ഗോവ ചലച്ചിത്ര മേളയില്‍ നിന്നും കേന്ദ്രത്തില്‍ ഇടപെടല്‍ മൂലം പുറത്താക്കപ്പെട്ട രണ്ടു ചിത്രങ്ങള്‍ – സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ‘എസ് ദുര്‍ഗ്ഗ’, രവി ജാദവ് സംവിധാനം ചെയ്ത ‘ന്യൂഡ്’ എന്നീ ചിത്രങ്ങള്‍ കേരള രാജ്യാന്തര ചലച്ചിത്ര മേളയിലും പ്രദര്‍ശിപ്പിക്കാന്‍ നിലവിലെ സാഹചര്യത്തില്‍ സാധിക്കില്ല എന്ന് മേളയുടെ ഡയറക്ടറും കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍. ഐ ഇ മലയാളത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
‘മേളയില്‍ ഒരു സിനിമ കാണിക്കണമെങ്കില്‍ ഒന്നുകില്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് വേണം അല്ലെങ്കില്‍ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്‍റെ ‘സെന്‍സര്‍ എക്സംപ്ഷന്‍’ വേണം. ഇതില്‍ ഏതെങ്കിലും ഒന്നില്ലാതെ നിലവിലെ സാഹചര്യത്തില്‍ ഈ രണ്ടു ചിത്രങ്ങളും പ്രദര്‍ശിപ്പിക്കാന്‍ സാധിക്കില്ല.
‘എസ് ദുര്‍ഗ്ഗ’ ഒരിക്കല്‍ സെന്‍സര്‍ ചെയ്തതാണെങ്കില്‍ കൂടി ബോര്‍ഡ് അതിനെ വീണ്ടും സെന്‍സര്‍ ചെയ്യണം എന്നാവശ്യപ്പെട്ടിരിക്കുകയാണ്. രണ്ടാമത് സെന്‍സര്‍ ചെയ്തു വീണ്ടും സര്‍ട്ടിഫിക്കറ്റ് കിട്ടിയാല്‍ മാത്രമേ നമുക്കിവിടെ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കുകയുള്ളൂ.’
ഐ എഫ് എഫ് കെയിലെ ‘മലയാള സിനിമാ ഇന്ന്’ വിഭാഗത്തില്‍ പെടുത്തിയിരുന്ന ‘എസ് ദുര്‍ഗ്ഗ’ സംവിധായകന്‍ തന്നെ പിന്‍വലിച്ചെങ്കിലും ഗോവയില്‍ അദ്ദേഹം നേരിട്ട നീതി നിഷേധത്തിന് കേരളത്തിനുള്ള മറുപടിയായി ചിത്രം ഐ എഫ് എഫ് കെ യില്‍ ഉള്‍പ്പെടുത്തും എന്ന് അക്കാദമി തീരുമാനിക്കുകയായിരുന്നു.

‘സെക്സി ദുര്‍ഗ്ഗ’ എന്ന സിനിമയുടെ പേര് ആശാസ്യമല്ല എന്നും പകരം ‘എസ് ദുര്‍ഗ്ഗ’ എന്നാക്കി മാറ്റണം എന്നുമാണ് ആദ്യ സെന്‍സറിങ് വേളയില്‍ ബോര്‍ഡ് സനല്‍ കുമാര്‍ ശശിധരനോട് ആവശ്യപ്പെട്ടത്. അതനുസരിച്ച് സിനിമയുടെ പേര് മാറ്റുകയും ചെയ്തിരുന്നു. എന്നാല്‍ ഗോവ ചലച്ചിത്ര മേളയില്‍ ഇന്ത്യന്‍ പനോരമ ജൂറിയെ കാണിച്ച പതിപ്പില്‍ ചിത്രത്തിന്‍റെ പേര് ‘SXXX Durga’ എന്ന് കണ്ടതിന്‍റെ ഫലമായാണ് ചിത്രം ഒന്ന് കൂടി സെന്‍സര്‍ ചെയ്യണം എന്നും അതുവരെ ചിത്രം എവിടെയും പ്രദര്‍ശിപ്പിക്കരുത് എന്നും സെന്‍സര്‍ ബോര്‍ഡ് നിഷ്കര്‍ഷിച്ചത്.
മേളയിലേക്ക് തിരഞ്ഞെടുത്ത ‘എസ് ദുര്‍ഗ്ഗ’ പിന്നീട് മന്ത്രാലയം ഇടപെട്ട് ഒഴിവാക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചു സംവിധായകന്‍ കേന്ദ്രത്തിനെതിരെ കോടതിയില്‍ പോവുകയും ചിത്രം ഗോവയില്‍ പ്രദര്‍ശിപ്പിക്കാന്‍ ഉത്തരവാകുകയും ചെയ്തു. അതുമായി ബന്ധപെട്ടു ചിത്രം വീണ്ടും കണ്ടപ്പോഴാണ് ഇന്ത്യന്‍ പനോരമ ജൂറിയിലെ നാല് അംഗങ്ങള്‍ സിനിമയുടെ പേര് എഴുതിക്കാണിച്ച രീതി സെന്‍സര്‍ കോപ്പിയില്‍ നിന്നും ഭിന്നമാണ് എന്ന് കാണിച്ചു തിരുവനന്തപുരത്തെ സെന്‍സര്‍ ബോര്‍ഡിന് കത്തയച്ചത്. ആ കത്തിന്‍റെ അടിസ്ഥാനത്തിലാണ് സെന്‍സര്‍ ബോര്‍ഡ് ഇതിനെ ‘റീക്കാള്‍’ ചെയ്തത്.
‘ന്യൂഡ് എന്ന ചിത്രത്തിന്‍റെയും പ്രശ്നം സെന്‍സറുമായി ബന്ധപ്പെട്ടത് തന്നെയാണ്. ചിത്രം സെന്‍സര്‍ ചെയ്തു എന്ന് നിര്‍മ്മാതാക്കള്‍ പറയുന്നുണ്ട്. ഞങ്ങള്‍ അവരോടൊരു സമയം പറഞ്ഞിട്ടുണ്ട്. അതിനു മുന്‍പ് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കില്‍ ആ ചിത്രവും ഒഴിവാക്കേണ്ടി വരും. വേണമെന്ന് കരുതിയിട്ടല്ല, പക്ഷെ വേറെ നിവൃത്തിയില്ല’, കമല്‍ പറഞ്ഞു.
ഇന്ത്യന്‍ സിനിമാ വിഭാഗത്തിലുള്ള മറാത്തി ചിത്രമാണ് ‘ന്യൂഡ്’. സഭ്യമല്ലാത്ത ശരീര പ്രദര്‍ശനം ഉണ്ട് എന്ന് കാരണം കാണിച്ചു ഗോവ ചലച്ചിത്ര മേളയില്‍ നിന്നും ഒഴിവാക്കപ്പെട്ടതാണ് ഈ ചിത്രം. ഐഎഫ്എഫ്കെയുടെ ‘ഇന്ത്യന്‍ സിനിമ’ വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നത്.

എന്നാല്‍ ഈ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടു നിയമ നടപടികള്‍ക്ക് പോകാന്‍ ചലച്ചിത്ര അക്കാദമിയ്ക്ക് സാധിക്കില്ല, ഇതിന്‍റെ നിര്‍മ്മാതാക്കള്‍ തന്നെയാണ് ഇതിനൊരു പരിഹാരം കണ്ടെത്തേണ്ടത് എന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.
‘ഇങ്ങനെയുള്ള അവസരങ്ങളില്‍ നിയമ നടപടികള്‍ സ്വീകരിക്കേണ്ടത് അതാതു സിനിമകളുമായി ബന്ധപ്പെട്ടവര്‍ തന്നെയാണ്. അക്കാദമിയ്ക്ക് അതിനു സാധിക്കില്ല. കഴിഞ്ഞ വര്‍ഷം ‘ക ബോഡിസ്കെപ്സ്’ എന്ന ചിത്രത്തിന് ഇങ്ങനെയൊരു പ്രശന്മുണ്ടായപ്പോള്‍ അതിന്‍റെ നിര്‍മ്മാതാവ് തന്നെയാണ് കോടതിയില്‍ പോയതും പ്രദര്‍ശനത്തിനു വേണ്ട അനുമതി നേടുകയും ചെയ്തത്. ഹ്രസ്വ ചിത്ര മേളയിലെ നാല് ചിത്രങ്ങള്‍ക്ക് വേണ്ടി കഴിഞ്ഞ വര്‍ഷം അക്കാദമി കോടതിയില്‍ പോയിരുന്നു. അതിന്‍റെ കാരണം, ഇവിടെ അവയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട എല്ലാ സജ്ജീകരണങ്ങളും നടത്തിയതിനു ശേഷമാണ് അവ കാണിക്കാന്‍ പാടില്ല എന്നൊരു അറിയിപ്പ് വരുന്നത് എന്നതാണ്. അപ്പോള്‍ അത് അക്കാദമിയുടെ ഉത്തരവാദിത്വമാണ്, ആ സിനിമകള്‍ കാണിക്കുക എന്നത്. അത് കൊണ്ടാണ് കോടതിയില്‍ പോയത്. ഞങ്ങള്‍ക്ക് അനുകൂലമായി വിധി വരുകയും ചെയ്തു.’