തിരുവനന്തപുരം: വിശ്വവോത്തരമായ ഇന്ത്യന്‍ സിനിമകളുടെ പട്ടികയില്‍ ആദ്യത്തെ അഞ്ചില്‍ നിശ്ചയമായും ഉള്‍പ്പെടുത്താവുന്ന ചിത്രമാണു സത്യജിത് റേ 1964 ല്‍ സംവിധാനം ചെയ്ത ‘ചാരുലത’. സ്ത്രീത്വത്തിന്റെ അടക്കിപ്പിടിച്ച വിങ്ങലുകളെ, സ്വാന്തന്ത്യത്തിനും സ്നേഹത്തിനും വേണ്ടിയുള്ള അവരുടെ നിശബ്ദമായ നിലവിളികളെ, സ്വാതന്ത്രാനന്തര ഇന്ത്യയുടെ പശ്ചാത്തലത്തില്‍ വരച്ചു കാട്ടി രബിന്ദ്ര നാഥ് ടാഗോര്‍ രചിച്ച ‘നഷ്ടാനീര്’ എന്ന കഥയെ ആസ്പദമാക്കിയെടുത്ത സ്ത്രീ കേന്ദ്രീകൃതമായ ചിത്രത്തില്‍ പ്രധാന കഥാപാത്രമായ ‘ചാരുലത’യെ അവതരിപ്പിച്ചത് മാധബി മുഖർജി എന്ന നടിയാണ്. ഊഞ്ഞാലാടുന്ന, സ്വപ്നം കാണുന്ന, വിവാഹത്തിന് പുറത്തു സ്നേഹം തേടുന്ന നായികയായി അവര്‍ ‘ചാരുലത’യെ അവിസ്മരണീയമാക്കി.
ഒരര്‍ത്ഥത്തില്‍ ഇന്ത്യന്‍ സിനിമയിലെ സ്ത്രീ ഭാഷ്യത്തിന് തുടക്കം കുറിച്ച ആ നടിയാണ് രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഇന്ന് മുഖ്യാഥിതിയായി എത്തുന്നത്. ഓഖി ദുരന്തത്തിനോട് അനുബന്ധിച്ച് ഔദ്യോഗിക പരിപാടികള്‍ റദ്ദ് ചെയ്തതിനാല്‍ മേള ഇക്കുറി ഉത്ഘാടന ചിത്രത്തിന്റെ പ്രദര്‍ശനത്തോടെ തുടങ്ങും. മാധബി മുഖര്‍ജി, പ്രകാശ് രാജ് എന്നീ അതിഥികള്‍ ആ വേളയില്‍ അവിടെ സന്നിഹിതരാകും എന്നാണു അറിയുന്നത്. ലളിതമായ ചടങ്ങില്‍ ജൂറി അംഗങ്ങളെ പരിചയപ്പെടുത്തും, അതിന് ശേഷം മെഴുകിതിരി കൊളുത്തി ഓഖി ദുരന്തത്തില്‍ പെട്ടവര്‍ക്ക് അഞ്ജലി അര്‍പ്പിക്കും.
അറിയാം, മാധബിയെ
1950ല്‍ എട്ടാമത്തെ വയസ്സിൽ നാടക കലയിൽ അരങ്ങേറ്റം കുറിച്ച മാധുരി മുഖർജി, മൃണാൾ സെന്നിന്റെ ‘ബൈഷേ ശ്രാവണി’ ലൂടെയാണ് മാധബിയായി മാറുന്നത്. ബംഗാളി നാടക രംഗത്തെ അതികായന്മാരായ സിസിർ ബാദുരി, അഹിന്ദ്ര ചൗധരി, നിര്മ്മലേന്ദു ലാഹിരി, ഛബി ബിസ്വാസ് എന്നിവരുടെ നാടകങ്ങളിൽ നിറഞ്ഞ സാന്നിദ്ധ്യമായിരുന്നു ഒരു കാലത്തവര്‍.
അഭിനയ മികവുകൊണ്ട് വളരെ ചെറിയ പ്രായത്തിൽ തന്നെ നിരൂപക ശ്രദ്ധ പിടിച്ചു പറ്റിയ മാധബി, ‘മഹാനഗർ’ എന്ന ചിത്രത്തിലൂടെ ആദ്യമായി സത്യജിത് റേയുടെ നായികയായി. ‘ചാരുലത’യിലൂടെ വിശ്വപ്രസിദ്ധി നേടിയ അവരുടെ ജീവിതത്തില്‍ സത്യജിത് റേ ഒരു വലിയ സാന്നിധ്യമായിത്തീര്‍ന്നു. സംവിധായകരും നടിമരും തമ്മില്‍ ഉടലെടുക്കുന്ന സ്നേഹ – സൗഹൃദ ബന്ധങ്ങള്‍ക്ക് സിനിമയില്‍ പുതിയതല്ല. ജനം കുറച്ചു നാള് സംസാരിക്കും, പിന്നെ പതിയ അത് മാഞ്ഞു പോകും. എന്നാല്‍ അങ്ങനെ ഒന്നായിരുന്നില്ല സത്യജിത് റേയും മാധബി മുഖര്‍ജിയും തമ്മില്ലുള്ള ബന്ധം. ബംഗാള്‍ ഏറെക്കാലം ചര്‍ച്ച ചെയ്ത ആ വിഷയം സത്യജിത് റേയുടെ ഭാര്യ ബിജോയ തന്റെ ആത്മകഥയില്‍ പറയാതെ പറഞ്ഞതിങ്ങനെ.
‘എന്റെ ഭര്‍ത്താവിന്റെ കഴിവിനും യോഗ്യതയ്ക്കും ചേര്‍ന്ന ഒരാളല്ല ഈ താരം’,
ചാരുലതയ്ക്ക് ശേഷം റേയും മാധബിയും ഒന്നിച്ച ചിത്രമാണ് ‘കാപുരുഷ്’. ഋഥ്വിക് ഘട്ടക്, മൃണാൾ സെൻ, ഋതുപർണ ഘോഷ്, തപൻ സിൻഹ എന്നിവരുടെ ചിത്രങ്ങളിലും അവർ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും ഏകാകിയും സുന്ദരിയും ബുദ്ധിമതിയുമായ ചാരുലത അമ്പതു വർഷങ്ങൾക്കിപ്പുറവും പ്രേക്ഷക മനസ്സിൽ ഇന്നും മായാതെ നിൽക്കുന്നു.
മികച്ച നടിക്കുള്ള 1970 ലെ ദേശീയ പുരസ്കാരം ‘ദിബ്രാത്രിർ കാബ്യാ’ എന്ന ചിത്രത്തിലെ കഥാപാത്രത്തിനു ലഭിച്ചു. കഴിവും അനുഭവ സമ്പത്തും ഏറെ ഉണ്ടായിട്ടും മറ്റ് അംഗീകാരങ്ങൾ ഒന്നും തന്നെ മാധബിയെ തേടി എത്തിയില്ല. ‘ആത്മജ’ എന്നൊരു ചിത്രം സംവിധാനം ചെയ്തുവെങ്കിലും അതിനു വേണ്ടത്ര ശ്രദ്ധ ലഭിച്ചില്ല. ഇപ്പോൾ ടെലിവിഷൻ സീരിയലുകളിൽ അഭിനയിക്കുന്ന അവർ ‘ആമി മാധബി’ എന്ന ആത്മകഥയും എഴുതിയിട്ടുണ്ട്. ഭർത്താവ് അഭിനേതാവായ നിർമൽ കുമാര്‍, മകൾ മിമി ഭട്ടാചാര്യ.
സത്യജിത് റേയുടെ ചാരുലത, മഹാനഗർ, കാപുരുഷ്; ഋതുപർണ ഘോഷിന്റെ ഉത്സബ്; മൃണാൾ സെന്നിന്റെ കൽക്കട്ട 71 എന്നിവയാണ് മാധബി മുഖർജിയുടെ പ്രധാന ചിത്രങ്ങൾ.