ഫിലിം ഫെസ്റ്റിവലിനു തിരുവനന്തപുരത്തേയ്ക്കു വണ്ടി കയറുന്നവരെ മാലയിട്ട് മല ചവിട്ടുന്ന ശബരിമല അയ്യപ്പന്മാരോട് താരതമ്യം ചെയ്ത് ഫെസ്റ്റിവല്‍ അയ്യപ്പന്‍മാരെന്നു നർമ്മം ചാലിച്ച് പറയാറുണ്ട്. രാജ്യാന്തര ചലച്ചിത്രോത്സവം അവർക്കൊരു തീർത്ഥാടനമാണ്. എന്തായാലും ഇത്തവണത്തെ എന്‍റെ ഫെസ്റ്റിവല്‍ യാത്രയ്ക്ക് ഒരു തീര്‍ഥാടന ലക്ഷ്യം മാത്രം. എന്‍റെ സിനിമാ ദൈവമായ ആഫ്രിക്കന്‍ സംവിധായകന്‍ മഹമ്മത് സലെ ഹാറൂണ്‍ എത്തുന്നുണ്ടെന്നറിഞ്ഞു. പണ്ട് ഗാന്ധിജിയെ തൊടാന്‍ വൈക്കം മുഹമ്മദ് ബഷീര്‍ ആഗ്രഹിച്ചതു പോലെ എനിക്ക് ഹാറൂണിനെ ഒന്നു നേരില്‍ കാണണം. പറ്റുമെങ്കില്‍ ഒന്നു തൊടണം. അദ്ദേഹത്തിന്‍റെതായി എനിക്ക് ഇതുവരെ കാണാന്‍ സാധിക്കാത്ത ഒരേയൊരു സിനിമ. 2010ലിറങ്ങിയ “എ സ്‌ക്രീമിംഗ് മാന്‍” കണ്ടാല്‍ കൊള്ളാമെന്നുമുണ്ട്. മുമ്പിലുളളത് നാളെ ഞായറാഴ്ച ഒരു ദിവസം മാത്രം. പിറ്റേന്ന് തിങ്കള്‍. സ്‌കൂളില്‍ പരീക്ഷാ ഡ്യൂട്ടിയുണ്ട്. തിരിച്ചെത്തിയേ പറ്റൂ. ഫെസ്റ്റിവല്‍ പാസ് എടുക്കാന്‍ പറ്റിയിട്ടുമില്ല. മനസ്സിലെ വടംവലിക്കൊടുവില്‍ ഹാറൂണിനെ കാണാനുള്ള ആഗ്രഹം തന്നെ വിജയിച്ചു. ഇപ്പോഴല്ലെങ്കില്‍ പിന്നെപ്പോഴാ സാധിക്കുക എന്നറിയില്ല. 1994ല്‍ കോഴിക്കോട് ഐഎഫ്എഫ്‌കെയില്‍ “ബൈ ബൈ ആഫ്രിക്ക” കണ്ടപ്പോ ആവശിച്ചതാണ് ഈ ഹാറൂണ്‍ ലഹരി.

രാത്രി തന്നെ എറണാകുളം ബസ് സ്റ്റാന്റിലെത്തി. കിട്ടിയത് കെ എസ് ആര്‍ ടി സി യുടെ മിന്നല്‍ ബസ്. മിന്നല്‍ പോലെ പാഞ്ഞ ബസ് രാത്രി രണ്ടരയായപ്പോള്‍ ദാ തമ്പാനൂര്‍ നില്‍ക്കുന്നു. ഈ സമയത്ത് എവിടെ പോകാന്‍? കയ്യിലുണ്ടായിരുന്ന പേപ്പര്‍ വിരിച്ച് കിടന്നുറങ്ങി. രാവിലെ സുഹൃത്തും കവിയും സർവ്വോപരി പി ആർ ഡി ഉദ്യോഗസ്ഥനുമായ പി കെ. വേലായുധന്‍ വഴി ഫെസ്റ്റിവല്‍ മീഡിയ സെല്ലില്‍ ഹാറൂണിനെ കാണാനുള്ള വഴി അന്വേഷിച്ചു. അപ്പോളോ ഡിമോറ ഹോട്ടലിലാണ് അദ്ദേഹം എന്നാണ് ആദ്യം കേട്ടത്. കേട്ട പാതി കേള്‍ക്കാത്ത പാതി അങ്ങോട്ട്…  ഹാറൂണ്‍ ഇപ്പോൾ ഛദ്ദ് എന്ന അദ്ദേഹത്തിന്‍റെ രാജ്യത്തെ സാംസ്കാരിക മന്ത്രിയാണിപ്പോള്‍.

haroun

പ്രോട്ടോക്കോള്‍ പ്രശ്‌നം ഉണ്ടാകാം എന്ന് അവര്‍ മുന്നറിയിപ്പും തന്നു. എന്തായാലും അപ്പോളോയിലെത്തിയപ്പോള്‍ അവിടെയുള്ള സിനിമാക്കാര്‍ ‘ഏദന്‍’ സംവിധായകന്‍ സഞ്ജു സുരേന്ദ്രനും കഥാകൃത്ത് എസ്. ഹരീഷും മാത്രം. സഞ്ജുവിനെ നേരത്തെയറിയാം. അവരുടെ റൂമിലെത്തി അല്‍പനേരം സംസാരിച്ചു. ‘ഏദന്‍’ ഫെസ്റ്റിവലില്‍ അന്ന് ആദ്യ പ്രദര്‍ശനമാണ്. സിനിമ പിന്നെ കണ്ടോളാമെന്നു വാക്കു കൊടുത്ത് ആശംസ നേര്‍ന്നിറങ്ങി. വീണ്ടും മീഡിയ സെല്ലിലനേഷിച്ചപ്പോള്‍ താജ് വിവാന്റയിലാണ് ഹാറൂണ്‍ എന്നറിഞ്ഞു. അദ്ദേഹത്തിന്‍റെ നിലയ്‌ക്കൊത്ത പഞ്ചനക്ഷത്ര താമസം. പിന്നെ ആലോചിച്ചു നിന്നില്ല ഓട്ടോയില്‍ താജിലേക്ക്…

താജ് വിവാന്റയ്ക്കു മുന്നില്‍ ഓട്ടോയില്‍ ചെന്നിറങ്ങി ഗേറ്റ് വാച്ചറോട് കാര്യം പറഞ്ഞു. ഹാറൂണിനെ കാണണമെന്നു പറഞ്ഞപ്പോള്‍ അകത്തേയ്ക്കു കയറ്റിവിട്ടു. പുറത്തെ ലോണില്‍ സുഹൃത്തുക്കളുമായി കുശലം പറഞ്ഞിരിക്കുന്നുണ്ടായിരുന്നു എന്‍റെ പ്രിയ സംവിധായകന്‍. നേരെ കയറിച്ചെന്ന് ഞാനെന്നെ പരിചയപ്പെടുത്തി. ആരാധകനാണെന്നും അദ്ദേഹത്തിന്‍റെ ആറു സിനിമകളില്‍ അഞ്ചും കണ്ടിട്ടുണ്ടെന്നും പറഞ്ഞപ്പോള്‍ അദ്ദേഹമെന്നെ വലിച്ചടുപ്പിച്ച് ആലിംഗനം ചെയ്തു.

വരൂ അടുത്തിരിക്കൂ എന്ന് സ്‌നേഹം നിറഞ്ഞ ക്ഷണം ഹൃദയംകൊണ്ട് സ്വീകരിച്ച് ഞാന്‍ അദ്ദേഹത്തിന്‍റെ അടുത്തിരുന്നു. എനിക്ക് സംസാരിക്കാന്‍ ഭാഷാപ്രശ്‌നം ഉണ്ടെന്ന് പറഞ്ഞു. ഉടന്‍ അദ്ദേഹം, വെയിറ്ററാണെന്നു തോന്നുന്നു ഒരു ഹോട്ടല്‍ ജീവനക്കാരനെ വിളിച്ച് ഇദ്ദേഹം എന്‍റെ ഫാനാണ്. പറയുന്നത് പരിഭാഷപ്പെടുത്താന്‍ ആവശ്യപ്പെട്ടു.

എയ്ഡ്‌സ് ബാധിതനായ ഒരു ചലച്ചിത്ര സംവിധായകന്‍റെ ദാരുണ കഥ പറയുന്ന ചിത്രമാണ് ‘ബൈ ബൈ ആഫ്രിക്ക’. ആഫ്രിക്കയിലെ ഛദ്ദില്‍നിന്ന് പാരീസിലെത്തി ചലച്ചിത്ര കല പഠിച്ച് സംവിധായകനായി തിരികെ നാട്ടിലെത്തുന്ന അയാള്‍ നാടിനെക്കുറിച്ചും നാട്ടുകാരെക്കുറിച്ചും സിനിമ പിടിക്കാനൊരുങ്ങുന്നു. പത്തുവയസ്സുകാരനായ ഒരു കുട്ടിയുമുണ്ട് അദ്ദേഹത്തിനൊപ്പം. തന്‍റെ കാമറയുമായി ജന്മനാടിന്‍റെ സ്പന്ദനങ്ങള്‍ ഒപ്പിയെടുക്കാനിറങ്ങിയ അയാള്‍ക്ക് എന്നോ നഷ്ടപ്പെട്ടുപോയ തന്‍റെ കാമുകിയെ കണ്ടെത്താനാകുന്നു. താനൊരു എയ്ഡ്സ് രോഗിയാണെന്നും തന്നെ ഇനി പഴയതുപോലെ സ്നേഹിക്കാനാവില്ലെന്നും കാമുകി കരഞ്ഞു പറയുന്നുണ്ടെങ്കിലും അയാള്‍ അത് ഗൗനിക്കുന്നില്ല. കാമുകിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും മഹാരോഗത്തിന്‍റെ വിത്തുകള്‍ ഏറ്റുവാങ്ങുകയും ചെയ്ത അയാള്‍ കൂടെയുള്ള കുട്ടിയെ തന്‍റെ കാമറ ഏല്‍പിച്ച് നാട്ടില്‍നിന്നും തിരികെ പോകുന്നതാണ് ‘ബൈബൈ ആഫ്രിക്ക’യുടെ കഥ.

ഹാറൂണിന്റെ ഡോക്യുമെന്ററി സിനിമയായ ‘കലാല’ യുടെ ഇതിവൃത്തവും ഇതുതന്നെയാണ്. ഹാറൂണിന്‍റെ കാമറ അസിസ്റ്റന്റായ കലാലയുടെ ജീവിതമാണ് ആ ഡോക്യുമെന്ററി. കലാലയും എയ്ഡ്സ് ബാധിതനായിരുന്നു. എയ്ഡ്സ് പരത്തുന്നത് കറുത്തവര്‍ഗക്കാരാണ് എന്ന യൂറോപ്പിന്‍റെ കുറ്റപ്പെടുത്തലുകള്‍ക്കെതിരെയുള്ള പ്രതിഷേധമായിരുന്നു ആ സിനിമ. ‘കലാല’ എന്ന ഡോക്യുമെന്ററി മുമ്പ് തിരുവനന്തപുരത്ത് ഗോര്‍ക്കി ഭവനില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ രണ്ടേ രണ്ടുപേരേ പ്രേക്ഷകരായി ഉണ്ടായിരുന്നുള്ളൂ. അവരിലൊരാള്‍ ഈ ഫാനും മറ്റേയാള്‍ ടൊറന്റോ ഫിലിം ഫെസ്റ്റിവല്‍ ക്യുറേറ്ററുമായ ടിമ്മുമായിരുന്നു. ഹാറൂണിന്‍റെ കടുത്ത ആരാധകനാണ് താനെന്ന് പറഞ്ഞപ്പോള്‍ ടിം അദ്ദേഹത്തെ പരിചയപ്പെടുത്താമെന്നു പറഞ്ഞു. പക്ഷേ അന്നതു നടന്നില്ല.

 

ആഫ്രിക്കന്‍ കവിയായ മയ ആഞ്ജലോ എഴുതിയതുപോലെ ‘വന്‍കരകള്‍ ഒരിക്കലും ചലിക്കില്ല’ എന്ന പ്രസ്താവം മുന്നോട്ടുവയ്ക്കുന്നുണ്ട് ഹാറൂണിന്‍റെ സിനിമകള്‍. എന്താണ് ഇരുണ്ട വന്‍കരകള്‍ ചലിക്കാത്തത് എന്ന ചോദ്യം ആ സിനിമകൾ നിരന്തരം ചോദിച്ചുകൊണ്ടേയിരിക്കുന്നു.

I Know Why the Caged Bird Sing…(കൂട്ടിലകപ്പെട്ട കിളി പാടുന്നത് എന്തിനാണെന്ന് എനിക്കറിയാം -മയ ആഞ്ജലോ) എന്നൊരു സങ്കടത്തിന്‍റെ സാധൂകരണം ഹറോണിന്‍റെ ചലച്ചിത്ര ഭാഷയിലങ്ങോളമിങ്ങോളം കാണാം. പിതാക്കന്മാരുടെ സ്നേഹമില്ലാതെ വളരുന്ന മക്കളുടെ സങ്കടം എവിടെയും വിങ്ങി നില്‍ക്കുകയാണ്. ‘അബൗണ’ (Abouna) എന്ന സിനിമയിലും ഏറ്റവും പുതിയ സിനിമയായ’ എ സീസണ്‍ ഇന്‍ ഫ്രാൻസി’ ലും ഈ വേദന കാര്‍മേഘം പോലെ ഒഴുകി നടക്കുന്നു. വന്‍ നഗരമായ പാരീസില്‍ ഒറ്റപ്പെടുന്ന യുവാവിന്‍റെ മനസ്സാണ് അദ്ദേഹത്തിന്‍റെ പുതിയ സിനിമ. പിതാവ് അബ്ബാസ് പെട്ടെന്ന് അപ്രത്യക്ഷനാകുന്നു.പിന്നീടയാള്‍ മറ്റൊരു സ്ത്രീയുമായി ജീവിതം തുടങ്ങുന്നു. ആ ജീവിതത്തിനിടയിലും നഷ്ടടപ്പെട്ട തന്‍റെ ആദ്യഭാര്യയെക്കുറിച്ച് അയാള്‍ ചിന്തിച്ചുകൊണ്ടേയിരിക്കുന്നു.

‘ഡ്രൈ സീസണ്‍’ ഒരു പ്രതികാര കഥയാണ്. അച്ഛന്‍റെ ഘാതകനെ കണ്ടെത്തി വകവരുത്തണമെന്ന ദൃഢ നിശ്ചയത്തോടെ മരുഭൂമി താണ്ടുന്ന ഒരു യുവാവ് താന്‍ അന്വേഷിക്കുന്നയാള്‍ ഒരു ഗര്‍ഭിണിയുടെ ഭര്‍ത്താവായി ജീവിക്കുന്നത് കണ്ടെത്തുന്നു. തന്‍റെ പിതാവിന്‍റെ ഘാതകനെ വധിച്ചാല്‍ നിറ ഗര്‍ഭിണിയായ ആ സ്ത്രീയെ അനാഥത്വത്തിലേക്കു തള്ളിവിടുമല്ലോയെന്ന ചിന്തയിൽ ഉരുവം കൊണ്ട കാരുണ്യത്തിന്‍റെ തിരത്തള്ളല്‍ അയാളെ പ്രതികാരചിന്തയില്‍നിന്നും മുക്തനാക്കുന്നു. പ്രതികാരം എന്നത് വംശീയ പ്രശ്നമാണെന്ന പ്രചാരണത്തിനെതിരാണ് ഈ കഥാപാത്രത്തിന്‍റെ ചിന്താഗതി. സാഹോദര്യം പ്രതികാരത്തെ മറികടക്കുന്ന മനോഭാവമാണ് ഹാറൂണിന്‍റെ കഥാപാത്രങ്ങള്‍ക്ക്.

 

അംഗവൈകല്യം സംഭവിച്ച ഒരാളുടെ സ്വത്വാവിഷ്‌കാരമാണ് ‘ഗ്രിസ്ഗ്രിസ്’ എന്ന സിനിമ. അംഗവൈകല്യം ഗൗനിക്കാതെ പെട്രോള്‍ കള്ളക്കടത്തിലേര്‍പ്പെടുന്ന കഥാനായകന്‍ ഇതുമായി ബന്ധമുള്ള മാഫിയാ സംഘത്തിന്‍റെ കണ്ണിലെ കരടാകുന്നു. മിമി എന്ന ലൈംഗികത്തൊഴിലാളി സ്ത്രീയുമായി ഒളിച്ചോടുകയും മറ്റൊരിടത്ത് അവളുമൊത്ത് താമസമാക്കുകയും ചെയ്തുവെങ്കിലും മാഫിയാ സംഘം അവിടെയുമെത്തുന്നു. സ്വന്തം ജീവിതം രക്ഷിക്കാന്‍ അയാള്‍ക്ക് ഒരാളെ കൊല്ലേണ്ടിവരുന്ന സാഹചര്യമുണ്ടാവുന്നു. അതിജീവനത്തിനാണെങ്കെലും ഒരു മനുഷ്യ ജീവനില്ലാതാക്കിയതിലും പശ്ചാത്താപ വിവശനാകുന്നുണ്ട് ‘ഗ്രിസ് ഗ്രിസി’ ലെ നായകന്‍.

തിരസ്‌കൃതരെയും പാര്‍ശ്വത്കരിക്കപ്പെട്ടവരെയും കുറിച്ച് വേദനിച്ച മഹാനായ കലാകാരന്‍റെ തൊട്ടടുത്ത്…, ദൈവമേ സന്തോഷം കൊണ്ട് ഹൃദയം ചാടിത്തുള്ളുന്നു. സ്‌നേഹം നിറഞ്ഞ നോട്ടവും പുഞ്ചിരി നിറഞ്ഞ ചുണ്ടുകളുമായി പ്രിയപ്പെട്ട ചലച്ചിത്രകാരന്‍ എന്നോട് കുശലം ചോദിക്കുന്നു. വീട്ടു കാര്യങ്ങള്‍ തിരക്കുന്നു. അഭ്രപാളികളില്‍ അദ്ഭുതം മെനയുന്ന ആ കൈകള്‍ എന്‍റെ തോളുകളിലമരുന്നു. ഒരുമണിക്കൂറോളം അദ്ദേഹം ഛദ്ദിലെ മനുഷ്യരുടെ ജീവിതത്തെക്കുറിച്ചു സംസാരിച്ചു. ലോകത്താകമാനമുള്ള തൃണവത്ഗണിക്കപ്പെട്ട ജീവിതം പറഞ്ഞു. ഇടയ്ക്ക് വിദേശികളുടെ ഇന്ത്യയെക്കുറിച്ചുള്ള ചില ക്‌ളീഷേ നിലപാടുകള്‍ അദ്ദേഹത്തില്‍നിന്നും പുറത്തുവന്നത് ചൂണ്ടിക്കാട്ടിയപ്പോള്‍ അത് അംഗീകരിക്കാനും അദ്ദേഹം തയ്യാറായി. സന്ദര്‍ശകര്‍ നിരവധി പുറത്ത് കാത്തുനില്‍ക്കുന്നുവെന്ന റൂം ബോയിയുടെ സന്ദേശം. ഞാന്‍ ചിരിച്ചുകൊണ്ടെഴുന്നേറ്റു. അദ്ദേഹം രണ്ടുകൈകളിലും അമര്‍ത്തിപ്പിടിച്ചു പറഞ്ഞു: ‘സ്‌നേഹം…വീണ്ടും കാണണം…’

Haroun with fan 2

വിട പറഞ്ഞിറങ്ങുമ്പോള്‍ അദ്ദേഹം മെയില്‍ ഐഡി യും ഛദ്ദിലെ ഫോണ്‍ നമ്പരും തന്നു.

കഥാന്ത്യം: ഞാന്‍ കുറെ നാളായി സിഗരറ്റ് വലി നിര്‍ത്തിയിട്ട്. താജില്‍ നിന്നിറങ്ങി ആദ്യം ചെയ്തത് ഒരു  സിഗരറ്റ് വാങ്ങി വലിക്കുകയായിരുന്നു. കൈകള്‍ വിറയ്ക്കുന്നുണ്ടായിരുന്നോ…

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook