മഹാത്മാഗാന്ധിയെക്കുറിച്ച് റിച്ചാര്‍ഡ് അറ്റെന്‍ബറോ നിര്‍മ്മിച്ച ചിത്രം 1983ല്‍ പുറത്ത് വന്നപ്പോള്‍ ഇവിടുത്തെ മാര്‍ക്സിസ്റ്റ് വൃത്തങ്ങളില്‍ ഉയര്‍ന്നുവന്ന ആശങ്ക അത് കാള്‍മാര്‍ക്സിന്‍റെ ചരമശതാബ്ദി വര്‍ഷത്തില്‍ മാര്‍ക്സിസത്തിന്‍റെ പ്രാഭവത്തെ ചെറുക്കാനുള്ള മുതലാളിത്ത ഗൂഡാലോചന ആയിരിക്കാം എന്നതായിരുന്നു. മാര്‍ക്സിസ്റ്റ് വ്യവഹാരത്തിനകത്തെ വിവിധ ധാരകളില്‍ ചിലതില്‍ നില നില്‍ക്കുന്ന സോഷ്യലിസത്തെ കുറിച്ചും, സോഷ്യലിസ്റ്റ് ലോകത്തില്‍‘പുനഃ സ്ഥാപിക്കപ്പെട്ട മുതലാളിത്തത്തെ കുറിച്ചും, അതു കൈക്കൊണ്ട സാമ്രാജ്യത്വ സ്വഭാവത്തെകുറിച്ചും ഉയര്‍ന്നു വന്ന വിമര്‍ശനങ്ങള്‍ക്കിടയിലും വിമോചന സ്വഭാവമുള്ള ഒരു ചിന്താപദ്ധതിയുടെ ആധികാരികതയെ കുറിച്ച് അധികമാരും ആശങ്കപെട്ടിരുന്നില്ല. എന്നാല്‍ ചുരുങ്ങിയത് ആറു വര്‍ഷത്തിനു ശേഷം ചില മതിലുകളില്‍ വീണ വിള്ളലുകളും, കോട്ടകളില്‍ സംഭവിച്ച തകര്‍ച്ചകളും ഒരു രാഷ്ട്രീയ പരിപാടി എന്ന നിലയില്‍ മാര്‍ക്സിസത്തിന്‍റെ ആത്മവിശ്വാസത്തെയും അപ്രമാദിത്വത്തെയും ഉലയ്ക്കുകയുണ്ടായി. എങ്കിലും, സോവിയറ്റ് യൂണിയന്‍റെ തകര്‍ച്ചക്ക് ശേഷവും, വര്‍ഗ്ഗവൈരുധ്യങ്ങള്‍ നിറഞ്ഞ ലോകത്തെ മനസ്സിലാക്കാനുള്ള താത്വികോപകരണം എന്ന നിലയില്‍ മാര്‍ക്സിസത്തിന്‍റെ പ്രസക്തി ചോദ്യം ചെയ്യപ്പെടുകയില്ലെന്ന് അതിന്‍റെ പ്രണേതാക്കള്‍ സമാശ്വസിച്ചു.

എന്തായാലും ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളില്‍ മാര്‍ക്സിസത്തിന് സംഭവിച്ച തിരിച്ചടികള്‍ വലിയ തോതില്‍ ഗാന്ധിയന്‍ വായനയിലേക്ക് ഇന്ത്യയെ നയിച്ചു എന്ന് പറയുക വയ്യ. ബദല്‍ രാഷ്ട്രീയം തിരയുന്ന ചെറു ഗ്രൂപ്പുകളില്‍മാത്രം ഗാന്ധി വായിക്കപ്പെട്ടു. ദേശീയ തലത്തിലാകട്ടെ ഗാന്ധിയന്‍ ധാരകള്‍ പിന്തുടര്‍ന്ന വലിയ രാഷ്ട്രീയ കക്ഷി അതിന്‍റെ പിറകോട്ടടി തുടങ്ങിയ സമയമായിരുന്നു. ദേശീയ രാഷ്ട്രീയത്തിന്റെ യഥാര്‍ത്ഥ വേദികളില്‍ രൂപപ്പെട്ട പുതിയ ധ്രുവീകരണങ്ങള്‍ ഗാന്ധിയന്‍, മാര്‍ക്സിസ്റ്റ്‌ വ്യവഹാരങ്ങളെ പിന്തള്ളി, ഹിന്ദുത്വത്തെയും ലോഹ്യാ-സോഷ്യലിസം പോലുള്ള രാഷ്ട്രീയ ചിന്താധാരകളെയും മുന്നോട്ടുകൊണ്ട് വന്നു. രാഷ്ട്രീയ ചിന്താപദ്ധതിയെന്ന നിലയില്‍ അംബേദ്‌കറിസം കേന്ദ്രസ്ഥാനത്തിലേക്ക് വരുന്നത് പിന്നെയും രണ്ടു ദശകങ്ങള്‍ക്ക് ശേഷമാണ്. (അംബേദ്കറെ ചലച്ചിത്രഭാഷയുടെ കേന്ദ്രസ്ഥാനത്തേയ്ക്ക് കൊണ്ടുവരാനുള്ള ശ്രമം സമര്‍ത്ഥമായി തമസ്കരിക്കപ്പെടുകയും ചെയ്തു)

കേരളത്തിലാകട്ടെ, ലോകതലത്തില്‍ മാര്‍ക്സിസത്തിന് രാഷ്ട്രീയ പ്രയോഗം എന്ന നിലയില്‍ ഏറ്റ തിരിച്ചടി, വിശകലന പദ്ധതിയെന്ന നിലയില്‍ അതിന്‍റെ സ്വീകാര്യതയെ ബാധിച്ചില്ല. ബദല്‍രാഷ്ട്രീയത്തിന്‍റെ വഴികള്‍ അന്വേഷിച്ച നിരവധി ചെറു ഗ്രൂപ്പുകള്‍ തൊള്ളായിരത്തിയെൺപതുകള്‍ മുതല്‍ കേരളത്തില്‍ സജീവമായിരുന്നെങ്കിലും ഗാന്ധിയന്‍ വായനയിൽ ഊന്നിയ സാമൂഹിക പ്രയോഗപദ്ധതി വികസിപ്പിക്കാനുള്ള ആത്മവിശ്വാസം അവയ്ക്കുണ്ടായിരുന്നില്ല എന്ന് വേണം കരുതാൻ. ഇതിന് ഒരു പക്ഷെ, പ്രധാന കാരണം മാര്‍ക്സിസത്തിന് ഒരു ചിന്താപദ്ധതി എന്ന നിലയില്‍ കേരളത്തില്‍ ഉണ്ടായിരുന്ന സ്വീകാര്യതയാണ്.  ഈ ചിന്തകളിലേയ്ക്ക് പോകാന്‍ പ്രേരിപ്പിച്ചത്, രാജ്യാന്തര ചലച്ചിത്രമേളയിൽ​ പ്രദര്‍ശിപ്പിച്ച ‘യുവ കാള്‍ മാര്‍ക്സ്‘ എന്ന ചിത്രം കണ്ടിരിക്കുമ്പോള്‍ കാണികള്‍ പ്രകടിപ്പിച്ച ആവേശം നിറഞ്ഞ പ്രതികരണം ആണ്.

ഫോയർ ബാഹിനെ കുറിച്ചുള്ള തന്‍റെ നിലപാടുകള്‍ വ്യക്തമാക്കി കൊണ്ട് ചിന്തകര്‍ ലോകത്തെ വ്യാഖ്യാനിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ, അതിനെ മാറ്റുകയാണ് കാര്യം എന്ന് മാര്‍ക്സ് (ആഗസ്റ്റ്‌ദീല്‍ ) പറയുമ്പോള്‍ നീണ്ടു നില്‍ക്കുന്ന ഒരു കയ്യടിയായി ആകാശം മറയ്ക്കപ്പെട്ട നിശാഗന്ധിയില്‍ അത് മുഴങ്ങി.

പോസ്റ്റ്ട്രൂത്ത്‌ കാലത്തെ അമിതാവേശപ്രകടനങ്ങളില്‍ ഒന്നായി ഇതിനെ കാണുന്നവര്‍ ഉണ്ടാകാം. മാര്‍ക്സിസത്തിന്‍റെ പ്രഭാവം ചരിത്രത്തില്‍ മായ്ക്കപ്പെടാതെ കിടക്കും എന്ന് വിശ്വസിക്കുന്ന ഒരു രാഷ്ട്രീയാബോധമനസ്സ് കേരളത്തില്‍ എന്നും ഉണ്ടായിരുന്നു.

രണ്ടായിരത്തിയെട്ടിലെ ആഗോളസാമ്പത്തിക മാന്ദ്യത്തിന്‍റെ പശ്ചാത്തലത്തില്‍ മുതലാളിത്തത്തിലെ ചാക്രികകുഴപ്പങ്ങളെ കുറിച്ചുള്ള മാര്‍ക്സിന്‍റെ നിരീക്ഷണങ്ങള്‍വീണ്ടും ഒന്നോടിച്ചു നോക്കാന്‍ രാഷ്ട്രീയക്കാരും സാമ്പത്തിക വിദഗ്ദ്ധരും ആവേശം കൊണ്ട സമയം, കേരളത്തിലെ ഇടതുപക്ഷ ബോധമുള്ളവര്‍ക്ക്, ആഗോളതലത്തില്‍ പുതുതായിറങ്ങിയ മാര്‍ക്സ് പഠനങ്ങളുടെ കണക്കെടുപ്പിനുള്ള അവസരം കൂടിയായി.

ഡേവിഡ്‌മക്ലെല്ലാന്‍ മുതല്‍ ഫ്രാന്‍സിസ് വീന്‍ വരെയുള്ള അതീവ സൂക്ഷ്മങ്ങളായ ഗവേഷണ പഠനങ്ങളെ തുടര്‍ന്ന് രചിക്കപ്പെട്ട നിരവധി ജീവചരിത്രങ്ങള്‍ പരിചയപ്പെട്ടിട്ടുള്ള ഒരു സമൂഹത്തിലേക്കു റാവുള്‍ പെക്ക്, മാര്‍ക്സിനെ കുറിച്ച് താന്‍ നിര്‍മ്മിച്ച ബയോപിക്കുമായി വരുമ്പോള്‍ അത് എങ്ങനെയാണ് സ്വീകരിക്കപ്പെടുക? ഒന്നാമതായി എഴുത്തിലൂടെ ആവിഷ്കരിക്കുന്ന ജീവ/ചരിത്രത്തെ എങ്ങനെയാണു ചലച്ചിത്ര ബിംബങ്ങളിലൂടെ ആവിഷ്കരിക്കുക എന്ന പ്രശ്നം തന്നെയാണ് എന്ന് തോന്നുന്നു. ഒരു ജീവിതത്തെ പുസ്തകത്തില്‍ എഴുതുന്ന രീതിയില്‍ സൂക്ഷ്മമായി ദൃശ്യബിംബങ്ങളിലേക്ക് ആവിഷ്കരിക്കുക എളുപ്പമുള്ള കാര്യമായി ഒരു ചലച്ചിത്രകാരനും കരുതാന്‍ ഇടയില്ല. ചരിത്രത്തെ ആധാരമാക്കി നിര്‍മ്മിച്ചിട്ടുള്ള ചിത്രങ്ങളാണ് എങ്കിലും, ഇത് ചലച്ചിത്രകാരന്മാരെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളി തന്നെയാണ്. ചരിത്രം ഒരു നിര്‍മ്മിതിയാണ്‌ എന്ന, ഹെയ്ദേന്‍വയ്റ്റിന്‍റെ പോലുള്ള ചരിത്ര ചിന്തകരുടെ വാദത്തെ മുന്‍നിര്‍ത്തിക്കൊണ്ട് റോബര്‍ട്ട്‌റോസെന്‍സ്ടോണ്‍ ഉന്നയിച്ച പ്രശ്നം നാടകീയതയില്‍ ഊന്നിയിട്ടുള്ള ചലച്ചിത്രാവിഷ്കാരങ്ങള്‍ എത്ര കണ്ടു ചരിത്രപരം ആകാം എന്നതാണ്. ചരിത്രം തന്നെ ഒരു നിര്‍മ്മിതിയാണെന്ന് അംഗീകരിക്കാം എങ്കില്‍ ഷോട്ടുകളുടെ സവിശേഷമായ തെരഞ്ഞെടുപ്പിലൂടെ നിര്‍മ്മിക്കപ്പെടുന്ന സിനിമയുടെ ചരിത്രമൂല്യത്തെ നിഷേധിക്കുന്നത് എന്തിന് എന്ന ചോദ്യം ഉയരുന്നു. ചരിത്രം ഭൂതകാലത്തെ വസ്തുനിഷ്ഠമായി വിവരിക്കുകയല്ല, മറിച്ചു ഭൂതകാലത്തെ സൃഷ്ടിക്കുക തന്നെയാണ് ചെയ്യുന്നതെന്ന വാദം ഇന്ന് ചരിത്രവിജ്ഞാനീയത്തില്‍ ശക്തമായി കഴിഞ്ഞിട്ടുണ്ട്. ചരിത്രകാരന്‍റെ ഭൂതകാലഭാഷണം അതുകൊണ്ട് തന്നെ വര്‍ത്തമാനത്തെ കുറിച്ച് കൂടിയുള്ള അയാളുടെ നിലപാടുകള്‍ കൂടിയാകുന്നു. ഇത്തരത്തില്‍ നിലപാടുകള്‍ ഇല്ലാത്ത വസ്തുനിഷ്ഠതയെ കുറിച്ച് സംസാരിക്കുക എന്നതു പ്രശ്നവല്‍ക്കരിക്കപ്പെടുന്നു.

അധ്യാപകനായ മക്ലെല്ലാന്‍ രചിച്ച മാര്‍ക്സിന്‍റെ ‘ബൗദ്ധികജീവചരിത്ര’ ത്തില്‍നിന്നും പത്രപ്രവര്‍ത്തകനായ വീന്‍ രചിച്ച ‘വൈകാരിക ജീവചരിത്ര’ത്തില്‍ നിന്നും മാറിനില്‍ക്കുന്ന ഒന്നാണ് പെക്ക് രചിച്ച സിനിമാറ്റിക് ജീവചരിത്രം. മക്ലെല്ലാനെപോലെ മാര്‍ക്സിന്‍റെ ചിന്താപരമായ മാറ്റങ്ങളില്‍മാത്രം ഊന്നുന്ന ഒരു സമീപനം പെക്ക് സ്വീകരിക്കുന്നില്ല. അതേസമയം, ഫ്രാന്‍സിസ് വീന്‍ ചെയ്തത് പോലെ കൂടുതല്‍ വൈകാരിക മുഹൂര്‍ത്തങ്ങളെ മുന്നിലേക്ക്‌ കൊണ്ടു വരുന്നുമില്ല.

എങ്കിലും ഒരു ചോദ്യം പ്രസക്തമാകുന്നു: ഏതു ചരിത്ര സന്ധിയില്‍നിന്ന് കൊണ്ടാണ് റാവുള്‍പെക്ക് മാര്‍ക്സിനെ സമീപിക്കുന്നത്? മറ്റൊരു വിധത്തില്‍ ചോദിച്ചാൽ​ പെക്ക് മുന്നോട്ടേക്ക് കൊണ്ടുവരുന്ന മാര്‍ക്സിന്‍റെ ജീവിതത്തിലെ ചില പ്രധാന തലങ്ങള്‍ ഏത് രീതിയിലാണ് സമകാലിക ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നത്?

തന്‍റെ പ്രവര്‍ത്തനത്തിലൂടെ ചര്‍ച്ചാവിഷയവും, ജനപ്രിയവും ആയിത്തീര്‍ന്ന റെയ്നിഷ് ദിനപത്രത്തിന്‍റെ പ്രവര്‍ത്തനത്തില്‍ ഉള്ള ഭരണകൂട ഇടപെടലില്‍ ആണ് ചിത്രം ആരംഭിക്കുന്നതെങ്കിലും, സെന്‍സര്‍ഷിപ്പ് മാര്‍ക്സിനെ എങ്ങനെ അലട്ടിയെന്നതിനെ കുറിച്ചുള്ള സൂക്ഷ്മമായ് ചര്‍ച്ച ചിത്രത്തില്‍ ഇല്ല. മറിച്ച് കൂടുതല്‍ ഊന്നല്‍ പ്രൂദോനിനെയും ബാക്കുനിനെയും പോലുള്ള അനാര്‍ക്കിസ്റ്റ് ചിന്താധാരയുമായി മാര്‍ക്സ് പുലര്‍ത്തുന്ന വിയോജിപ്പുകളിലും കലഹങ്ങളിലും ആണ്. മാര്‍ക്സിന്‍റെ ബൗദ്ധികമായ യൗവ്വനകാലത്തിലെ ഏറ്റവും ശ്രദ്ധേയമായ സംഭാവന എന്ന് വിലയിരുത്തപ്പെടുന്ന ‘ഫോയർബാഹിനെ കുറിച്ചുള്ള തിസീസുകള്‍’ രൂപപ്പെടുന്ന തത്വചിന്താപരമായ പരിസരമോ അവയുടെ പ്രസക്തിയോ ചിത്രം അധികമായി പരിഗണിക്കുന്നതായി തോന്നിയില്ല. പെക്കിന്‍റെ ചിത്രത്തിൽ, പരിഷ്കരണ വാദപരമോ അനാര്‍ക്കിസ്റ്റ് സ്വഭാവത്തിലുള്ളവയോ ആയ രാഷ്ട്രീയ രൂപങ്ങള്‍ക്കപ്പുറം കൂടുതല്‍ സംഘടിതവും, ലക്ഷ്യ ബോധത്തിലൂന്നിയവയും ആയ രാഷ്ട്രീയ രൂപങ്ങളിലാണ് മാര്‍ക്സ് ഊന്നല്‍ നല്‍കുന്നത്. സ്വാഭാവികമായും അത്തരമൊരു നിലപാടിന്‍റെ പരിണതി എന്ന് പറയാവുന്ന ‘കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ’ യുടെ രചനയില്‍ചിത്രം പൂര്‍ണ്ണമാകുകയും ചെയ്യുന്നു.

The Young Karl Marx

ദി യംഗ് കാള്‍ മാക്സ്

ചരിത്രകാരന്‍റെ നിലപാടുകള്‍ സമകാലിക ചരിത്രത്തെ കുറിച്ചുള്ള നിരീക്ഷണങ്ങള്‍ക്ക് കൂടി സ്ഥലം നല്‍കുന്നു എന്ന വീക്ഷണം അംഗീകരിച്ചാൽ, പെക്ക് സമീപകാലത്ത് ആഗോളതലത്തില്‍ പലയിടത്തും ഉയര്‍ന്ന സ്വയം പ്രചോദിതങ്ങളായ സമര രൂപങ്ങളോടുള്ള തന്‍റെ നിലപാട് വ്യക്തമാക്കുക കൂടിയാണോ ചെയ്യുന്നത്?

മാര്‍ക്സിനോടൊപ്പം പ്രമുഖമായ ഇടം നേടിയെടുക്കുന്ന എംഗല്‍സിന്‍റെ ചിത്രീകരണത്തിലും പെക്ക് സ്വീകരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ വിമര്‍ശനം ഉളവാക്കാം. ആശയങ്ങള്‍ രൂപീകരിക്കുന്നതില്‍ മാര്‍ക്സിന്‍റെ കഴിവിനെ നന്നായി മനസ്സിലാക്കിയിരുന്ന, കൂടുതല്‍ ‘ശാസ്ത്രീയ’ നിലപാടുകള്‍വച്ചു പുലർത്തയിരുന്ന ഏംഗൽസ് വൈകാരികമായ തലം വച്ചു പുലര്‍ത്തുന്ന കഥാപാത്രമായി മാത്രം അവതരിപ്പിക്കപ്പെടുന്നു. കുടുംബഘടനയ്ക്ക് ഉള്ളിലുള്ള സ്ത്രീയുടെ നിലയെ കുറിച്ച് സ്ത്രീപക്ഷ നിലപാടുകള്‍ ഉണ്ടായിരുന്ന ഏംഗൽസ്, ആ ഗൗരവത്തോടെ ചിത്രത്തില്‍ അവതരിപ്പിക്കപ്പെടുന്നുണ്ടോ എന്ന് സംശയം തോന്നാം.

The Young Karl Marx

‘ദി യംഗ് കാള്‍ മാക്സ്’ ചിത്രീകരണത്തിനിടെ സംവിധായകന്‍ റൌള്‍ പെക്ക്

ചുരുക്കത്തില്‍ചിന്തകള്‍ ബിംബങ്ങളായി മാറുന്ന പ്രക്രിയ ഈ സിനിമയില്‍ സജീവമല്ല. മാര്‍ക്സിന്‍റെ ‘മൂലധനം’ എന്ന കൃതിയുടെ ചലചിത്ര രൂപം നിര്‍മ്മിക്കാന്‍ 1927ൽ ഐസെന്സ്റ്റെയ്ന്‍ കുറിപ്പുകള്‍ തയ്യാറാക്കുമ്പോള്‍ അദ്ദേഹം ഈ രീതിയില്‍ചിന്തകളെ രൂപകങ്ങള്‍ ആക്കി മാറ്റുന്ന പ്രക്രിയയെ കുറിച്ച് ആഴത്തില്‍ചിന്തിച്ചിരുന്നു. പെക്ക് ചിത്രത്തിനു നല്‍കിയിരിക്കുന്ന ‘യുവ കാൾ​ മാര്‍ക്സ്’ എന്ന തലക്കെട്ട്‌ മാര്‍ക്സിയന്‍ ജഞാന ചരിത്രത്തില്‍ മുദ്ര പതിപ്പിച്ച ഒന്നാണ്. സ്റ്റാലിനിസത്തിന് ബദലായ ഒരു മാര്‍ക്സിസ്റ്റ്‌ പാരായണം നടത്തിയ ഫ്രാങ്ക്ഫെർട്ട് സ്കൂൾ ചിന്തകർ, 1844ല്‍ മാര്‍ക്സ് രചിച്ച ‘സമ്പദ് ശാസ്ത്രപരവും ദാര്‍ശനികവുമായ കുറിപ്പുകളി’ല്‍ നിന്ന് കൂടുതല്‍ മാനുഷികമായ ഒപ്പം ഹെഗേലിയന്‍ സ്വഭാവങ്ങളുള്ള മാര്‍ക്സിനെ വായിച്ചെടുക്കുന്നു. പില്‍ക്കാലത്ത്‌ സാമ്പത്തികതലത്തില്‍ഏറെ ഊന്നല്‍ നല്‍കുന്ന കൃതികള്‍ രചിച്ച മാര്‍ക്സില്‍ നിന്ന് ഏറെ ഭിന്നമാണ് ‘സമ്പദ് ശാസ്ത്രപരവും ദാര്‍ശനികവുമായ കുറിപ്പുകള്‍’ എഴുതിയ യുവമാര്‍ക്സ് എന്ന നിരീക്ഷണമാണിത്.

‘പാരീസ് തിസീസുകള്‍’ എന്ന് അറിയപ്പെടുന്ന ഈ കുറിപ്പുകളില്‍ മാര്‍ക്സ് വികസിപ്പിക്കുന്ന അന്യവല്‍ക്കരണം പോലുള്ള പരികല്‍പ്പനകൾ പില്‍ക്കാലത്ത് ഹെര്‍ബെര്‍ട്ട് മാര്‍ക്യൂസിനെയും, എറിക് ഫ്രോമിനെയും പോലുള്ള ചിന്തകരെ ഗണ്യമായി സ്വാധീനിക്കുകയുണ്ടായി എന്ന കാര്യം പരിഗണിക്കപ്പെടുമ്പോൾ, പെക്ക് നല്‍കുന്ന ഊന്നല്‍ കൂടുതലും മാനുഷിക മാര്‍ക്സില്‍ നിന്ന് ഭിന്നനായ മാര്‍ക്സിന്‍റെ തലത്തിലേക്ക് ആണെന്ന് വരാം. താന്‍ നിര്‍മ്മിക്കുന്ന ഉൽപ്പന്നത്തില്‍ നിന്ന് അന്യവല്‍ക്കരിക്കപ്പെടുന്ന തൊഴിലാളിയെ ഊന്നിക്കൊണ്ട് മുതലാളിത്തത്തിനെതിരെ മാനുഷികമായ വിമര്‍ശനം ഉന്നയിക്കുന്ന മാര്‍ക്സില്‍ നിന്ന് ഭിന്നനായി, ഘടനാപരമായ കാരണങ്ങളില്‍ കൂടുതൽ​ ഊന്നുന്ന, കൂടുതല്‍ കാര്‍ക്കശ്യം വച്ചുപുലര്‍ത്തുന്ന ഒരു മാര്‍ക്സ് ആണ് പെക്കിന്‍റെ ചിത്രത്തില്‍ കാണാനാകുന്നത്. അതാകട്ടെ ചിന്തകളെ ദൃശ്യബിംബങ്ങളാക്കി ആവിഷ്ക്കരിക്കുന്ന രീതിയില്‍ നിന്നും ഭിന്നമായി ജീവചരിത്രത്തിലെ നാടകീയതകള്‍ മാത്രമായിട്ടാണ് പെക്ക് അവതരിപ്പിക്കുന്നത്‌.
ചുരുക്കത്തിൽ, ആഗോളതലത്തില്‍ രൂപപ്പെടുന്ന ജനസഞ്ചയ രാഷ്ട്രീയത്തില്‍ നിന്ന് ഭിന്നമായി രാഷ്ട്രീയത്തിന്‍റെ ഘടനാപരമായ തലത്തിൽ ഊന്നുന്ന ഒരു മാര്‍ക്സിനെയാണ് പെക്ക് കൃത്യമായി ആവിഷ്കരിക്കുന്നത്. അതിന് സഹായകരമായ രീതിയില്‍ മാര്‍ക്സ് ജീവചരിത്രത്തില്‍നിന്ന് വസ്തുതകളെ സവിശേഷമായ രീതിയില്‍ തിരഞ്ഞെടുക്കുകയും അടുക്കുകയും ചെയ്യുന്നു സംവിധായകൻ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook