ഏകാന്തമായ സിനിമാ പര്യടനങ്ങള്‍ റിമ ദാസിനെ കൊണ്ടെത്തിച്ചത് തന്റെ ഗ്രാമമായ (ആസാമിലെ) ച്ഛായാഗാവിലെ കുറച്ചു കുട്ടികളിലേയ്ക്കാണ്. സ്വന്തം മാര്‍ഗങ്ങളിലൂടെ സിനിമയെക്കുറിച്ച് പഠിച്ച് ‘മാന്‍ വിത്ത്‌ ദി ബൈനോക്കുലെര്‍സ്’ എന്ന ആദ്യത്തെ ഫീച്ചര്‍ സിനിമ നിര്‍മ്മിക്കുന്നതിനിടയിലാണ് ഈ ആസംകാരി തന്റെ വേരുകള്‍ തേടി ച്ഛായാഗാവില്‍ എത്തുന്നത്.

തെര്‍മോക്കോള്‍ കൊണ്ടുണ്ടാക്കിയ ‘സംഗീതോപകരണങ്ങള്‍’ ഉപയോഗിച്ചു ഒരു റോക്ക്ബാന്‍ഡിന്റെ ഭാവത്തോടെ പാട്ടുപാടുന്ന ഒരു കൂട്ടം ആണ്‍കുട്ടികളെ അവിടെ ഒരു പരിപാടിക്കിടെ കണ്ടുമുട്ടിയത് റിമയെ അത്ഭുതപ്പെടുത്തി. എന്നെങ്കിലും ഒരിക്കല്‍ അവരെക്കുറിച്ച് ഒരു സിനിമ ചെയ്യണം എന്ന ആഗ്രഹം അവരുമായി പങ്കു വെച്ച നിമിഷം മുതല്‍, പഴയ യക്ഷിക്കഥയില്‍ ഒരു നാടിനെ മുഴുവന്‍ തന്റെ പിറകെ നടത്തിച്ച കുഴലൂത്തുകാരനെ പോലെ ഈ കുട്ടികള്‍ റിമയെ ചുറ്റിപ്പറ്റി നടക്കാന്‍ തുടങ്ങി.

മെല്ലെ ഈ കുട്ടികളുമായി ഇടപഴകുകയും അവരെ ഷൂട്ട്‌ ചെയ്യുകയും ചെയ്തു കൊണ്ട് ഒരു പരീക്ഷണം എന്ന പോലെ റിമ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍ അവരുടെ ഇളയ കസിന്‍ ഭനിത ദാസും ഈ സംഘത്തില്‍ ചേര്‍ന്നു. കുട്ടിക്കാലത്ത് ‘ടോം ബോയ്‌’ സ്വഭാവമുള്ള പെണ്‍കുട്ടി ആയാണ് റിമയെ എല്ലാവരും കണ്ടിരുന്നത്. അതുകൊണ്ട് തന്നെ അതിനോടു സാമ്യമുള്ള സഹോദരിയുടെ സാന്നിധ്യം കുറെ ബാല്യകാല ഓര്‍മകളെ മടക്കി എത്തിച്ചു. പിന്നീട്, തന്റെ രണ്ടാമത്തെ ഫീച്ചര്‍ സിനിമയായ ‘വില്ലേജ് റോക്ക്സ്റ്റാര്‍സി’ല്‍ 10 വയസ്സുകാരിയായ ധുനു എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഭനിതയെ തന്നെ റിമ തെരഞ്ഞെടുത്തു. മറ്റു ആണ്‍കുട്ടികള്‍ അവളുടെ സഹതാരങ്ങളും ആയി. ഇലക്ട്രിക് ഗിത്താര്‍ വാങ്ങണമെന്ന ധുനുവിന്റെ സ്വപ്നവും അതിനിടയില്‍ അവള്‍ക്ക് പ്രായപൂര്‍ത്തി ആവുന്നതുമാണ് ച്ഛായാഗാവില്‍ നടക്കുന്ന ഈ കഥയുടെ കാതല്‍. മൂന്നര വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കിയ തിരക്കഥയുടെ ചിത്രീകരണം 150 ദിവസം കൊണ്ടാണ് പൂര്‍ത്തീകരിച്ചത്.

 

ടോറന്റോ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ആദ്യമായി പ്രദര്‍ശിപ്പിക്കപ്പെട്ടപ്പോള്‍ തന്നെ ‘വില്ലേജ് റോക്ക്സ്റ്റാര്‍സ്’ ചലച്ചിത്രാസ്വാദകരുടെ താല്പര്യം ഉണര്‍ത്തിയിരുന്നു. മഴയില്‍ നനഞ്ഞു കുതിര്‍ന്ന തന്റെ ഓലമേഞ്ഞ വീടിന്റെ ഇറയത്ത്, വര്‍ണക്കടലാസു കൊണ്ട് പൊതിഞ്ഞ തെര്‍മോക്കോള്‍ ഗിത്താറു വായിക്കുന്ന ധുനു; ഏതോ ദിവാസ്വപ്നത്തില്‍ അകപ്പെട്ടവരെപ്പോലെ മരത്തിലോടിക്കയറുന്ന ഒരു കൂട്ടം കുട്ടികള്‍, ഇങ്ങനെ കുഞ്ഞു കുഞ്ഞു ദൃശ്യങ്ങളിലൂടെ ഒരു സംവിധായികയും അവരൊരുക്കിയ നതായ താരനിരയും അപൂര്‍വ്വ സുന്ദരമായ ദേശക്കാഴ്ച്ചകളും ചേര്‍ന്ന് ജൈവമായ ഭാഷയില്‍ അവതരിപ്പിച്ച ഈ ചിത്രം കാണികള്‍ക്ക് മാന്ത്രികാനുഭവമായിത്തീര്‍ന്നു

റിമയുടെ ഒറ്റയാള്‍ സംഘമാണ് ഈ സിനിമയുടെ തിരക്കഥയും, ചിത്രീകരണവും, സംവിധാനവും, എഡിറ്റിംഗും എല്ലാം ചെയ്തത് എന്ന വസ്തുത ആസ്വാദകരെയും വിമര്‍ശകരെയും ഒരു പോലെ അത്ഭുതപ്പെടുത്തുന്നതാണ്. ഒരു സിനിമാ സ്കൂളിലും പോകാത്ത, ഒരു സംവിധായകന്റെയും കൂടെ പ്രവര്‍ത്തിക്കാത്ത ഒരു സംവിധായികയുടെ രണ്ടാമത്തെ ഫീച്ചര്‍ ചിത്രം എന്നത് ഈ നേട്ടത്തിന്റെ മാറ്റ് കൂട്ടുന്നു. പ്രശസ്തമായ സാന്‍ സെബാസ്ട്യന്‍ മേളയില്‍ ആദ്യ യുറോപ്യന്‍ പ്രദര്‍ശനം നടത്തിയ ചിത്രം, മുംബൈ ചലച്ചിത്ര മേളയില്‍ ഇന്ത്യ-ഗോള്‍ഡ്‌ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചു. ധരംശാല അന്താരാഷ്ട്ര മേളയിലെ സമാപന ചിത്രവും ‘വില്ലേജ് റോക്ക്സ്റ്റാര്‍സ്’ ആയിരുന്നു.

തനിക്ക് എക്കാലത്തും ഒരു നടി ആവണം എന്നായിരുന്നു മോഹമെന്ന് റിമ പറയുന്നു. ഗുവാഹത്തിയിലെ കോട്ടന്‍ കോളേജില്‍ നിന്ന് സോഷ്യോളജിയില്‍ ബിരുദവും പൂനെ സര്‍വകലാശാലയില്‍ നിന്നും ബിരുദാനന്തര ബിരുദവും നേടിയ റിമ 2003ല്‍ മുംബൈയില്‍ എത്തിയത് അഭിനയിക്കാനുള്ള മോഹത്തോടെയായിരുന്നു.

‘ആറു വയസ്സുള്ളപ്പോള്‍ ഞാന്‍ ആദ്യമായി ഒരു സ്കൂള്‍ നാടകത്തില്‍ അഭിനയിച്ചു. മുംബൈലേക്ക് പോകുന്ന സമയത്ത് ഞാന്‍ നെറ്റ് പരീക്ഷ പാസായിരുന്നു. എങ്കിലും അഭിനയത്തില്‍ ഒന്ന് പയറ്റി നോക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു’ റിമ ഓര്‍ക്കുന്നു. ആദ്യ നാളുകളില്‍ പ്രശസ്തമായ പൃഥ്വി തിയേറ്ററില്‍ അരങ്ങേറിയ പ്രേംചന്ദിന്റെ ഒരു നാടക പുനരാവിഷ്കരണം അടക്കം പല നാടകങ്ങളിലും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

നിരന്തരം നടക്കുന്ന ഓഡിഷനുകള്‍ അല്ലാതെ, ജോലി വിരളമായതോടെ താമസിയാതെ ജീവിതത്തില്‍ നിരാശ പടര്‍ന്നു. ‘സ്കൂള്‍-കോളേജ് കാലത്ത് ഞാന്‍ ഒരു നല്ല നടിയായാണ് അറിയപ്പെട്ടിരുന്നത്. അതുകൊണ്ട് തന്നെ മുംബൈയില്‍ അവസരങ്ങള്‍ കിട്ടാതായത് എന്നെ ഡിപ്രഷനില്‍ കൊണ്ടെത്തിച്ചു. എന്റെ ഹിന്ദിയും ഉര്‍ദുവും ഒരു പ്രശ്നമായിരുന്നു. എന്നാല്‍, അവിടെവച്ച് വിശാലമായ ഒരു സിനിമ ലോകത്തെക്കുറിച്ചു കൂടുതല്‍ അറിയാനുള്ള അവസരം എനിക്ക് ലഭിച്ചു’, ഈ ആസാംകാരി പറയുന്നു. റിമയുടെ അച്ഛന്‍ ടീച്ചറാണ്, അമ്മ ഒരു പുസ്തകക്കടയും പ്രിന്റിംഗ് പ്രസ്സും നടത്തുന്നു.

ഇന്‍റര്‍നെറ്റില്‍ ലഭ്യമായ സിനിമ നിര്‍മാണവുമായി ബന്ധപ്പെട്ട ലേഖനങ്ങളും വീഡിയോകളും ഉപയോഗിച്ചു റിമ തന്റെ സിനിമാ വിദ്യഭ്യാസം സ്വയം ഏറ്റെടുത്തു. ലോകസിനിമയിലെ പ്രഗല്‍ഭരുടെ ചിത്രങ്ങളും ആവേശത്തോടെ കണ്ടു കൊണ്ടിരുന്നു. അടുത്ത പടി ഹൃസ്വചിത്രങ്ങളുടെ നിര്‍മാണമായിരുന്നു. 2009ല്‍ ആദ്യ ഹൃസ്വചിത്രമായ ‘പ്രഥ’ പുറത്തിറക്കി.

‘അതിനു ശേഷം ഞാന്‍ രണ്ടു ഹൃസ്വചിത്രങ്ങള്‍ കൂടി സംവിധാനം ചെയ്തു. സിനിമാ സങ്കേതങ്ങളെ സംബന്ധിച്ചുള്ള എന്റെ പരീക്ഷണങ്ങള്‍ എന്ന നിലയില്‍ ചെയ്തതായിരുന്നു അവ. ഇതിനിടയിലും ഒരു ഫീച്ചര്‍ ഫിലിം ചെയ്യണം എന്നുള്ള ആഗ്രഹം ശക്തമായിരുന്നു.’ സത്യജിത് റേ, ഇംഗ്മാര്‍ ബര്‍ഗ്‌മാന്‍, വോംഗ് കാര്‍-വൈ, മജീദ്‌ മജിദി, അബ്ബാസ്‌ കിരോസ്ടമി എന്നീ ലോകപ്രശസ്ത സംവിധായകരുടെ സിനിമകളാണ് തന്റെ പ്രചോദനം എന്നും റിമ പറയുന്നു.

ഫീച്ചര്‍ ഫിലിം എന്ന മോഹം സാക്ഷത്കരിച്ചത് 2016ല്‍ പൂര്‍ത്തിയാക്കിയ ‘മാന്‍ വിത്ത്‌ ദി ബൈനോക്കുലെര്‍സ്’ എന്ന ചിത്രത്തിലൂടെയാണ്. കാന്‍ ചലച്ചിത്ര മേളയില്‍ മാര്‍കറ്റ്‌ പ്രദര്‍ശനം നടത്തിയിരുന്നു ആ ചിത്രം. കൂടാതെ കഴിഞ്ഞ വര്‍ഷത്തെ മുംബൈ ചലച്ചിത്ര മേളയിലും ഈ സിനിമ പങ്കെടുത്തു. ജീവിതത്തിന്റെ സായാഹ്നത്തില്‍ എത്തിയ ഒരു മനുഷ്യന്‍ തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച് പിന്തിരിഞ്ഞു നോക്കുന്ന ഈ ചിത്രത്തിന്റെ പശ്ചാത്തലവും ച്ഛായാഗാവ് ആയിരുന്നു. എന്നാല്‍ രണ്ടാമത്തെ ചിത്രത്തില്‍ നിന്നും വ്യത്യസ്തമായി ഈ ചിത്രത്തില്‍ ഒരു സംഘം ആളുകള്‍ ഇതിന്റെ ചിത്രീകരണത്തിലും നിര്‍മാണത്തിലും റിമയോടൊപ്പം ഉണ്ടായിരുന്നു. ഇത്തരമൊരു സംവിധാനത്തിന്റെ അഭാവം ‘വില്ലേജ് റോക്ക്സ്റ്റാര്‍സി‘ന്റെ ചിത്രീകരണം കൂടുതല്‍ തനിമയുള്ളതാക്കി എന്ന് റിമ കരുതുന്നു.

ആദ്യ ചിത്രത്തിന് വേണ്ടി തന്റെ കുടുംബത്തിന്റെ സഹകരണത്തോടെ കുറച്ചധികം പണം മുടക്കിയ റിമക്ക് ഈ ചിത്രത്തിന് വേണ്ടി ഒരു സാങ്കേതിക സംഘത്തെ നിയമിക്കുന്നതിനെക്കുറിച്ച് സംശയം ഉണ്ടായിരുന്നു. തന്റെ ഗ്രാമത്തില്‍ തന്നെ മഴയും വെള്ളപ്പൊക്കവും അടക്കം വര്‍ഷത്തില്‍ പല ഘട്ടങ്ങളിലായി ഷൂട്ട്‌ ചെയ്യേണ്ടി വരും എന്നതിനാല്‍ ഒരു ക്രൂ ഉണ്ടാവുന്നത് വലിയ ചിലവുണ്ടാക്കുമായിരുന്നു.

‘വില്ലേജ് റോക്ക്സ്റ്റാര്‍സിനു എനിക്ക് സ്റ്റോറി ബോര്‍ഡ് ഉണ്ടായിരുന്നില്ല. ക്രൂ ഇല്ലാതിരുന്നതിനാല്‍ കൃത്രിമ വെളിച്ചങ്ങള്‍ ഉപയോഗിച്ചുമില്ല. സൂര്യപ്രകാശം തീവ്രമല്ലാത്ത ‘മാജിക് ലൈറ്റ്’ കിട്ടുന്ന പുലര്‍ച്ചെയും സന്ധ്യക്കും ആണ് ഞാന്‍ പ്രധാനമായും ഷൂട്ട്‌ ചെയ്തത്. പ്രശസ്ത അസമീസ് നടന്‍ കുലദ ഭട്ടാചാര്യ ഒഴികെ ഇതില്‍ അഭിനയിക്കുന്ന മറ്റെല്ലാവരും എന്റെ ഗ്രാമത്തില്‍ നിന്ന് തന്നെ ഉള്ളവരാണ്. കോളേജ് വിദ്യാര്‍ഥിയായ മറ്റൊരു കസിന്‍ മല്ലിക ദാസ്‌ തന്നെ ചിത്രീകരണത്തില്‍ സഹായിച്ചിരുന്നു’ എന്നും റിമ.

‘സാമ്പത്തിക പരിമിതിക്കപ്പുറം പൂര്‍ണമായും എനിക്ക് വേണ്ട രീതിയില്‍ ഒരു സിനിമ ചെയ്യണം എന്ന ആഗ്രഹം കൂടി ഈ തീരുമാനത്തിന് പിന്നില്‍ ഉണ്ടായിരുന്നു. എനിക്കെന്താണ് കാണിക്കേണ്ടത് എന്നെനിക്ക് വ്യക്തമായി അറിയാമായിരുന്നു. ചെറിയ സ്വതന്ത്ര സിനിമകള്‍ക്ക് ഒരു നല്ല എഡിറ്ററെ കിട്ടാന്‍ പ്രയാസമാണ്. ഒരിക്കല്‍ ഒരു എഡിറ്റര്‍ എന്നോട് പറഞ്ഞു ചിത്രസംയോജനം സാങ്കേതികമെന്നതില്‍ ഉപരി വൈകാരികമായ ഒന്നാണെന്ന്. അതിനു ശേഷം എന്റെ സിനിമയുടെ ‘റിഥം’ ഞാന്‍ കൂടുതല്‍ സൂക്ഷ്മമായി ശ്രദ്ധിച്ചു. അത് എഴുത്തിലും മറ്റു കലകളിലും ഒക്കെ പ്രധാനമാണ്’. കഴിഞ്ഞ മൂന്നു കൊല്ലത്തില്‍ ച്ഛായാഗാവില്‍ ഒരുപാട് സമയം റിമ ചെലവഴിച്ചിരുന്നു. മുംബൈ തനിക്കൊരു രണ്ടാം വീടാണെന്നും സിനിമ ചര്‍ച്ചചെയ്യാന്‍ പറ്റിയ ഒരു സുഹൃദ് വലയം തനിക്കവിടെ ഉണ്ടെന്നും ഈ ചലച്ചിത്രകാരി കൂട്ടിച്ചേര്‍ക്കുന്നു.

ഇന്നീ ഗ്രാമവാസികള്‍ എല്ലാവരും റിമയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു അറിയുന്നവരാണ്. കുട്ടികളാവട്ടെ, അവരുടെ ജീവിതത്തിന്റെ തന്നെ ഒരു ഭാഗവും. ‘എന്നാല്‍ കഴിയുന്ന പരിശീലനം അവര്‍ക്ക് കൊടുക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്, മിക്ക് കുട്ടികളും ഔപചാരിക വിദ്യാഭ്യാസം കിട്ടാത്തവരാണ്, മാതാപിതാക്കള്‍ തൊഴിലാളികളും. എന്നാല്‍ അവരൊക്കെ പ്രതിഭാശാലികളാണ്. അവരെക്കൂടി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ കൊണ്ടുപോകാനുള്ള പണം എന്റെ കയ്യില്‍ ഇല്ലായിരുന്നു. എന്നാല്‍, അവരില്‍ 9 പേരെ ഞാന്‍ മുംബൈക്ക് കൊണ്ടുപോകുന്നുണ്ട്. ലോകസിനിമയെക്കുറിച്ചു ഒരു ചെറിയ പരിചയം അവര്‍ക്കവിടെ ലഭിക്കുമല്ലോ’.

ഇതേ ഗ്രാമത്തില്‍ നടക്കുന്ന ഒരു കൌമാര പ്രണയത്തെക്കുറിച്ചുള്ള തന്റെ അടുത്ത ഫീച്ചര്‍ ചിത്രത്തിനുള്ള പണികള്‍ റിമ ആരംഭിച്ചു കഴിഞ്ഞു. കൂടെയുള്ള യുവ അഭിനേതാക്കളുടെ സഹായത്തോടെ ആണ് അവര്‍ സാങ്കേതിക വശങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഈ ചിത്രത്തില്‍ തദ്ദേശീയരോടൊപ്പം പ്രൊഫഷണല്‍ നടീ നടന്‍മാരും അഭിനയിക്കാനെത്തും.

‘പണമോ പ്രശസ്തിയോ മോഹിച്ചല്ല ഞാന്‍ ഈ മേഖലയില്‍ വന്നത്. ചില അതിര്‍ത്തികള്‍ മറികടക്കാനും സിനിമയുണ്ടാക്കുന്ന ഈ പ്രക്രിയ ആസ്വദിക്കാനും ആണ്’. ഇനി ആ പഴയ അഭിനയ മോഹം ഉപേക്ഷിക്കുമോ എന്നതിന് തനിക്ക് അഭിനയം ഇഷ്ടമാണെങ്കിലും അതുടനെ ഉണ്ടാവില്ല എന്നും റിമ പറഞ്ഞു നിര്‍ത്തുന്നു.

എഴുത്ത്  അളകാ സഹാനി, പരിഭാഷ. ആര്‍ദ്ര എന്‍ ജി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook