ഒരാഴ്ച നീണ്ടു നിന്ന, പകലുകളിലും രാത്രികളിലും സിനിമ നിറച്ച 22-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള ഇന്ന് കൊടിയിറങ്ങുകയാണ്. ലോക സിനിമയുടെ വാതിലുകള്‍ പ്രേക്ഷകര്‍ക്കു മുന്നില്‍ തുറന്നിട്ട എട്ടു ദിവസങ്ങള്‍. അറുപത്തിയഞ്ചു രാജ്യങ്ങളില്‍ നിന്നായി 190 സിനിമകളാണ് മേളയിലേക്ക് പ്രദര്‍ശനത്തിനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. 11,000 ഡെലിഗേറ്റുകളും പങ്കെടുത്തു.
ഓഖി വിതച്ച നാശനഷ്ടങ്ങള്‍ കണക്കിലെടുത്ത് ഇത്തവണത്തെ ഉദ്ഘാടന പരിപാടികളും തുടര്‍ന്നുണ്ടായ ദിവസങ്ങളില്‍ ടാഗോര്‍ തിയേറ്ററില്‍ സംഘടിപ്പിക്കാനിരുന്ന സാംസ്കാരിക പരിപാടികളും റദ്ദാക്കി. അതുകൊണ്ട് തന്നെ പതിവുള്ള ആഘോഷാരവങ്ങള്‍ ഒഴിഞ്ഞ ഇത്തവണത്തെ മേള എന്നാല്‍ വിവാദങ്ങളാല്‍ സമ്പന്നമായിരുന്നു.
സനല്‍കുമാര്‍ ശശിധരന് സംവിധാനം ചെയ്ത ‘എസ് ദുര്‍ഗ’ യിലായിരുന്നു തുടക്കം. ചിത്രം മത്സരവിഭാഗത്തില്‍ തിരഞ്ഞെടുക്കപ്പെടാത്തതിനെ തുടര്‍ന്ന് സംവിധായകന് തന്നെ ചിത്രം മേളയില്‍ നിന്നും പിന്‍വലിച്ചു, പിന്നീടു അത് ഉള്‍പ്പെടുത്താം എന്ന് അക്കാദമി പറഞ്ഞിരുന്നെങ്കിലും സെന്‍സര്‍ ബോര്‍ഡ് ദുര്‍ഗയെ വീണ്ടും പെട്ടിയിലാക്കിയത് കാരണം അത് നടന്നില്ല. ഗോവ ചലച്ചിത്രമേളയില്‍ നിന്നും എസ് ദുര്‍ഗയ്ക്കൊപ്പം വെട്ടിമാറ്റിയ മറാത്തി ചിത്രം ‘ന്യൂഡ്’ ഐഎഫ്എഫ്കെയില് പ്രദര്‍ശിപ്പിക്കുമെന്നു പറഞ്ഞിരുന്നെങ്കിലും അതും വെളിച്ചം കണ്ടില്ല. ഈ രണ്ടു ചിത്രങ്ങളുടെയും കാര്യത്തില്‍ കേന്ദ്രത്തിനെതിരെ ശക്തമായ നിലപാടുകള്‍ മേള കൈക്കൊണ്ടെങ്കിലും അതൊന്നും ഫലവത്തായില്ല.
‘അവള്‍ക്കൊപ്പം’ നിന്ന മേള സുരഭിയ്ക്കൊപ്പമില്ല എന്ന് ചൂണ്ടിക്കാണിച്ചാണ് അടുത്ത വിവാദം. ‘മിന്നാമിനുങ്ങ്’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ 13 വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിലേക്ക് ദേശീയ പുരസ്കാരം കൊണ്ടു വന്ന നടി സുരഭിയെ ചലച്ചിത്രമേള അവഗണിച്ചു എന്നത് വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴി തുറന്നു. തന്നെ ആരും ക്ഷണിച്ചിരുന്നില്ല, അതു കൊണ്ടാണ് മേളയ്ക്ക് വരാതിരുന്നതെന്ന് സുരഭി പറയുകയും, എന്നാല്‍ മേളയുടെ കീഴ് വഴക്കങ്ങളെക്കുറിച്ച് അറിയാത്തതിനാലാണ് സുരഭി ഇത്തരത്തില്‍ സംസാരിക്കുന്നതെന്ന് ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍ പ്രതികരിക്കുകയും ചെയ്തത് വാര്‍ത്താ തലക്കെട്ടുകളില്‍ നിറഞ്ഞു. പിന്നീട് സമാപനത്തിന് സുരഭിയെ ക്ഷണിച്ചെങ്കിലും മറ്റു ചില തിരക്കുകള്‍ കാരണം എത്താന്‍ കഴിയില്ലെന്നറിയിച്ച സുരഭി കഴിഞ്ഞ ദിവസം എത്തി തനിക്കായി എടുത്ത വച്ച പ്രവേശന പാസ് വാങ്ങി തിരിച്ചു പോകുകായിയിരുന്നു.
ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുത്ത നടി പാര്‍വതി മമ്മൂട്ടിയുടെ ‘കസബ’ എന്ന ചിത്രത്തെയും അതിലെ സ്ത്രീ വിരുദ്ധ സംഭാഷണങ്ങളെയും കുറിച്ച് വിമര്‍ശനങ്ങളുന്നയിച്ചത് വീണ്ടും വിവാദങ്ങള്‍ക്ക് വഴിയൊരുക്കി. കഥാപാത്രം ഉപയോഗിച്ച തീര്‍ത്തും സത്രീവിരുദ്ധമായ ചില പദപ്രയോഗങ്ങള്‍ തന്നെ ഏറെ വേദനിപ്പിച്ചുവെന്നും, മമ്മൂട്ടിയെ പോലെ ഒരു നടന് അവതരിപ്പിക്കുന്ന കഥാപാത്രങ്ങളും സംഭാഷണങ്ങളും സമൂഹത്തെ സ്വാധീനിക്കാന്‍ ശക്തിയുള്ളതാണ്, അതിനാല്‍ ഇത്തരം നായകത്വം നമുക്ക് വേണ്ടെന്നും പാര്‍വതി പറഞ്ഞു. ഇത് ഓപ്പണ്‍ ഫോറത്തിലും തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലും വന്‍ വിവാദങ്ങള്‍ക്ക് വഴിയൊരുക്കുകയും, പാര്‍വതിക്കെതിരെ വ്യാപകമായ സൈബര്‍ ആക്രമണം നടക്കുകയും ചെയ്തു.
സമൂഹത്തിലെ ലിംഗ അസമത്വത്തിനെതിരെ നടത്തിയ ഫ്ളാഷ് മോബും ഇത്തവണത്തെ മേളയെ ശ്രദ്ധേയമാക്കി. ഐഎഫ്എഫ്കെ വേദിയില്‍ തട്ടമിട്ട് ഫ്ളാഷ്മോബ് അവതരിപ്പിച്ച ജസ്ലാ എന്ന പെണ്‍കുട്ടിക്കു നേരെ കഴിഞ്ഞ ദിവസങ്ങളില്‍ കടുത്ത സൈബര്‍ അധിക്ഷേപമാണ് ഉണ്ടായത്. മലപ്പുറത്ത് എയ്ഡ്സ് ബോധവല്‍ക്കരണ ക്യാംപെയിനിന്റെ ഭാഗമായി മുസ്ലിം പെണ്‍കുട്ടികള്‍ ഫ്ളാഷ് മോബ് കളിച്ചതിനെ തുടര്‍ന്ന് അവര്‍ക്ക് നേരെയുണ്ടായ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരായ പ്രതിഷേധം എന്ന നിലയിലാണ് ഇവര്‍ തിരുവനന്തപുരത്ത് ഫ്ളാഷ് മോബ് സംഘടിപ്പിച്ചത്.
ഇനി മേളയുടെ കാതലിലേക്ക്, സിനിമകളിലേക്ക് വന്നാല്‍ അതിശയിപ്പിക്കുന്ന സിനിമകളെക്കാള്‍ ശരാശരി നിലവാരം പുലര്‍ത്തിയ സിനിമകളായിരുന്നു ഇത്തവണ പ്രദര്‍ശിപ്പിച്ചവയില്‍ ഏറെയും എന്നായിരുന്നു പൊതുവായുള്ള അഭിപ്രായം. ലോകസിനിമാ വിഭാഗത്തിലായിരുന്നു കൂടുതല്‍ പ്രേക്ഷക പ്രീതി നേടിയ ചിത്രങ്ങള്‍. മത്സരവിഭാഗത്തില്‍ ‘റിട്ടേണീ’, ‘കാന്‍ഡലേറിയ’, ‘പോംഗ്രനേറ്റ് ഓര്‍ച്ചാഡ്’, ‘ഡാര്‍ക്ക് വിന്‍ഡ്’, ‘വൈറ്റ് ബ്രിഡ്ജ്’, ‘വാജിബ്’, ‘ന്യൂട്ടണ്‍’, ‘ഐ സ്റ്റില്‍ ഹൈഡ് ടു സ്മോക്ക്’ എന്നീ ചിത്രങ്ങള്‍ പ്രേക്ഷകാഭിപ്രായത്തില്‍ മുന്നിലെത്തി. ലോകസിനിമാ വിഭാഗത്തില്‍ ‘വില്ലാ ഡ്വല്ലേഴ്സ്’, ‘ദ ഡസേര്‍ട്ട് ബ്രൈഡ്’, ‘കേക്ക് മേക്കര്‍’, ‘ദ യംഗ് കാള്‍മാക്സ്’, ‘ജാം’, ‘അയാം നോട്ട് വിച്ച്’, ‘ഓണ്‍ ബോഡി ആന്‍ഡ് സോള്‍,’ ‘എ മാന്‍ ഒഫ് ഇന്റഗ്രിറ്റി’, ‘ഇന്‍ സിറിയ’, ‘ഹോളി എയര്‍’ തുടങ്ങിയ ചിത്രങ്ങള്‍ മികച്ച പ്രതികരണം നേടിയവയാണ്.
കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ചരിത്രത്തിലാദ്യമായി ഇത്തവണ മിഡ്നൈറ്റ് സ്ക്രീനിങ് സംഘടിപ്പിച്ചു. ഇന്തോനേഷ്യന്‍ ഹൊറര്‍ ചിത്രം ‘സാത്താന്‍സ് സ്ലേവ്’ ആണ് രാത്രി നിശാഗന്ധിയില്‍ പ്രദര്‍ശിപ്പിച്ചത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണം മാത്രമായിരുന്നെങ്കിലും ജനപങ്കാളിത്തം കൊണ്ട് പ്രദര്‍ശനം ശ്രദ്ധനേടി.
ഡെലിഗേറ്റ് പാസുകളുടെ വിതരണത്തില്‍ നേരിട്ട കാലതാമസത്തെചൊല്ലിയും പരാതികള്‍ ഉയര്‍ന്നു. തിയേറ്റര്‍ റിസര്‍വേഷന്‍ തുടങ്ങിയ പതിവ് പ്രശ്നങ്ങള്‍ക്കും കുറവില്ലായിരുന്നു.
ഈ മേള ശരാശരി സിനിമാ പ്രേമിയ്ക്ക് എന്ത് സമ്മാനിച്ചു എന്നത് വരും ദിനങ്ങളില്‍ കണ്ടും കേട്ടും അറിയേണ്ടതാണ്. ഓഖിയുടെ സങ്കടത്തില്‍ ഉലഞ്ഞ മേളയായിട്ടായിരിക്കുംചരിത്രം കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഇരുപത്തി രണ്ടാം പതിപ്പിനെ രേഖപ്പെടുത്തുക.