ദേശീയ പുരസ്കാരം നേടിയ നടി സുരഭിയെ കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ നിന്നും ഒഴിവാക്കി എന്ന വിവാദത്തെത്തുടര്‍ന്നുണ്ടായ കോലാഹലങ്ങള്‍ക്ക് വിരാമം. തനിക്കു ദേശീയ പുരസ്കാരം നേടിത്തന്ന ‘മിന്നാമിനുങ്ങ്‌’ എന്ന ചിത്രത്തിന്‍റെ സമാന്തര പ്രദര്‍ശനത്തിനായി തിരുവനന്തപുരത്ത് എത്തിയ സുരഭി, മിന്നാമിനുങ്ങിന്‍റെ സംവിധായകന്‍ അനില്‍ തോമസിനോപ്പമാണ് മേളയില്‍ എത്തിയത്. തനിക്കു ഡെലിഗേറ്റ് പാസ് കിട്ടിയില്ല എന്ന് ചൂണ്ടിക്കാണിച്ചു വന്ന പത്ര വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അക്കാദമി ചെയര്‍മാന്‍ കമല്‍ തന്നെ വിളിച്ചിരുന്നു എന്നും ഇന്നലെ മേളയുടെ സമാപന ചടങ്ങിലേക്ക് തന്നെ ഔദ്യോഗികമായി ക്ഷണിച്ചു കൊണ്ടുള്ള കത്ത് നരിക്കുനിയിലെ വീട്ടിലേക്കു എത്തിച്ചു എന്നും സുരഭി പറഞ്ഞു.

‘സമാപനത്തില്‍ പങ്കെടുക്കണം എന്നുണ്ട്. പക്ഷെ, പോകാം എന്ന് മുന്‍കൂറായി ഏറ്റിരുന്ന ഒരു പരിപാടിയുണ്ട് അന്ന് തന്നെ. യു എ ഇയിലെ ഫുജൈറയിലാണത്. ഒരു പത്തു ദിവസം മുന്നേ ഈ ക്ഷണം കിട്ടിയിരുന്നെങ്കില്‍ അത് വേണ്ട എന്ന് വയ്ക്കാമായിരുന്നു’.

കൂടുതല്‍ വായിക്കാം: പ്രഖ്യാപനത്തില്‍ അവള്‍ക്കൊപ്പം, പ്രവര്‍ത്തിയില്‍ അവഗണന

മേളയിലെ ഓഫീസില്‍ ചെന്ന് തന്‍റെ പാസും കൈപ്പറ്റി സുരഭി. ‘എനിക്കുള്ള പാസ് ഇവിടെ എടുത്തു വച്ചിട്ടുണ്ട് എന്നുള്ളത് കൊണ്ട് അത് വന്നു വാങ്ങേണ്ട മര്യാദ ഞാന്‍ കാണിക്കും’, സുരഭി കൂട്ടിച്ചേര്‍ത്തു.

ദേശീയ രാജ്യാന്തര പുരസ്കാരങ്ങള്‍ കിട്ടിയ സിനിമകള്‍ കാണിക്കാനും മേളയില്‍ അവസരം ഉണ്ടാകണം എന്നും സുരഭി കൂട്ടിച്ചേര്‍ത്തു.

 

‘എല്ലാ ഐ എഫ് എഫ് കെ യിലും ഓരോ വിവാദമുണ്ടാകും.  ഇതാവണ അതെന്‍റെ പേരില്‍ ആയി.  ഈ വിഷയത്തില്‍ എന്നോടൊപ്പം നിന്ന എല്ലാവര്‍ക്കും നന്ദി’ സുരഭി കൂട്ടിച്ചേര്‍ത്തു

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ