ബ്രസീലിയന്‍ ജീവിതത്തിന്‍റെ അനന്യസാധാരണമായ നേര്‍ക്കാഴ്ചകളുമായി എത്തുന്ന ആറു ചിത്രങ്ങളാണ് ഇത്തവണ കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍. ബ്രസീലിന്‍റെ സാമുദായിക ചരിത്രവും രാഷ്ട്രീയ സാഹചര്യങ്ങളും വരച്ചു കാട്ടുന്ന ഈ ചിത്രങ്ങള്‍ ബ്രസീലിയന്‍ ജനതയുടെ ജീവിതാസക്തിയും ജീവിതത്തെചൊല്ലിയുള്ള ആകുലതയും ഒരു പോലെ പകര്‍ത്തിയവയാണ്. സിനിമ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന സ്റ്റെഫാന്‍ സോളമന്‍ തെരഞ്ഞെടുത്ത ആറ് ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Brazilian Focus films 1

‘കില്‍ മി പ്ലീസ്‌’, ‘നക്രോപോളിസ്’

അനിറ്റ റോച്ച ഡി സില്‍വെയ്‌റ സംവിധാനം ചെയ്ത ‘കില്‍ മി പ്ലീസ്’, റിയോ ഡി ജനെരോയുടെ പശ്ചാത്തലത്തില്‍ ഒരു കൂട്ടം അക്രമാസക്തരായ ചെറുപ്പക്കാരുടെ കഥ പറയുന്ന ചിത്രമാണ്. ജൂലിയാന റോജസ് സംവിധാനം ചെയ്ത ‘നെക്രോപൊലിസ് സിംഫണി’യാകട്ടെ, മരണത്തെ എന്നും മുഖാമുഖം കാണുന്ന രണ്ടു സെമിത്തേരി ജീവനക്കാരെ ചുറ്റിപ്പറ്റിയുള്ളതാണ്.

 

എഡ്വാര്‍ഡോ ന്യൂണ്‍സ് സംവിധാനം ചെയ്ത ‘സൗത്ത് വെസ്റ്റ്’ ക്ലാറൈസ് എന്ന പെണ്‍കുട്ടിയുടെ വ്യത്യസ്തമായ ഒരു അനുഭവത്തിന്‍റെ പൊരുളുകള്‍ അന്വേഷിച്ചു പോകുന്നതാണ്. ഫെര്‍ണാണ്ട പെസ്സോ സംവിധാനം ചെയ്ത ‘സ്റ്റോറീസ് അവര്‍ സിനിമ ഡിഡ് (നോട്ട്) ടെല്‍’ ആകട്ടെ ‘പോര്‍ണോചന്‍ചണ്ട’ എന്ന ഇനത്തില്‍ പെടുന്ന ‘ഇറോട്ടിക് കോമഡി’ ചിത്രമാണ്‌. ബ്രസീലിലെ മിലിട്ടറി ഭരണത്തെ ചരിത്രപരമായ ഒരു കോണില്‍ നിന്നും നോക്കിക്കാനുന്നതാണ് ഇതിന്‍റെ ഇതിവൃത്തം. അഡേര്‍ലി ക്യൂറോസ് സംവിധാനം ചെയ്ത ‘വൈറ്റ് ഔട്ട് ബ്ലാക്ക് ഇന്‍’ ഒരു സംഗീത നിശയില്‍ വച്ച് വെടിയേല്‍ക്കുന്ന രണ്ടു ചെറുപ്പക്കാരുടെ ജീവിതം പറയുന്നതാണ്. തിയാഗോ ബി മെന്‍ഡോക്ക സംവിധാനം ചെയ്ത ‘യങ് ആന്‍ഡ് മിസറബിള്‍ ഓര്‍ എ മാന്‍ സ്‌ക്രീമിങ് ഈസ് നോട്ട് എ ഡാന്‍സിങ് ബിയര്‍’, കലയും ജീവിതവും തമ്മിലുള്ള അതിര്‍ വരമ്പുകളെ പരിശോധിക്കുന്നു. വിപ്ലവാത്മക പ്രബുദ്ധതയ്ക്കായി നാടകം, സംഗീതം, കല എന്നിവ പൊതു വേദികളില്‍ എങ്ങനെ ഉപയോഗിക്കാം എന്ന് തുടങ്ങി, ഐക്യദാര്‍ഡ്യത്തില്‍ വിള്ളലുകള്‍ ഏല്‍ക്കുന്നത് വരെ പ്രതിപാദിക്കുന്നതാണ് ഈ ചിത്രം.

 

മാറിയ സാമൂഹ്യ-രാഷ്ട്രീയ സാഹചര്യങ്ങളുടെ സൂക്ഷ്മമായ അവതരണമാണ് ഇന്നത്തെ ബ്രസീലിയന്‍ സിനിമകള്‍. തെളിഞ്ഞ കാഴ്ചയും വ്യക്തമായ കാഴ്ചപ്പാടുകളുമുള്ള സിനിമാ പ്രവര്‍ത്തകര്‍ ബ്രസീല്‍ സിനിമകളെ മാറ്റിമറിക്കുകയാണ്.

രാജ്യത്തിന്റെ ബാഹ്യമായ അവസ്ഥകള്‍ക്കു പുറമെ മനുഷ്യന്റെ ആന്തരികമായ സംഘര്‍ഷങ്ങളെക്കുറിച്ചും ഉല്‍ക്കണ്ഠകളെക്കുറിച്ചും കൂടി സിനിമകള്‍ പറയാന്‍ ശ്രമിക്കുന്നുണ്ട് എന്നതാണ് അതില്‍ ശ്രദ്ധേയമായ ഒരു കാര്യം. ബ്രസീല്‍ സിനിമകള്‍ മുന്‍കാലങ്ങളില്‍ അഭിമുഖീകരിക്കാതെ പോയ വിഷയങ്ങളും ചോദിക്കാന്‍ മറന്ന ചോദ്യങ്ങളും കാഴ്ചക്കാരിലേക്ക് എറിയുന്നുണ്ട് ഈ ചിത്രങ്ങള്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ