ഓം കുല്‍തും എന്ന ഐതിഹാസികയായ ഈജിപ്ഷ്യന്‍ സംഗീതജ്ഞയുടെ ജീവിതമാന്വേഷിച്ചുള്ള യാത്രയാണ് ‘ലുകിങ് ഫോര്‍ ഓം കുല്‍തും’ എന്ന സിനിമ. സമകാലീന അറബ് സിനിമാലോകത്തെ ഏറ്റവും പേരുകേട്ട സംവിധായകരില്‍ ഒരാളായ ഷിരിന് നെഷത്തും ഷോജാ അസാരിയും ചേര്‍ന്ന് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ഓം കുല്തുമിന്റെ ജീവിതം സിനിമയാക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്ന മിത്ര എന്ന സംവിധായികയുടെ കഥയാണ് പ്രതിപാദിക്കുന്നത്. ഷിരിന് നെഷത്തിന്റെ മുന്‍ സിനിമകളുമായി ആശയപരമായേറെ അടുത്ത് നില്ക്കുന്ന സിനിമയാണ് ‘ലുകിങ് ഫോര്‍ ഓം കുല്‍തും’
ഇസ്ലാമും പാശ്ചാത്യ സംസ്കാരവും തമ്മിലുള്ള താരതമ്യങ്ങള്‍, പൊതുജീവിതവും സ്വകാര്യ ജീവിതവും തമ്മിലുള്ള അന്തരം, യാഥാസ്ഥിതികതയും ആധുനികതയും തമ്മിലുള്ള ഇഴുകിച്ചേരലുകള്‍ തുടങ്ങി ഷിറിന് നെഷത്തിന്റെ മുന്‍സിനിമകളില്‍ കണ്ടുവന്നിട്ടുള്ളതായ പല ആശയങ്ങളും 2017ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിലും കാണാം. തന്റെ സിനിമകളില്‍ പിന്തുടരുന്ന സ്ത്രീപക്ഷ കാഴ്ചയുടെ രാഷ്ട്രീയത്തേയും ഓം കുല്തുമിനായുള്ള അന്വേഷണങ്ങളിലും ഷിരിന് നിലനിര്‍ത്തുന്നുണ്ട്.
അറബി ഭാഷാ പരിചയമില്ലാത്ത മിത്ര ഓം കുല്തുവിനെ സിനിമയാക്കുവാനായി തുനിഞ്ഞിറങ്ങുകയാണ്. ഓം കുല്തുവിനെ അവതരിപ്പിക്കുവാനായുള്ള ഓഡീഷന് മുതല്ക്കാണ് സിനിമ ആരംഭിക്കുന്നത്. ഏറ്റെ തിരച്ചിലുകള്‍ക്ക് ശേഷം മിത്ര ഒരു സ്കൂള്‍ അദ്ധ്യാപികയില്‍ ഓം കുല്തുവിനെ കണ്ടെത്തുകയും അവരെ അഭിനയിക്കുവാനായി ക്ഷണിക്കുകയും ചെയ്യുന്നു.
ഓം കുല്‍തും പാടുന്നു
1914ല്‍ സമത്വം ആവശ്യപെട്ടുകൊണ്ട് ബുര്‍ഖയിട്ട സ്ത്രീകള്‍ നടത്തുന്ന ഒരു പ്രതിഷേധത്തിലാണ് സിനിമയുടെ ഷൂട്ടിങ് ആരംഭിക്കുന്നത്. ഇത്തരത്തിലൊരു രംഗം ചിത്രീകരിക്കുന്നത് വഴി ഓം കുല്തുവിനെക്കുറിച്ച് അജ്ഞമായതും ഒരുപക്ഷെ സാങ്കല്പ്പികമായതുമായൊരു ചരിത്രത്തിന്റെ പതിപ്പ് അവതരിപ്പിക്കുകയാണ് മിത്ര. ഈജിപ്ഷ്യന്‍ ദേശീയതയോട് എല്ലാകാലത്തും കൂറുപുലര്‍ത്തിയ ഓം കുല്തുവില് നിന്നും ലിംഗനീതിയിലൂന്നിയതോ ആധുനികമായതോവായ ഒരു രാഷ്ട്രീയം കേട്ടിട്ടില്ല എന്ന് മാത്രമല്ല. ഭരണകൂടത്തോട് വിധേയത്തം പുലര്‍ത്തുകയും പലപ്പോഴും അതിനൊരു ആയുധമാവുകയും ചെയ്ത ഒരു രാഷ്ട്രീയത്തിന്റെ പേരില്‍ കൂടിയാണ് അറബ് ലോകം ഓം കുല്തുവിനെ ഒരു ദേശീയ ഇതിഹാസമാക്കുന്നത്. മിത്രയുടെ ഈ ബദല്‍ ചരിത്രവായന പ്രാദേശികരായ അഭിനേതാക്കളുടെ എതിര്‍പ്പ് പിടിച്ചുപറ്റുന്നുണ്ട്.
യതാര്‍ത്ഥ ചരിത്രത്തില്‍ ഓം കുല്തുവിനെ എതിര്‍ത്തുകൊണ്ട് ലേഖനമെഴുതുന്ന ഒരു പത്രപ്രവര്‍ത്തകനെ സിനിമയില്‍ അവതരിപ്പിക്കുന്നത് പ്രദേശവാസിയായ അഹമദ് എന്ന യുവാവാണ്. മിത്രയുടെ നയങ്ങളോട് എതിര്‍പ്പ് തോന്നുന്ന അഹമദില്‍ നിന്നും സ്ത്രീവിരുദ്ധമായ അധിക്ഷേപങ്ങള്‍ ഉണ്ടാകുന്നു. ” നിങ്ങള്‍ക്ക് ഞങ്ങളുടെ ദേശീയ ഇതിഹാസത്തെ കരിവാരിത്തേക്കാനാകില്ല. നിങ്ങള്‍ക്ക് അറബി അറിയുമോ ? ” എന്നൊക്കെയുള്ള അഹമദിന്റെ ചോദ്യത്തിനും മിത്രയുടെ പ്രതികരണത്തിനും പിന്നാലെ വരുന്നത് ഓം കുല്തുവിന്റെ ജീവിതത്തില്‍ നിന്നുള്ള മറ്റൊരു ഏടാണ്.
“നിങ്ങള്‍ രാജാവിന്റെ കൂടെയല്ല നില്‍ക്കേണ്ടത് നിങ്ങള്‍ ജനങ്ങളുടെതാണ് ” എന്നു പറയുന്ന വിമര്‍ശകനോട് ” ഞാന്‍ വിചാരിച്ചാല്‍ നിങ്ങള്‍ ഇന്ന് രാത്രി കിടക്കുക മൂത്രപ്പുരയിലാകും” എന്നായിരുന്നു ഓം കുല്തുവിന്റെ മറുപടി. ” അല്ലെങ്കിലും ഞാന്‍ മൂത്രപ്പുരയിലാണ് കിടക്കുന്നത്” എന്ന് വിമര്‍ശകന്റെ മറുപടി.
അധികാരത്തിന്റെ നാനാത്വങ്ങളിലേക്ക് വെളിച്ചം വീശുന്നതാണീ സീനുകള്‍. ഇങ്ങനെയൊരു സംഭാഷണശകലത്തോടെ ആദ്യം ആധുനിക രാഷ്ട്രീയ ലോകത്തും ചരിത്രനിര്‍മിതികളില്‍ ഊന്നിനില്ക്കുന്നതായ ദേശീയതയെ കാണിക്കുന്നു. “ഒരു സ്ത്രീയായത് കൊണ്ട് നിങ്ങള്‍ക്ക് സംവിധാനം ചെയ്യാനാകില്ല” എന്ന് പറയുന്ന അഹമദ് തന്നെ ഓം കുല്തുവെന്ന ദേശീയ ഇതിഹാസമായ സ്ത്രീയ്ക്ക് വേണ്ടി രോഷാകുലയാകുകയാണ്. സാംസ്കാരികമായൊരു ദേശീയതയ്ക്കപ്പുറം ഓം കുല്തുവിന്റെത് പോലുള്ള ചരിത്രങ്ങള്‍ ഒരു വിധത്തിലും സാമൂഹ്യമായൊരു നീതിബോധം ഉണ്ടാകിയില്ല എന്നൊരു വിമര്‍ശനമായും ഇതിനെ കാണാം. രണ്ടാമത്തെ സീനില്‍ അധികാരത്തിന്റെ ഭാഷയില്‍ വിമര്‍ശകനോട് സംവേദിക്കുന്ന കലാകാരിയുടെ രാഷ്ട്രീയത്തിലേക്കും ഷിരിന് നെഷത്ത് എന്ന സ്ത്രീപക്ഷ സംവിധായിക ചോദ്യമുയര്‍ത്തുന്നു. “ദുഖവാനായ രാജാവിനെ ആസ്വദിപ്പിക്കുവാനാണ് ആ സ്ത്രീ പാടുന്നത്” എന്നായിരുന്നു ഓം കുല്തുവിനു നേരെയുയര്‍ന്ന വിമര്‍ശനം.
അസാമാന്യമായൊരു സംഗീത പ്രതിഭയായിരുന്നു ഓം കുല്തുവെന്നതില് സംശയമില്ല. അതിനെ ഒരിക്കല്‍പോലും നിരാകരിക്കാന്‍ മിത്ര തയ്യാറാകുന്നുമില്ല. ഇടമുറിയാത്ത ശബ്ദത്തില്‍ ഓപ്പെറയുമായി ഏറെ സാമ്യമുള്ള ശ്രുതിമാറ്റങ്ങളോടുകൂടി വരികളുടെ വൈകാരികത ഒട്ടും ചോരാതെ പാടുവാന്‍ സാധിക്കുന്നു എന്നത് ഓം കുല്തുവിനെ എക്കാലത്തേയും മികച്ച ഗായകരില്‍ ഒരാളാക്കുന്നു. അതേസമയം ഈജിപ്റ്റ് ഭരിച്ചിരുന്ന ഫറൂഖ് രാജാവുമായി അവര്‍ക്കുണ്ടായിരുന്ന അടുപ്പം പ്രശസ്തമാണ്. റേഡിയോ ഏറെ പ്രചാരം നേടിയ കാലത്ത് ഓം കുല്തുവിന്റെ പാട്ടുകള്‍ രാജാവിന്റെ രാഷ്ട്രീയത്തെ വിളംബരം ചെയ്യുന്നതായിരുന്നു എന്നൊരു വിമര്‍ശനം നിലനില്ക്കുന്നു.
ഓം കുല്തുവിന്റെ സിനിമ പുരോഗമിക്കുന്നത്തിനിടയില് വൈയക്തികമായ പ്രശ്നങ്ങളും മിത്രയെ അലട്ടുന്നുണ്ട്. ഒടുവില്‍ സ്ക്രിപ്റ്റ് മാറ്റിയെഴുതുവാനുള്ള തീരുമാനം സെറ്റില്‍ തന്നെ എതിര്‍പ്പുകള്‍ ഉണ്ടാക്കുകായും മിത്ര പടം ഉപേക്ഷിച്ച് മടങ്ങുകയും ചെയ്യുന്നു. ‘ തന്റെതായ അപര്യാപ്തതകളും പ്രലോഭനങ്ങളും സ്വാധീനിക്കുന്ന ഒരു യഥാർത്ഥ വ്യക്തി’ ആയി ഓം കുല്തുവിനെ കാണണം എന്നാണ് മിത്ര ആഗ്രഹിച്ചത്.
ഷിരിന് നെഷത് ടെഡ് ടാള്ക്സില്
ഒടുവില്‍ തന്റെ സിനിമ പാതിവഴിയിലുപേക്ഷിച്ച് പോകുന്ന മിത്രയ്ക്ക് മുന്നിലേക്ക് സ്വപ്നത്തിലെന്നപോലെ ഓം കുല്‍തു കടന്നുവരികയാണ്. “നിന്റെ ഉള്ളിലെ തീ എനിക്കിഷ്ടമാണ്..” എന്ന് പറഞ്ഞു തുടങ്ങിയ ഓം കുല്തുവില് നിന്നുമുയരുന്ന ചോദ്യത്തിന് ” എനിക്കെല്ലാവരെയും സന്തോഷിപ്പിക്കാനാകില്ല” എന്ന് പറയുന്നിടത്താണ് സിനിമ അവസാനിക്കുന്നത്. ഓം കുല്തുവിനായുള്ള തിരച്ചിലില്‍ ഷിരിന് നെഷത്ത് സ്വയം കണ്ടെത്തുകയാണ്. മനോഹരമായി തീര്‍ത്ത ഫ്രെയിമുകളും പൗരസ്ത്യമായ സംഗീതവും പ്രേക്ഷകനെ സിനിമയുടെ പശ്ചാത്തലത്തില്‍ ചെന്നെത്തിക്കുന്നു. മറ്റൊരു മികച്ച ഷിരിന് നെഷത്ത് അനുഭവമാണീ സിനിമ.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook