മനുഷ്യകുലത്തിന്‍റെ പറുദീസാനഷ്ടത്തെക്കുറിച്ചുള്ള ഓർമ്മയുടെ നൊമ്പരമായാണ് ‘ഏദന്‍’ എന്ന പദം പലപ്പോഴും കടന്നുവരുന്നത്. അറിവിന്‍റെ പഴം ഭക്ഷിക്കുന്നതിലൂടെയാണ് മനുഷ്യർ ചെകുത്താനുമായി ചങ്ങാത്തമുണ്ടാക്കുന്നത്, ആസക്തികളെ തിരിച്ചറിയുന്നത്, തന്നെയും ചുറ്റിലുമുള്ളതിനെയുമൊക്കെ അന്വേഷിക്കാനൊരുമ്പെടുന്നത്.

ഏദനിൽ നിന്ന് പുറത്താക്കപ്പെട്ടശേഷമാണ് മനുഷ്യർ ഭൂമിയിലെത്തുന്നത്, ഉടൽദാഹങ്ങളെ തിരിച്ചറിയുന്നത്, നാണവും നഗ്നതയുമെല്ലാം തിരിച്ചറിഞ്ഞ് കാമിക്കുന്നത്, ഭൂഗർഭത്തിലും സ്ത്രീഗർഭത്തിലും വിത്തിടുന്നത്, വേദനയറിഞ്ഞ് പ്രസവിക്കുന്നത്, വിളവെടുക്കുന്നത്, വേട്ടയാണോ വിളവാണോ മെച്ചന്നതിനെ ചൊല്ലി കലഹിക്കുന്നത്, സഹോദരങ്ങൾ തമ്മിൽ പോരാട്ടമുണ്ടാകുന്നത്, കൊല്ലാനൊരുമ്പെടുന്നത്, മരണമെന്തെന്ന് മനസ്സിലാക്കുന്നത്, വംശങ്ങൾ വഴി പിരിയുന്നത്. ഒടുക്കം ഏദൻ തോട്ടത്തിൽ മനുഷ്യരെ സൂഷ്ടിച്ച ദൈവത്തിന്‍റെ പുത്രൻ ‌തന്‍റെ അന്ത്യാത്താഴത്തിന് ശേഷം മരണത്തിന് മുമ്പായി ഗത്‌സമെൻ തോട്ടത്തിൽ വച്ച്‌ രക്തം വിയർത്തതായി പറയപ്പെടുന്നു.

ആ വിധം നോക്കിയാൽ ‌ഭൂമിയിൽ മനുഷ്യർക്ക് സാമൂഹിക ജീവിതം സാധ്യമായ ശേഷമുള്ള ആസക്തികളുടെയും, അതുപോലെത്തന്നെ ഏക്കാലത്തും മനുഷ്യനെ കുഴയ്ക്കുന്ന മരണ സങ്കൽപ്പങ്ങളെയുമാണ് എസ്. ഹരീഷിന്‍റെ കഥകളെ ആധാരമാക്കി സഞ്ജു സുരേന്ദ്രൻ സംവിധാനം ചെയ്ത ‘ഏദൻ’ പ്രതിനിധാനം ചെയ്യുന്നത്.

ഒരു ദിവസം പോലും പ്രായമാകാത്ത പട്ടിക്കുഞ്ഞു മുതൽ രണ്ട് നൂറ്റാണ്ടോളം ജീവിക്കുന്ന ആമ വരെ… കള്ളും കുടിച്ച് തമാശ പറഞ്ഞു നടക്കുന്നതിനിടെ കശപിശയുണ്ടായി കുത്തേറ്റു മരിക്കുന്ന യുവാക്കൾ മുതൽ ആസ്തമ കൂടി മരിക്കുന്ന വൃദ്ധർ വരെ… ആ വിധത്തിൽ ജന്തുക്കളുടെയും മൃഗങ്ങളുടെയുമായി പല വിധത്തിലുള്ള മരണങ്ങളാലാണ് ‌സഞ്ജു സുരേന്ദ്രൻ എന്ന സംവിധായകൻ എസ് ‌ഹരീഷിന്‍റെ കഥകൾക്കു മേൽ പാലം പണിയുന്നത്.

നേരമ്പോക്കിനായി ചരമ കോളത്തിൽ നിന്ന്‌ വെട്ടിയെടുത്ത പത്രക്കടലാസു കഷ്ണങ്ങൾ വെച്ചുള്ള രണ്ടുപേരുടെ കളിയിൽ നിന്ന് ആരംഭിക്കുന്ന ‘നിര്യാതരായി’ എന്ന കഥ ജീവിതത്തിന്‍റെ ആസകതികളും മരണവും തമ്മിലുള്ള കൊളുത്തിവലികളെ അടയാളപ്പെടുത്തുന്നു. ഒറ്റ രാത്രി കൊണ്ട് മര്യാദാരാമനായി മാറിയ കവലച്ചട്ടമ്പി ‌മാടൻ തമ്പിയുടെ രസകരമായ ‌രഹസ്യത്തിന്‍റെ ചുരുളഴിക്കുന്ന ‘ചപ്പാത്തിലെ കൊലപാതകം’ ഏതു നിമിഷവും എവിടെവെച്ചുമെന്തും സംഭവിക്കാവുന്ന ജീവിതാനിശ്ചിതങ്ങളെ വെളിപ്പെടുത്തുന്നു. കേരളത്തിനു പുറത്തുള്ളൊരു നഗരത്തിൽ നിന്ന് അപ്പന്‍റെ ജഡവുമായി കൂട്ടുകാരന്‍റെ വാഹനത്തിൽ നാട്ടിലേയ്ക്കു വരുന്ന പെൺകുട്ടിയുടെ യാത്രയിലെ സംഘർഷങ്ങളാണ് ‘മാന്ത്രികവാൽ’ ‌എന്ന കഥയിൽ തെളിയുന്നത്.

കൂടുതല്‍ വായിക്കാം: ഏദനിലെക്കുള്ള വഴി, എസ് ഹരീഷ് എഴുതുന്നു

‘നിര്യാതരായി’, ‘ചപ്പാത്തിലെ കൊലപാതകം’,  ‘മാന്ത്രികവാൽ’ എന്നീ കഥകളിലെ പൊതു ഘടകങ്ങളെ കൂട്ടിയിണക്കിയാണ് സഞ്ജു തന്‍റെ സിനിമയുടെ പ്രമേയ പരിസരമൊരുക്കുന്നത്.  സാധാരണ പരിസരങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത അസാധാരണമായ ചില കഥാപാത്രങ്ങളുടെ ആസക്തികളും ആത്മസംഘർഷങ്ങളും വിഷയമാക്കുന്ന സിനിമ അത്ര നിരപ്പല്ലാത്ത പ്രതലത്തിലൂടെയാണ് സഞ്ചരിക്കുന്നതെന്നു കാണാം.

ചുഴിഞ്ഞു ചിന്തിച്ചാൽ നിർദ്ദയമെന്നോ നിസ്സാരമെന്നോ തോന്നാവുന്ന ‌സന്ദർഭങ്ങങ്ങളിൽ നിന്ന് കാഴ്‌‌ചാ പ്രധാനമായ കൗതുകങ്ങളെ കണ്ടെടുക്കുന്നതിലാണ് ‘ഏദൻ’ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കഥയും, അതിനുള്ളിലോ സമാന്തരമോ ആയി നടക്കുന്ന മറ്റൊരു കഥയുമൊക്കെയായി രേഖീയമല്ലാത്ത ശൈലിയിലാണ് ദൃശ്യാവിഷ്‌ക്കാരം. അതാത് കഥകളുടെ പശ്ചാത്തലമായി നഗരവും ഗ്രാമവും നെൽപ്പാടവും മലയോരവും തോട്ടവുമെല്ലാം അതുമായി ബന്ധപ്പെട്ട കാലാവസ്ഥകളും കാഴ്ചവട്ടങ്ങളുമുൾപ്പെടെ അതിസൂക്ഷ്മമായി അടയാളപ്പെടുത്തുന്നുണ്ട്‌ മനീഷിന്‍റെ ക്യാമറ. വ്യത്യസ്തങ്ങളായ ആ ഭൂപ്രദേശങ്ങളുടെ സാമൂഹികവും സാംസ്ക്കാരികവുമായ മുദ്രകളുടെ മാറ്റൊലിയെ കഥാപരിസരത്തോടു ചേർത്തു നിർത്തി മിഴിയുറപ്പിക്കാനുള്ള ശ്രമമാണ് ‘ഏദനി’ൽ ദർശിക്കാനാവുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Iffk news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ