ഒരു സിനിമയേ കാണാന്‍ കഴിഞ്ഞുള്ളുവെങ്കിലും പോളും എല്‍ഡ്രീനും സന്തോഷത്തിലാണ്. കഴിഞ്ഞ തവണയും ചലച്ചിത്രോത്സവത്തിന്‍റെ ഭാഗമാകാന്‍ ഓസ്ട്രിയക്കാരായ ഈ അമ്മയും മകനും കേരളത്തിലെത്തിയിരുന്നു. ഇത്തവണ എല്‍ഡ്രിയയ്ക്കു മാത്രമേ പ്രവേശന പാസ് ലഭിച്ചുള്ളൂ. സംഘാടകരോട് സംസാരിച്ച് ഒരു സിനിമയ്ക്ക് പോളിനെക്കൂടി കയറ്റാന്‍ സാധിച്ചു.

രാജ്കുമാര്‍ റാവു നായകനായ ന്യൂട്ടണ്‍ കണ്ടിറങ്ങിയതിന്‍റെ സന്തോഷത്തിലാണ് പോളും എല്‍ഡ്രീനും ഇന്ത്യന്‍ എക്‌സ്പ്രസ്സ് മലയാളത്തോട് സംസാരിച്ചത്.

‘കഴിഞ്ഞ തവണയും ഞാന്‍ മേളയില്‍ പങ്കെടുത്തിരുന്നു. അതിനു മുമ്പ് പല തവണ കേരളത്തില്‍ വന്നിട്ടുണ്ട്. എനിക്കിഷ്ടമാണ് ഈ നാട്. ഇവിടുത്തെ ആളുകള്‍, ഭക്ഷണം, കാലാവസ്ഥ… അങ്ങനെ എല്ലാം. ഇത്തവണ മമ്മയ്ക്ക് മാത്രമേ ഡെലിഗേറ്റ് പാസ് കിട്ടിയുള്ളൂ. സംഘാടകരോട് സംസാരിച്ചപ്പോള്‍ ഒരു സിനിമ കാണാനുള്ള അവസരം തരാമെന്നു പറഞ്ഞു. അങ്ങനെയാണ് ന്യൂട്ടണ്‍ കാണാന്‍ കയറിയത്. സിനിമ ഇഷ്ടമായി, നന്നായി ആസ്വദിച്ചു.’

മേള തീരുന്നതുവരെ ഇരുവരും ഇവിടെ തന്നെ ഉണ്ടാകുമെന്നും പോളും എല്‍ഡ്രീനും പറഞ്ഞു.

‘സിനിമ കാണല്‍ മാത്രമല്ല സന്തോഷത്തിനു കാരണം, നല്ലൊരു അന്തരീക്ഷമാണ് ഇവിടുത്തെത്. നേരത്തേ പറഞ്ഞതു പോലെ കേരളത്തിലെ കാലാവസ്ഥയും ഭക്ഷണും ഗംഭീരമാണ്. അതുകൂടി ആസ്വദിക്കാനാണ് ഓസ്ട്രിയയില്‍ നിന്നും ഞങ്ങള്‍ എത്തിയത്.’

സിനിമ കണ്ടു കഴിഞ്ഞാല്‍ കോവളം ബീച്ച്, കനകക്കുന്ന് കൊട്ടാരം, മ്യൂസിയം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കറങ്ങാനാണ് ഇരുവരുടേയും പദ്ധതി. ഇത്തവണ പാസ് കിട്ടിയില്ലെങ്കിലും അടുത്ത തവണ കൂടുതല്‍ ശ്രദ്ധയോടെ രെജിസ്റ്റര്‍ ചെയ്യുമെന്നും തീര്‍ച്ചയായും അമ്മയേയും കൂട്ടി മേളയ്‌ക്കെത്തുമെന്നും പോള്‍ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ