2016 വെനീസ് ചലച്ചിത്ര മേളയിലെ ‘ഗോള്‍ഡന്‍ ലയണ്‍’ പുരസ്കാരത്തിന് അര്‍ഹമായ ‘ദി വുമണ്‍ ഹു ലെഫ്റ്റ്’ എന്ന ചിത്രം 22-ാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഏഷ്യന്‍ സിനിമകളുടെ വിഭാഗമായ ‘സിനിരമ’ യില്‍ പ്രദര്‍ശിപ്പിക്കും . മുപ്പതു വര്‍ഷത്തിന് ശേഷം ജയില്‍ മോചിതയായ ഒരു സ്ത്രീയുടെ ജീവിതത്തിലൂടെ 90കളിലെ ഫിലിപ്പൈന്‍സിലെ സംഘര്‍ഷാന്തരീക്ഷം ചര്‍ച്ച ചെയ്യുന്നതാണ് ചിത്രം. ഫിലിപ്പൈന്‍ ‘സ്ലോ സിനിമ’ പ്രസ്ഥാനത്തിന്റെ അമരക്കാരില്‍ ഒരാളായ ലാവ് ഡിയാസ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ഹോംഗ് കോങ് , ബുസാന്‍ തുടങ്ങിയ ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത ആറു ചിത്രങ്ങളടങ്ങുന്നതാണ് ‘സിനിരമ’ വിഭാഗം. ഏഷ്യയിലെ വിവിധ രാജ്യങ്ങളുടെ സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക വൈവിധ്യങ്ങള്‍ ദൃശ്യ ഭാഷയിലൂടെ ലോക സിനിമാ ഭൂപടത്തില്‍ അടയാളപ്പെടുത്തുന്നവയാണ് ഈ ചിത്രങ്ങളെല്ലാം. ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ ഈ ചിത്രങ്ങള്‍ ക്യൂറേറ്റ് ചെയ്യുന്നത് ഏഷ്യന്‍ ഫിലിം അവാര്‍ഡ്സ് അക്കാദമിയാണ്.
ഹോങ്ങ്കൊങ്ങ്, ബുസാന്‍, ടോക്യോ എന്നീ ചലച്ചിത്രോത്സവങ്ങളുടെ സമന്വയമാണ് ഏഷ്യന്‍ സിനിമയെ പ്രോത്സാഹിപ്പിക്കാനായി 2013ല്‍ രൂപം കൊണ്ട അക്കാദമി. ഏഷ്യന്‍ ഫിലിം അവാര്‍ഡ് എന്ന പ്രശസ്തമായ പുരസ്കാരം നല്‍കുന്നത് ഈ അക്കാദമിയാണ്. ‘ഏഷ്യന്‍ സിനിരമ’ എന്ന ഫിലിം റോഡ്ഷോ അക്കാദമിയുടെ പ്രധാന പ്രവര്‍ത്തനങ്ങളില്‍ ഒന്നാണ്. പല ഫെസ്റ്റിവലുകളുമായി ചേര്‍ന്ന് ഏഷ്യന്‍ സിനിമകളുടെ പാക്കേജുകളുടെ പ്രദര്‍ശനവും അക്കാദമി നടത്തുന്നു. ഇന്ത്യയില്‍ ചെന്നൈ രാജ്യാന്തര ചലച്ചിത്രമേളയുമായി ഇവര്‍ മുന്‍പ് സഹകരിച്ചിട്ടുണ്ട്. കേരളവുമായി ഇതാദ്യമായാണ് അക്കാദമി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്.

ആന്‍ഡി ലോ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ഹോംഗ് കോങ് ചിത്രമായ ‘ഹാപ്പിനെസ്സ്’, ലാവോ ഷീയുടെ ചെറുകഥയെ ആസ്പദമാക്കി തിരക്കഥാകൃത്തു കൂടിയായ മീ ഫെങ് സംവിധാനം ചെയ്ത ‘മിസ്റ്റര്‍ നോ പ്രോബ്ലം’, ചൈനയിലെ കുപ്രസിദ്ധരായ മൂന്ന് അധോലോക നായകരുടെ യഥാര്‍ത്ഥ ജീവിതം പ്രമേയമാക്കിയ ‘ട്രിവിസ’, 89-ാമത് ഓസ്കര് അവാര്‍ഡിലെ മികച്ച വിദേശ ഭാഷ വിഭാഗത്തിലേക്ക് സിംഗപ്പൂര്‍ നാമനിര്‍ദേശം ചെയ്ത ബൂ ജുന്ഫെങിന്റെ ‘അപ്രെന്റിസ്’ എന്നിവയാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന മറ്റ് ചിത്രങ്ങള്‍.