IFFK 2018: ബിജു കൃഷ്ണയുടെ മനസില്‍ എന്നും നാടകമായിരുന്നു. ചെറുപ്പം മുതല്‍ തന്നെ നാടക വേദികളും എഴുത്തുമെല്ലാം സുപരിചിതം. പത്താം ക്ലാസില്‍ പഠനം അവസാനിപ്പിച്ച് ആശാരിപ്പണിയിലേക്ക് തിരിഞ്ഞപ്പോഴും ഈ കൊടുങ്ങല്ലൂരുകാരന് നാടകത്തെ ഒപ്പം കൂട്ടി. നാടകപ്രവര്‍ത്തനത്തില്‍ നിന്നും ലഭിച്ച ഊര്‍ജ്ജവുമായി ബിജു കൃഷ്ണ ഇത്തവണത്തെ കേരള രാജ്യാന്തര ചലച്ചിത്ര മേളയിലേക്ക് എത്തുകയാണ്. ‘ഓത്ത്’ എന്ന തന്റെ ആദ്യ ചിത്രവുമായി.
നാടകത്തില്‍ നിന്നും സിനിമയിലേക്ക് പാത കണ്ടെത്തുന്നവര്‍ ഒരുപാടുണ്ടെങ്കിലും അവരില്‍ നിന്നും വ്യത്യസ്തമാണ് ബിജു കൃഷ്ണയുടെ വരവ്. നാടക രചനയും സംവിധാനവും ബിജുവിന്റെ മനസില്‍ സിനിമ ചെയ്യണമെന്ന മോഹം ജനിപ്പിച്ചെങ്കിലും ഒരു നാടകക്കാരന് നിര്‍മ്മാതാവിനെ കണ്ടെത്തുക എന്നത് വലിയൊരു കടമ്പയാണ്. പ്രശസ്തരായ സിനിമാ പ്രവര്‍ത്തകര്‍ പോലും നിര്‍മ്മാതാക്കളെ കണ്ടെത്താന്‍ ബുദ്ധിമുട്ടുമ്പോള്‍ നാടകക്കാരെ ആര് വിശ്വസിക്കുമെന്നിടത്ത് ബിജുവിന് കരുത്തായത് നാടകവും സ്വന്തം നാട്ടുകാരുമാണ്.
”എന്റേതൊരു ജനകീയ കൂട്ടായ്മയില്‍ നിന്നും പിറന്ന സിനിമയാണ്. നിര്‍മ്മാതാവ് ആരെന്ന് ചോദിച്ചാല്‍ പ്രത്യേകിച്ച് എടുത്തു പറയാന്‍ ആരുമില്ല. നാട്ടുകാരില്‍ നിന്നുമൊക്കെ പണം പിരിച്ചെടുത്താണ് നിര്‍മ്മാണത്തിനുള്ള തുക കണ്ടെത്തിയത്. 1000, 2000 മുതല്‍ 100 രൂപ വരെ നാട്ടുകാരില്‍ നിന്നും സംഭാവന ലഭിച്ചു. അതുകൊണ്ട് ഇതൊരു ജനകീയ സിനിമയാണ്” ബിജു ഇന്ത്യന്‍എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു.
തന്റെ സിനിമയ്ക്ക് ലഭിക്കുന്ന അംഗീകാരം തനിക്കൊപ്പം നിന്ന നാട്ടുകാര്‍ക്കു കൂടിയുള്ള അംഗീകാരമാണെന്ന് ബിജു കൂട്ടിച്ചേര്‍ത്തു. സിനിമയുടെ പിന്നില്‍ മാത്രമല്ല, മുന്നിലും പരിസരത്തുമെല്ലാം നാട്ടുകാരും സുഹൃത്തുക്കളുമൊക്കെയാണ്. അഭിനേതാക്കളും മറ്റ് അണിയറ പ്രവര്‍ത്തകരുമൊക്കെ നാടകത്തില്‍ നിന്നുമുള്ളവരാണ്.
‘മലയാള സിനിമ ഇന്ന്’ എന്ന വിഭാഗത്തിലാണ് ബിജുവിന്റെ സിനിമ പ്രദര്‍ശിപ്പിക്കുന്നത്. സുല്‍ഫി ഭൂട്ടോയാണ് ഛായാഗ്രഹണവും എഡിറ്റിങും നിര്‍വ്വഹിച്ചിരിക്കുന്നത്. ജയരാജ്, ആഷിഖ് അബു, സൗബിന് സാഹിര്‍ തുടങ്ങിയവരുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് ബിജുവിന്റെ ചിത്രമായ ‘ഓത്ത്’ പ്രദര്‍ശിപ്പിക്കുന്നത്. നാടക രംഗത്ത് 20 വര്‍ഷത്തിലധികമായി ബിജുവുണ്ട്. എന്നാല്‍ സിനിമ തനിക്ക് സുപരിചതമായ മേഖലയായിരുന്നില്ലെന്ന് ബിജു പറയുന്നു. തന്റെ സിനിമ ചെയ്യാനായാണ് സിനിമയെ കുറിച്ച് കൂടുതല്‍ പഠിക്കുന്നത്.
”സിനിമയെ കുറിച്ച് അധികം അറിയില്ലായിരുന്നു. ആരുടേയും അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുമില്ല. പക്ഷെ എന്റെ കഥ സിനിമ ആക്കാന്‍ വേണ്ടി സിനിമയെ കുറിച്ച് കൂടുതല്‍ പഠിച്ചു. സിനിമയ്ക്ക് വേണ്ടി തിരക്കഥ തയ്യാറാക്കുന്നത് എങ്ങനെ? തുടങ്ങിയ കാര്യങ്ങള്‍ വായിച്ചും കണ്ടും പഠിച്ചു. അങ്ങനെയാണ് എന്റെ ആദ്യത്തെ സിനിമ തയ്യാറാവുന്നത്,” ബിജു വെളിപ്പെടുത്തി.
ഉപ്പയും മകനും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് ‘ഓത്തിലൂടെ’ ബിജു പറയുന്നത്. വൃദ്ധനായ ഉപ്പയും അദ്ദേഹത്തിന്റെ മാനസികമായി വെല്ലുവിളികള്‍ നേരിടുന്ന മകനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.
”ഉപ്പയും മകനും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് ‘ഓത്തി’ലൂടെ പറയുന്നത്. ഉപ്പയുടെ മരണത്തിന് ശേഷം ഈ മകന് ജീവിതത്തില്‍ അനുഭവിക്കുന്ന കാര്യങ്ങളിലൂടെ ചിത്രം മുന്നോട്ട് പോകുന്നു. ലോകത്ത് മനുഷ്യന് എവിടേയും ആവശ്യം ബുദ്ധിയുള്ളവരെയാണ്. ബുദ്ധിപരമായി വെല്ലുവിളികള്‍ നേരിടുന്നവരെ എല്ലാവരും അവഗണിക്കുകയാണ്. ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെടാത്തവരായി അവര്‍ കടന്നു പോകുന്നു. അവരെ കുറിച്ചുള്ളതാണ് എന്റെ സിനിമ. ചരിത്രമില്ലാത്തവരുടെ ജീവിതം”, ബിജു വിശദമാക്കി.
കുട്ടികളെ മതപരമായ കാര്യങ്ങള്‍ പഠിപ്പിക്കുന്നതാണ് ഓത്ത് പളളികള്‍. ഓത്തുപളളിയിലെ ഒരു അധ്യാപകന് പറഞ്ഞ ചില വാക്കുകള്‍ കേന്ദ്ര കഥാപാത്രമായ മകന്റെ മനസിലേക്ക് കടന്നു ചെല്ലുന്നതും അതവന്റെ ജീവിതത്തില്‍ സൃഷ്ടിക്കുന്ന മാറ്റങ്ങളുമൊക്കെയാണ് ചിത്രം ചര്‍ച്ച ചെയ്യുന്നതും അവതരിപ്പിക്കുന്നതും. അതു കൊണ്ടാണ് ചിത്രത്തിന് ‘ഓത്ത്’ എന്നൊരു പേര് തീരുമാനിച്ചതെന്നും ബിജു വ്യക്തമാക്കി.
ബുദ്ധിപരമായി വെല്ലുവിളികള്‍ നേരിടുന്നവരോടുള്ള സമൂഹത്തിന്റെ കാഴ്ച്ചപ്പാടും അവരെ കാണുന്ന രീതിയും മാറ്റുകയാണ് തന്റെ സിനിമയിലൂടെ ലക്ഷ്യമാക്കുന്നതെന്നും ബിജു പറയുന്നു. ആദ്യ സിനിമയായത് കൊണ്ടു തന്നെ ഐഎഫ്എഫ്കെയ്ക്ക് അയക്കുമ്പോള്‍ വലിയ പ്രതീക്ഷകളൊന്നുമാണ്ടായിരുന്നില്ല. എന്നാല്‍ സിനിമ തിരഞ്ഞെടുക്കപ്പെട്ടന്ന് അറിഞ്ഞപ്പോള്‍ അതിയായ സന്തോഷമുണ്ടായെന്നും അതു തന്നെ വലിയൊരു അംഗീകാരമായി കാണുന്നതായും ബിജു കൂട്ടിച്ചേര്‍ത്തു.
സുഹൃത്തും നാടക നടനുമായ ഷാജഹാനാണ് ‘ഓത്തി’ലെ ഉപ്പയുടെ വേഷം അഭിനയിച്ചിരിക്കുന്നത്. മകനായി എത്തുന്നത് ബിജു തന്നെയാണ്. സ്വന്തം സിനിമയില്‍ തന്നെ അഭിനയിക്കുക എന്നത് അല്‍പ്പം ബുദ്ധിമുട്ടുള്ള പണിയാണെന്നാണ് ബിജു അനുഭവത്തില്‍ നിന്നം സാക്ഷ്യപ്പെടുത്തുന്നുണ്ട്.
”സ്വന്തം സിനിമയില്‍ അഭിനയിക്കുക അത്ര എളുപ്പമല്ല. അഭിനയിച്ച ശേഷം, കട്ട് പറഞ്ഞ് വന്ന് ക്യാമറയില്‍ നോക്കി ഓക്കെ പറയണം. എന്നാലും എന്റെ പരമാവധി ഞാന്‍ നല്‍കിയിട്ടുണ്ട്. അഭിനേതാവെന്ന നിലയില്‍ എന്റെ സിനിമയോട് നീതി പുലര്‍ത്തിയിട്ടുണ്ട്.”
ബിജുവിന്റെ സിനിമ തിരുവനന്തപുരത്ത് മേളയില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ അമ്മ അംബുജാക്ഷിയും ഭാര്യ ഷിജിയും മക്കളായ അക്ഷരയും കാവ്യയ്ക്കുമൊപ്പം ഒരു നാടു മുഴുവനും അഭിമാനത്തോടെ കാത്തിരിക്കുകയാണ്.