പാടും നടന്നിട്ടുള്ളതോ നടക്കുന്നതോ ആയ മെഗാ യുദ്ധങ്ങൾ നമ്മുടെ സ്വന്തം വീടുകൾക്കുള്ളിൽ മൈക്രോ ലെവലിൽ നടക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു, അതാണ്‌ എന്റെ സിനിമയുടെ കാതൽ . വിഭജനം, ഭൂമി കയ്യേറ്റം, അഭയാർത്ഥികൾ - ഈ മനുഷ്യനിർമ്മിത ആശയങ്ങളെല്ലാം ഈ സിനിമയിൽ സൂക്ഷ്മമായി അവതരിപ്പിക്കുന്നു. ചുരുക്കത്തിൽ, യുദ്ധത്തിന്റെ അനന്തരഫലങ്ങളുടെ സൂക്ഷ്മതല പ്രതിനിധാനമാണ് പ്രാപ്പെട.

ഈ സിനിമ യാഥാർത്ഥ്യമാക്കാൻ എത്രത്തോളം ബുദ്ധിമുട്ടേണ്ടി വന്നിട്ടുണ്ട്?

ഞാനൊരു സംഗ്രഹം എഴുതി അതു വെച്ചാണ് ഷൂട്ട് ചെയ്തത്, അത് സിനിമയുടെ അടിസ്ഥാന തിരക്കഥയായി ഉപയോഗിച്ചു. എന്റെ ഒരു സുഹൃത്താണ് ഈ സിനിമയുടെ നിർമ്മാതാവ്. നടൻ ജയനാരായണൻ തുളസിദാസ്. അതുകൊണ്ട് പ്രോജക്ട് യാഥാർത്ഥ്യമാക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ടായില്ല. ഒരു റബ്ബർ എസ്റ്റേറ്റിൽ വച്ചാണ് സിനിമ ഷൂട്ട് ചെയ്തിരിക്കുന്നത്, അതും എന്റെ സുഹൃത്തുക്കൾ സംഘടിപ്പിച്ചു. ഭാഗ്യവശാൽ, ഈ സിനിമയിൽ പ്രവർത്തിച്ചവർ എഡിറ്റർ കിരൺ ദാസ്, ക്യാമറാമാൻ മനേഷ് മാധവൻ, നടൻ നിതിൻ തുടങ്ങിയവരെല്ലാം ഇൻഡസ്ട്രിയിൽ പല മേഖലകളിൽ പ്രവർത്തിക്കുന്നവരും അനുഭവപരിചയമുള്ളവരുമാണ്.

സിനിമയിലെ വിഎഫ്എക്‌സിന്റെ ഉപയോഗം

ഈ സിനിമയെ വ്യക്തിപരമായി സമീപിച്ചതിനാൽ, ഓരോ നിമിഷവും വിശദമായി വിവരിക്കുന്ന ഒരു സ്‌ക്രിപ്റ്റ് എനിക്ക് ആവശ്യമില്ലായിരുന്നു, അത് ഈ സിനിമയുടെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായിച്ചു. പോസ്റ്റ് പ്രൊഡക്ഷൻ, എഡിറ്റിംഗ്, വിഎഫ്എക്സ് എന്നിവയ്ക്കിടയിൽ സിനിമാറ്റിക് ഭാഷ മെച്ചപ്പെടുത്താൻ ഇത് ഞങ്ങളെ സഹായിച്ചിട്ടുണ്ട്. വി എഫ് എക്സ് ഉപയോഗിച്ച ഒരു കഥാപാത്രത്തെ തന്നെ ഈ സിനിമയിൽ സൃഷ്ടിച്ചിട്ടുണ്ട് . തൗഫീഖ് എന്ന ഫ്രീലാൻസ് ഡിസൈനറാണ് വിഎഫ്എക്‌സ് സമർത്ഥമായി നിർവഹിച്ചിരിക്കുന്നത്. ഇതിലെ വിഎഫ്‌എക്‌സ് ഇഫക്‌റ്റുകൾ അന്താരാഷ്‌ട്ര നിലവാരവുമായി താരതമ്യപ്പെടുത്താവുന്നതാണെന്ന് ഞങ്ങൾക്ക് ഫീഡ്ബാക്ക് കിട്ടിയിരുന്നു. തൗഫീഖ് ഒറ്റക്ക് തന്റെ ഫോർട്ട് കൊച്ചിയിലെ വീട്ടിലിരുന്ന് ചെയ്തതാണ് ഇതിലെ വി എഫ് എക്സ് .

റോട്ടർഡാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ

റോട്ടർഡാമിലേക്ക് സിനിമ തിരഞ്ഞെടുക്കപ്പെട്ടന്നറിഞ്ഞപ്പോൾ സ്വാഭാവികമായും ഞാൻ സന്തോഷിച്ചു . ഇത് അന്താരാഷ്ട്ര തലത്തിൽ മികച്ച റാങ്കുള്ള ഒരു ഫെസ്റ്റിവലാണ്, എന്നാൽ റോട്ടർഡാമിന്റെ പ്രത്യേകത എന്തെന്നാൽ, അത് പരീക്ഷണാത്മകവും അനുപമമായ സിനിമകൾക്ക് മുൻഗണന നൽകുന്നുവെന്നതാണ്. കൂടാതെ, അന്താരാഷ്ട്ര ചലച്ചിത്ര നിരൂപകനായ ഒലാഫ് മോളർ എന്റെ സിനിമയുടെ റോ കട്ട് കാണുകയും റോട്ടർഡാം ഫിലിം ഫെസ്റ്റിവലിലെ പ്രോഗ്രാമർമാർ ഇത് കാണണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു, ഇത് തന്നെ വലിയ അംഗീകാരമാണ്.

Interview Rotterdam Festival Iffk

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: