scorecardresearch

മാധബി മുഖർജി: കാലം ഹരിച്ചു കളയാത്ത നായിക

ഉള്ളിലെ പ്രക്ഷുബ്ധതയെ നിശബ്ദമായി പൊതിഞ്ഞുപിടിച്ച് , ഒരു നോട്ടംകൊണ്ട് നൂറുകാര്യങ്ങൾ പറയുന്ന ആ വൈഭവം കൊണ്ടാണല്ലോ മാധബി മുഖർജി, സത്യജിത് റേയുടെ പ്രിയ നായികയായും, കാണികൾക്ക് മുൻപിൽ അഭിനയത്തിന്‍റെയും, അനുഭവത്തിന്‍റെയും കടലായും മാറിയത്.

ഉള്ളിലെ പ്രക്ഷുബ്ധതയെ നിശബ്ദമായി പൊതിഞ്ഞുപിടിച്ച് , ഒരു നോട്ടംകൊണ്ട് നൂറുകാര്യങ്ങൾ പറയുന്ന ആ വൈഭവം കൊണ്ടാണല്ലോ മാധബി മുഖർജി, സത്യജിത് റേയുടെ പ്രിയ നായികയായും, കാണികൾക്ക് മുൻപിൽ അഭിനയത്തിന്‍റെയും, അനുഭവത്തിന്‍റെയും കടലായും മാറിയത്.

author-image
Sunil Naliyath
അപ്‌ഡേറ്റ് ചെയ്‌തു
New Update
Madhabi Mukherjee

എൺപതുകളുടെ രണ്ടാം പകുതിയിലെപ്പോഴോ, ജീവിതത്തിന്‍റെ നാൽക്കവലയിൽ വച്ച് കൗമാരം യൗവ്വനത്തിനു കൈകൊടുത്തു പിരിയാൻ തുടങ്ങുമ്പോഴാണ് ആദ്യമായി 'ചാരുലത'യെ പരിചയപ്പെ ടുന്നത്. കൊൽക്കത്തയിലെ പശ്ചിമബംഗാൾ ചലച്ചിത്ര വികസന കോർപറേഷന്‍റെ സിനിമാസമുച്ചയമായ 'നന്ദനി'ൽ വച്ചായിരുന്നു ആ സമാഗമം. അന്ന് ഞാന്‍ കേവലമൊരു കാണി. സത്യജിത് റായിയുടെ 'ചാരുലത'യായി മാധബി മുഖർജി വെള്ളിത്തിരയിലെ താരവും. പിന്നീടിന്നോളം 'ചാരുലത' കൂടെയുണ്ട്, നിത്യഹരിതനായികയായല്ല, കാലം ഹരിച്ചു കളയാത്ത ഒരു ഏകപക്ഷീയ പ്രണയഗണിതമായി.

Advertisment

ചില ബന്ധങ്ങൾ അങ്ങനെയാണ്. ഒരിക്കൽ പരിചയപ്പെട്ടാൽ മതി, പിന്നീട് ലോകാവസാനം വരേക്കും അത് നിലനിൽക്കും. പരസ്യചിത്രത്തിലെ പഗ് നായക്കുട്ടിയെപ്പോലെ നമ്മെ പിന്തുടരും. നമ്മെയത് മുഷിപ്പിക്കില്ല. 'ഒന്നെടുത്താൽ ഒന്ന് ഫ്രീ' എന്ന ആരെയും ആകർഷിക്കുന്ന തലവാചകത്തിനൊടുവിൽ നെയ്യുറുമ്പിനോളം ചെറിയ നക്ഷത്രചിഹ്നം ചാർത്തി 'നിബന്ധനകൾക്ക് വിധേയം' എന്ന അടിക്കുറിപ്പ് വായിച്ചെടുത്ത് നിരാശപ്പെടേണ്ട ഗതികേടിലേയ്ക്ക് ഒരിക്കലും വലിച്ചിഴക്കില്ല .

അഭ്രപാളിയിൽ തിളങ്ങുന്ന നക്ഷത്രമായി മാധബി മുഖർജിയെ ആദ്യം കണ്ട് കൃത്യം ഒരു പതിറ്റാണ്ടിനുശേഷം, 1996 ലെ തണുപ്പിറ്റുന്ന ഹേമന്തത്തിലാണ് ബംഗാളി സിനിമയിലെ എക്കാലത്തെയും പ്രിയ നായികയെ മുഖാമുഖം കണ്ടത്. അന്ന് മലയാളത്തിലെ വനിതാ മാസികയ്ക്ക് വേണ്ടിയായിരുന്നു ബംഗാളി സിനിമയിലെ രണ്ട് തലമുറയിൽപ്പെട്ട രണ്ട് നടിമാരുമായി കൂടിക്കാഴ്ച നടത്തിയത്. ഒരാൾ മാധബി മുഖർജിയും മറ്റൊരാൾ ദേബശ്രീ റോയിയുമായിരുന്നു. ഒട്ടേറെ ഉപാധികളോടെയായിരുന്നു ദേബശ്രീ സമയം അനുവദിച്ചത്. അക്കാലത്തെ ജനപ്രിയനായകൻ പ്രസഞ്ജിത്തുമായുള്ള ദാമ്പത്യം തകർന്നുവെന്ന അഭ്യൂഹം നിലനിൽക്കുകയും അത് ഗോസിപ് താളുകൾ ആഘോഷിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന കാലമായിരുന്നു. ചോദ്യാവലി മുൻകൂറായി നൽകണമെന്നും വിവാദപരമായ ചോദ്യങ്ങൾ ഉന്നയിക്കാൻ പാടില്ലെന്നും ദേബശ്രീ ആദ്യമേ ശഠിച്ചിരുന്നു. അതിനാൽ തന്നെ നമ്പർ കണ്ടെത്തി മാധബി മുഖർജിയെ ഡയൽ ചെയ്യുമ്പോൾ ഉള്ളിൽ കടുത്ത ആശങ്ക നിലനിന്നിരുന്നു. പക്ഷെ കേരളത്തിൽ നിന്നുള്ള പത്രപ്രവർത്തകനാണന്നു കേട്ടതും 'ചാരുലത' വീട്ടിലേക്ക് ക്ഷണിച്ചു, വഴി പറഞ്ഞു തന്നു.

mirror

ഒരുകാലത്ത് ബംഗാളി സിനിമയിൽ നിറഞ്ഞു നിന്നിരുന്ന നായികയെ ജീവിതത്തിലാദ്യമായി നേരിൽ കാണാൻ പോകുന്നതിന്‍റെ വെമ്പലും ആന്തലും പെരുകിത്തിമർത്തിനാൽ ഒരു പത്രപ്രവർത്തക സുഹൃത്തിനെയും ഒപ്പം കൂട്ടിയിരുന്നു. ദക്ഷിണ കൊൽക്കത്തയിലെ 'ചാരുലത'യുടെ അപ്പാർട്ട്മെന്റിലേയ്ക്ക് ഉച്ചതിരിഞ്ഞ സമയത്ത് കയറിച്ചെല്ലുമ്പോൾ ഉള്ളിൽ 'പെരുവനം' കൊട്ടിക്കയറുകയായിരുന്നു. പക്ഷെ പ്രതീക്ഷിച്ചതിന് വിപരീതമായി തികച്ചുമൊരു സാധാരണക്കാരിയെപ്പോലെ പെരുമാറി വർത്തമാനം പറഞ്ഞ് അവര്‍ എന്‍റെ അപക്വമായ കണക്കുകൂട്ടലുകളെ അപ്പാടെ തെറ്റിച്ചു.  'മൺകോപ്പ' യിൽ ചായയും ബിസ്കറ്റും നൽകി ഞങ്ങളെ സൽക്കരിച്ചു.  ഉപചാരങ്ങളുടെ ആലഭാരങ്ങളില്ലാതെ ഏറെ നേരം സംസാരിച്ചു.

Advertisment

നിറത്തിലും, വലിപ്പത്തിലും, ആകൃതിയിലും കാഴ്ചയിൽ മൺചട്ടിയായി തോന്നിച്ചത് സത്യത്തിൽ സിറാമിക് കോപ്പയായിരുന്നു, പിച്ചളനിറം പൂശിയ സ്വീകരണമുറിയിലെ ഇരിപ്പിടങ്ങൾ ലോഹനിർമ്മിതമാണെന്നും ഞാൻ തെറ്റിദ്ധരിച്ചു.

ആവോളം സന്ദേഹം ഉള്ളിലൊതുക്കിപ്പിടിച്ചാണ് സത്യജിത് റേ എന്ന സംവിധായകനെക്കുറിച്ചും വ്യക്തിയെക്കുറിച്ചും ചോദിച്ചത്.  അൽപനേരം നീണ്ടുനിന്ന നിശ്ശബ്ദതക്കുശേഷമാണ് ആ ചോദ്യത്തിന് അവർ മറുപടി നൽകിയത്. 'സത്യത്തിന്‍റെയും സൗന്ദര്യത്തിന്‍റെയും തികഞ്ഞ ഉപാസകനായിരുന്നു അദ്ദേഹം. വേറിട്ട പ്രവർത്തനശൈലിക്കുടമ', തന്‍റെ കൃഷ്ണമണികൾ മുകളിലേക്ക് പായിച്ച് അത് പറയുമ്പോൾ കഴിഞ്ഞ കാലത്തിന്‍റെ കടലാഴങ്ങളിലേക്ക് അവർ അനായാസം തുഴഞ്ഞുപോകുന്നതായി തോന്നി.

'ചാരുലത' ചിത്രീകരണത്തിനിടെ

വിഖ്യാതരായ ഒട്ടുമിക്ക ബംഗാളി ചലച്ചിത്ര സംവിധായകരുടെയും പ്രിയ നായികയായിരുന്നു മാധബി മുഖർജി. തപൻ സിൻഹയും, മൃണാൾ സെന്നും, ഋത്വിക് ഘട്ടക്കും സത്യജിത് റേയും തങ്ങളുടെ കഥാപാത്രങ്ങൾക്കനുയോജ്യരായ താരങ്ങളെ തേടിയിറങ്ങിയപ്പോഴൊക്കെ അവർ എത്തിപ്പെട്ടത് മാധബി മുഖർജിയിലായിരുന്നു.

തപൻ സിൻഹയുടെ 'ടോൺസിൽ', മൃണാൾ സെന്നിന്‍റെ 'ബായിഷേ ശ്രാബൺ', 'കൽക്കത്ത 71', 'പുനശ്ച' ഋത്വിക് ഘട്ടക്കിന്‍റെ 'സുബർണരേഖ', സത്യജിത് റേയുടെ 'മഹാനഗർ', 'കാപുരുഷ ഒ മഹാപുരുഷ', 'ചാരുലത' എന്നീ ചിത്രങ്ങളിലൂടെ മാധബി മുഖർജി എന്ന നടി അവിസ്മരണീയയായി, മിന്നും താരമായി. 'ബായീഷെ ശ്രാബോൺ' എന്ന ചിത്രത്തിലൂടെയാണ് മാധുരി എന്ന പെൺകുട്ടി ലോകമറിയുന്ന മാധബി മുഖർജിയായത്.

ടാഗോറിന്‍റെ തൂലികയിൽ പിറന്ന്, റേയുടെ മാന്ത്രികസ്പർശത്താൽ വെള്ളിത്തിരയിൽ ചാരുലത എന്ന കഥാപാത്രത്തെ മാധബി മുഖർജി അനശ്വരമാക്കി.

തീവ്രമായ പ്രണയം പലപ്പോഴും മൗനത്തിന്‍റെയും ഏകാന്തതയുടെയും ചിമിഴിലാണ് ഉരുവം കൊള്ളുന്നതെന്ന പച്ചപ്പരമാർത്ഥത്തെ മാധബി മുഖർജിയുടെ അഭിനയമികവിലൂടെ കാണികൾ അനുഭവിച്ചറിഞ്ഞു.

നിശ്വാസം പോലും പ്രതിധ്വനിക്കുന്നത്ര ആഴമേറിയ ഏകാന്തതയുടെ മിന്നലാട്ടങ്ങൾ ആ മുഖത്ത് മിന്നിത്തെളിഞ്ഞപ്പോഴൊക്കെ ആ കനലേറ്റ് കാണികളുടെ മനം പൊള്ളി. ഉള്ളിലെ പ്രക്ഷുബ്ധതയെ നിശബ്ദമായി പൊതിഞ്ഞുപിടിച്ച് , ഒരു നോട്ടംകൊണ്ട് നൂറുകാര്യങ്ങൾ പറയുന്ന ആ വൈഭവം കൊണ്ടാണല്ലോ മാധവ മുഖർജി, സത്യജിത് റേയുടെ പ്രിയ നായികയായും, കാണികൾക്ക് മുൻപിൽ അഭിനയത്തിന്‍റെയും, അനുഭവത്തിന്‍റെയും കടലായും മാറിയത്.  ഇന്നും വെള്ളിത്തിരയിൽ നിന്നിറങ്ങിവന്ന് നമ്മുടെ മനസ്സിൽ അനുഭൂതിയുടെ തിരയിളക്കം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതും മറ്റൊന്നും കൊണ്ടല്ല.

വർഷങ്ങൾക്ക് മുൻപ് ദേശീയ ചലച്ചിത്ര വികസന കോർപറേഷന് വേണ്ടി 'ആത്മജ' എന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർവഹിച്ചതോടെ അഭിനയം മാത്രമല്ല തിരക്കഥയും സംവിധാനവുമൊക്കെ തനിക്ക് ഇണങ്ങുമെന്ന് മാധബി മുഖർജി തെളിയിച്ചു.  അഭിനയസപര്യയുടെ ആറര പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും മാധബി മുഖർജി ക്യാമറയെ അഭിമുഖീകരിച്ചു കൊണ്ടേരിക്കുന്നു.

Madhabi in TVM കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് എത്തിയ മാധബി മുഖര്‍ജി

ഇക്കുറി തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രോൽസവത്തിൽ മുഖ്യാതിഥിയായി എത്തുന്നത് മാധബി മുഖർജിയാണെന്നറിഞ്ഞതും മനസ്സ് അനുമതി ചോദിക്കാതെ റിവേഴ്സ് ഗിയറിൽ വീണുപോയി. നീണ്ട രണ്ട് ദശാബ്ദങ്ങൾക്ക് മുൻപ് നടന്ന ഒരു കൂടിക്കാഴ്ചയുടെ ഓർമ്മകൾ വൃശ്ചികത്തിലെ കാർത്തികസന്ധ്യയായി മനസ്സിൽ മിന്നിത്തെളിഞ്ഞു. ഒരു കൗതുകത്തിന് വീണ്ടും ഫോൺ നമ്പർ തേടിപ്പിടിച്ച് 'ചാരുലത'യെ വിളിച്ചു. ഷൂട്ടിങ് ലൊക്കേഷനിൽ ആണെന്നും എന്നാൽപ്പോലും സംസാരിക്കാൻ വിരോധമില്ലെന്നും മാധബി മുഖർജി തികഞ്ഞ സ്വഭാവികതയോടെ പറഞ്ഞു. സാധിച്ചാൽ കേരളത്തിൽ എത്തുമ്പോൾ കാണാമെന്ന് പറഞ്ഞു ആ ഹ്രസ്വസംഭാഷണം അവസാനിപ്പിക്കുമ്പോൾ മനസ്സ് അറിയാതെ വീണ്ടും തുള്ളിത്തുളുമ്പാൻ തുടങ്ങിയിരുന്നു.

Film Festival Iffk

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: