ഇരുപതു വര്‍ഷത്തോളമായി മേളയില്‍ മുടങ്ങാതെ പങ്കെടുക്കുന്നയാളാണ് മാധ്യമപ്രവര്‍ത്തകയായ ഷാഹിന. ഇത്തവണയും മേളയ്ക്കെത്തിയ ഷാഹിനയെ ഏറ്റവും കൂടുതല്‍ അലോസരപ്പെടുത്തുന്നത് സിനിമ കാണാന്‍ എത്തിയ പുരുഷന്മാരുടെ പെരുമാറ്റമാണ്. കൂക്കി വിളിക്കുകയും ലൈംഗിക ചുവയുള്ള സംഭാഷണങ്ങള്‍ക്ക് കൈയ്യടിക്കുകയും ചെയ്യുന്ന ഇവര്‍ എന്തിനാണ് മേളപോലൊരു സാംസ്കാരിക ഇടത്തെ എങ്ങനെ മലിനമാക്കുന്നതു എന്നാണ് ഷാഹിന ചൂണ്ടിക്കാട്ടുന്നത്.

‘1995 മുതല്‍ ഇവിടെ വരുന്ന ആളാണ്‌ ഞാന്‍. അന്നൊക്കെ സ്ത്രീകള്‍ വളരെ കുറവായിരുന്നു. നമ്മള്‍ വളരെയധികം കൊട്ടിഘോഷിക്കുന്ന ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങള്‍ പോലും ഒരു ആണിടമായാണ് അനുഭവപ്പെട്ടിട്ടുള്ളത്‌. മേളയും അതിന്‍റെ ഒരു എക്സ്റ്റന്‍ഷന്‍ ആയി തന്നെയാണ് വന്നിട്ടുള്ളത്. എങ്കിലും സ്ത്രീ പ്രാതിനിധ്യം ഇപ്പോള്‍ മുന്‍പേക്കാളും കൂടുതലായി കാണുന്നുണ്ട്. വരുന്ന സ്ത്രീകള്‍ എവിടെ എത്രത്തോളം കംഫര്‍ട്ടബിള്‍ ആണെന്നും കൂടി പരിശോധിക്കണം’, ‘മെന്‍ ഡോണ്ട് ക്രൈ’ എന്ന സിനിമ കണ്ടുകൊണ്ടിരുന്നപ്പോള്‍ ഉണ്ടായ അനുഭവത്തെ മുന്‍നിര്‍ത്തി ഷാഹിന ചോദിക്കുന്നു.

‘യുദ്ധം പോലെയുള്ള വളരെ ഗൌരവമായുള്ള ഒരു വിഷയം കൈകാര്യം ചെയ്യുന്ന ഒരു സിനിമയായിരുന്നു അത്. പക്ഷെ അവിടെയും കൂവലും ബഹളവും മാത്രം. അവിടെയുള്ള പുരുഷന്മാരാണ് അത് ചെയ്യുന്നത് എന്ന് ശ്രദ്ധിച്ചപ്പോള്‍ മനസ്സിലായി. മനുഷ്യനെ കീറി മുറിക്കുന്ന ഒരു സിനിമയായിരുന്നു അത്. യുദ്ധം എങ്ങനെ ഒരു സമൂഹത്തെ താറുമാറാക്കുന്നു എന്ന് പ്രതിപാദിക്കുന്ന ഒന്ന്. അതിലെവിടെയോ, ഏതോ ഒരു ജീവിത മുഹൂര്‍ത്തത്തില്‍ കുറച്ചു ലൈംഗിക കാണുമ്പോള്‍ എങ്ങനെയാണ് ചിരിക്കാനും കൈയ്യടിക്കാനും തോന്നുക. ഈ പുരുഷന്മാര്‍ എന്താണ് കാണുന്നത് എന്ന് ഞാന്‍ അത്ഭുതപ്പെട്ടു.

യുദ്ധം, മുറിവുകള്‍, ആളുകടെ ജീവിത സംഘര്‍ഷം എന്നിങ്ങനെ മനുഷ്യന്‍റെ മനസ്സ് മരവിപ്പിക്കുന്ന ഒരു പ്രമേയമാണ് ആ സിനിമയുടേത്. അതിനെ അതിന്‍റെ പൂര്‍ണതയില്‍ കാണാതെ, ഇങ്ങനെയുള്ള ബിറ്റുകളായി കാണാന്‍ ആണ് അവരിഷ്ടപ്പെടുന്നതെങ്കില്‍ നമ്മുടെ പുരുഷമാരുടെ സിനിമാ ആസ്വാദന സംസ്കാരത്തെ നമ്മള്‍ എങ്ങനെയാണ് കാണേണ്ടത്? എന്ത് പുരോഗമനമാണ് നമുക്ക് അവകാശപ്പെടാന്‍ കഴിയുക?

ഇതൊക്കെ ഞങ്ങളുടെ ആവിഷ്കാര സ്വാതന്ത്രമാണ് എന്ന് പറയാനും ഇവിടെ ചിലപ്പോള്‍ ആളുണ്ടാകും’, ഷാഹിനയുടെ വാക്കുകളില്‍ പരിഹാസം നിറയുന്നു.

എന്ത് സാംസ്കാരിക വികാസമാണു നമുക്ക് അവകാശപ്പെടാന്‍ കഴിയുക എന്നും പോണ്‍ കാണണമെങ്കില്‍ അതിനു വേറെ വഴികളുണ്ടല്ലോ എന്നും ഷാഹിന ചോദിക്കുന്നു. ഇതിനൊരു വ്യത്യാസമുണ്ടാകുക സ്ത്രീകളുടെ പങ്കാളിത്തം കൊണ്ട് തന്നെയായിരുക്കുമെന്നും ഷാഹിന കരുതുന്നു.

‘സ്ത്രീകള്‍ കൂടുതല്‍ എത്താനുള്ള എല്ലാ പോസിറ്റീവ് ഡിസ്ക്രിമിനേഷനും അക്കാദമിയുടെ ഭാഗത്ത്‌ നിന്ന് ഉണ്ടാകണം എന്ന് തോന്നുന്നു. പ്രധാനമായും ഒരു പ്രശ്നമായി പറയാനുള്ളത് രജിസ്റ്റര്‍ ചെയ്തയുടനെ തന്നെ പണം അടക്കണം എന്ന് പറയുന്നതാണ്. എത്ര സ്ത്രീകള്‍ക്ക്, എത്ര വിദ്യാര്‍ഥികള്‍ക്ക് സ്വന്തമായി ബാങ്ക് അക്കൗണ്ട്‌ ഉണ്ടാകും. അവര്‍ എങ്ങനെ ഓണ്‍ലൈന്‍ ആയി പണം അടക്കും? വിദ്യാര്‍ഥികളില്‍ ചിലര്‍ വീട്ടില്‍ പറയാതെയും സമൂഹത്തിന്‍റെ പല തരം വിലക്കുകളെ മറികടന്നുമാണ് ഇവിടെ എത്തുന്നത്‌. അവരോടു ബാങ്ക് വഴി പണം അടക്കാന്‍ പറയുന്നത് കഷ്ടമാണ്. ഇത്തരം ചില കാര്യങ്ങള്‍ കൂടി കണക്കിലെടുക്കണം എന്ന് തോന്നുന്നു.’

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ