അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് പ്രവേശനം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡറാണ് ശീതള്‍ ശ്യാം. കഴിഞ്ഞവര്‍ഷം മുതലാണ് ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് മേളയിലേക്ക് പ്രവേശനം അനുവദിച്ചു തുടങ്ങുന്നത്. എന്നാല്‍ മറ്റു പല അസൗകര്യങ്ങളും കാരണം ശീതളിന് കഴിഞ്ഞ തവണ മേളയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. ‘തുറിച്ചു നോട്ടങ്ങളില്ലാത്ത മേള’ എന്നാണ് ഇത്തവണത്തെ ചലച്ചിത്രമേളയെക്കുറിച്ച് ശീതളിനു പറയാനുണ്ടായിരുന്നത്.

‘ജെന്‍ഡര്‍ സൗഹാര്‍ദപരമായ മേളയാണ് ഇത്തവണ എന്നു തോന്നുന്നു. സിനിമ കാണാന്‍ ക്യൂ നില്‍ക്കുന്ന സമയത്ത് അന്യഗ്രഹജീവികളെ നോക്കുന്നതു പോലുള്ള തുറിച്ചു നോട്ടങ്ങള്‍ ഇല്ല എന്നതു തന്നെ ഏറെ ആശ്വാസകരമാണ്. കൂട്ടത്തിലൊരാളായി ചേര്‍ത്തു നിര്‍ത്തുന്ന അവസ്ഥയിലേക്ക് മേള മാറിയിട്ടുണ്ട്. കൂടാതെ ട്രാന്‍സ് ജെന്‍ഡേഴ്‌സിനായുള്ള പ്രത്യേക ജെന്‍ഡര്‍ ന്യൂട്രല്‍ ടോയ്‌ലെറ്റുകളുമെല്ലാം സ്ഥാപിച്ചിട്ടുണ്ട്.’ ഏറെ പ്രതീക്ഷയോടു കൂടിയാണ് വരുന്ന മേളകളേയും നോക്കിക്കാണുന്നത് എന്ന് ശീതള്‍ പറയുന്നു.

ശീതള്‍ പ്രസിഡന്റായ ‘ദ്വയ’ എന്ന സംഘടനയുടെ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നെങ്കിലും ഓഖിയുടെ പശ്ചാത്തലത്തില്‍ ഔദ്യോഗിക പരിപാടികള്‍ വേണ്ടെന്നു വച്ചകൂട്ടത്തില്‍ ദ്വയയുടെ പരിപാടികളും റദ്ദാക്കി.

‘മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഞങ്ങള്‍ക്കെന്താണ് പറയാനുള്ളതെന്ന് കേള്‍ക്കാന്‍ തയ്യാറാകുന്നുണ്ട്. ചോദ്യങ്ങളുമായി ഞങ്ങളെ സമീപിക്കുന്നുണ്ട് എന്നതൊക്കെ ഏറെ ആശ്വാസകരമാണ്. പിന്നെ അക്കാദമിയുടെ മനോഭാവവും ഉണ്ട്. എന്തു പരാതിയുണ്ടെങ്കിലും അറിയിക്കാന്‍ പറഞ്ഞിട്ടുണ്ട്. ഇതൊക്കെ പോസിറ്റീവായ മാറ്റങ്ങളാണ്.’

‘അവള്‍ക്കൊപ്പം’ എന്നൊരു പ്രത്യേക പാക്കേജ് കൂടിയുള്ളത് ഏറെ സ്വാഗതം ചെയ്യേണ്ട ഒരു നടപടിയാണെന്ന് ശീതള്‍ പറയുന്നു.

‘ഡബ്ലൂസിസി പോലുള്ള സംഘടനകളുടെ ഉത്ഭവവും ഇടപെടലുകളും ഏറെ ആശ്വാസകരമാണ്. അവള്‍ക്കൊപ്പം എന്നൊരു പ്രത്യേക വിഭാഗം തന്നെ ഉണ്ട്. സ്ത്രീകേന്ദ്രീകൃതമായ സിനിമകള്‍ അവിടെ പ്രദര്‍ശിപ്പിക്കുകയും ചര്‍ച്ചയാകുകയും ചെയ്യുന്നു.’

ഉദ്ഘാടനദിവസം മാനവീയം വീഥിയില്‍ മികച്ച അഭിനേത്രിയ്ക്കുള്ള പുരസ്‌കാരവും ലഭിച്ചതിന്റെ ഇരട്ടി സന്തോഷത്തിലാണ് ശീതള്‍.

‘കുക്കു ബാബു സംവിധാനം ചെയ്ത ‘അവളോടൊപ്പം’ എന്ന ഡോക്യുമെന്ററിയിലെ അഭിനയത്തിനാണ് അവാര്‍ഡ്‌.  മഞ്ജു പത്രോസാണ് കൂടെ അഭിനയിച്ചിട്ടുള്ളത്. ഒരു ലൈംഗിക തൊഴിലാളിയുടെയും ട്രാന്‍സ്‌ജെന്‍ഡറിന്റെയും കഥയാണ് ഡോക്യുമെന്ററി പറയുന്നത്.’ ശീതള്‍ പറഞ്ഞു.

ട്രാന്‍സ്‌ജെന്‍ഡര്‍ പ്രൊട്ടക്ഷന്‍ ബില്ലിനെതിരായി ക്യാമ്പെയ്ന്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുള്ളതായും ശീതള്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സ്‌ മലയാളത്തോട് പറഞ്ഞു. ടാഗോര്‍ തീയേറ്ററില്‍ വച്ചാണ് പരിപാടി നടക്കുക.

മറ്റു പലരേയും പോലെ ഐഎഫ്എഫ്എഫ്‌കെ മാത്രമല്ല, കാഴ്ച ഫിലിം ഫെസ്റ്റിവലും കൂടിയാണ് ശീതളിന്റേയും ലക്ഷ്യം. ഇന്നലെ താന്‍ കാഴ്ച ചലച്ചിത്രമേളയ്ക്ക് പോയിരുന്നുവെന്ന് ശീതള്‍.

‘എന്‍റെ സുഹൃത്തുക്കളാണ് അതിന്‍റെ നടത്തിപ്പുകാരില്‍ പലരും. സെക്‌സി ദുര്‍ഗ പോലുള്ള ചിത്രങ്ങള്‍ ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇത്തരം ബദല്‍ മേളകള്‍ ഏറെ ആശ്വാസകരമാണ്. ന്യൂഡിന്റെ പ്രദര്‍ശനം റദ്ദാക്കിയത് ഇന്നാണ് ഞാന്‍ അറിഞ്ഞത്. ഏറെ നിരാശ തോന്നി. കാണണം എന്നാഗ്രഹിച്ച സിനിമയായിരുന്നു.’ ശീതള്‍ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ