വിഖ്യാതമായ റോട്ടര്‍ഡാം ചലച്ചിത്രമേളയിലെ ‘ഹിവോസ് ടൈഗര്‍’ എന്ന പരമോന്നത പുരസ്കാരം നേടിയ തന്‍റെ ചിത്രമായ ‘എസ് ദുര്‍ഗ’യെ അര്‍ഹമായ രീതിയില്‍ കേരള രാജ്യാന്തര ചലച്ചിത്രമേള പരിഗണിച്ചില്ല എന്നതിന്‍റെ പശ്ചാത്തലത്തില്‍ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനും കാഴ്ച ചലച്ചിത്ര വേദിയും ചേര്‍ന്ന് രൂപം കൊടുത്തതാണ് കാഴ്ച ഇൻഡി ഫിലിം ഫെസ്റ്റിവൽ എന്ന കിഫ്. ഡിസംബര്‍ 8 മുതല്‍ 11 വരെ, രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് സമാന്തരമായി കിഫും തിരുവനന്തപുരത്ത് നടക്കും. സ്വതന്ത്ര സിനിമകള്‍ക്കുള്ള പ്ലാറ്റ്ഫോം ആയി നില കൊള്ളാന്‍ തയ്യാറെടുക്കുന്ന കിഫിനെക്കുറിച്ചും ‘എസ് ദുര്‍ഗ’ രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഉള്‍പ്പെടുത്തുമോ എന്നതിനെക്കുറിച്ചും സനല്‍ കുമാര്‍ ശശിധരന്‍ സംസാരിക്കുന്നു.

കാഴ്ച ഇൻഡി ഫിലിം ഫെസ്റ്റിവൽ പോലുള്ള ബദൽ വേദികളുടെ പ്രസക്തിയായി താങ്കള്‍ കരുതുന്നത് എന്താണ്?

സിനിമ എന്ന മാധ്യമം വേറെ ഒരു രീതിയിൽ വളർന്നു കൊണ്ടിരിക്കുകയാണ്. ഡിജിറ്റലിന്‍റെ വരവ് സിനിമയ്ക്ക് പുതിയ തരം സ്വാതന്ത്ര്യം നൽകുന്നു. നേരത്തെ സിനിമ ചെയ്യാൻ സ്റ്റുഡിയോ, വലിയ ക്യാമറകൾ, പ്രോസസ്സിംഗ് യൂണിറ്റ് അങ്ങനെയൊക്കെയുള്ള സജ്ജീകരണങ്ങള്‍ ആവശ്യമായിരുന്നു. ഇന്ന് പക്ഷേ മൊബൈലിൽ സിനിമ ഷൂട്ട്‌ ചെയ്യാം, വീട്ടിലെ കമ്പ്യൂട്ടറിൽ എഡിറ്റ് ചെയ്യാം, അങ്ങനെ ഒരു വലിയ സ്വാതന്ത്ര്യം സിനിമയിൽ വന്നിട്ടുണ്ട്. സിനിമ പഠിക്കണം, സാങ്കേതിക കാര്യങ്ങൾ പഠിക്കണമെന്നൊക്കെയുള്ള ധാരണകൾ മാറി പെട്ടെന്ന് കുറെ അധികം പുതിയ ആളുകൾ ചെറിയ ക്യാമറകളിൽ സിനിമ എടുക്കാൻ തുടങ്ങി. പേന കൊണ്ട് കഥ എഴുതാമെന്നുള്ള പോലെ തന്നെ സിനിമ എളുപ്പത്തിൽ എടുക്കാമെന്ന നിലയിൽ എത്തി. അങ്ങനെ ഒരു വരേണ്യ വിഭാഗത്തിന്‍റെ കലയായി കരുതിയിരുന്ന സിനിമ പുതിയ ആളുകൾക്കും പ്രാപ്യമായി മാറിയ ഒരു കാലമാണിത്. പക്ഷേ ഈ വരേണ്യ വിഭാഗത്തിന്‍റെ സ്വാധീനം ഇപ്പോഴും ചലച്ചിത്ര മേളകളിലും, സിനിമയുടെ മറ്റെല്ലാ വേദികളിലുമുണ്ട്. ഇത് കാരണം പല നല്ല സ്വതന്ത്ര സിനിമകളും യഥാർത്ഥ വേദികളിൽ എത്താതെ പോകുന്നു.

രാജ്യാന്തര ചലച്ചിത്ര മേളയിൽ സ്വതന്ത്ര സിനിമകളുടെ പങ്കാളിത്തം എത്രയുണ്ട് എന്ന് നോക്കിയാല്‍ മനസ്സിലാകും അതെത്ര കുറവാണ് എന്ന്. സിനിമ തിരഞ്ഞെടുക്കുന്നവരുടെ ഒരു മനോഭാവം കാരണമാണത്.

ഡിജിറ്റല്‍ സിനിമയിലേക്കുള്ള മാറ്റം വരുന്നതിന് മുമ്പുള്ള കാലഘട്ടത്തിലെ ആളുകളാണ് പലപ്പോഴും സിനിമ തിരഞ്ഞെടുക്കുന്നത്. അതുകൊണ്ട് പുതിയ ആളുകളുടെ സിനിമകളും, ഡിജിറ്റൽ സിനിമകളുടെ സൗന്ദര്യാനുഭൂതിയും സ്വാതന്ത്ര്യവും ഒന്നും തന്നെ മേളയിൽ അധികം വരാറില്ല. ഇതിനൊക്കെയായി ഒരു പുതിയ വേദി കേരളത്തില്‍ മാത്രമല്ല, എല്ലായിടത്തും അത്യാവശ്യമാണ്. അങ്ങനെയാണ് പുതിയ മേളയെക്കുറിച്ച് ഞങ്ങൾ ആലോചിക്കാൻ ഇടയാവുന്നത്. ഇത്തരം സ്വതന്ത്ര മേളകൾ പലയിടത്തും ഉണ്ടാകുന്നുണ്ട് എന്നത് ധൈര്യവും ഊര്‍ജ്ജവും തന്നു.

hivos tiger

ഹിവോസ് ടൈഗര്‍ പുരസ്കാര വേദിയില്‍ സനല്‍

കിഫ് രൂപപ്പെടുത്തിയ അവസരത്തിൽ തന്നെയാണ് ഐഎഫ്എഫ്കെയിൽ ‘എസ് ദുർഗ’ കാണിക്കാൻ തയ്യാറാണെന്ന് ചലച്ചിത്ര അക്കാദമി പറയുന്നത്. എന്നാല്‍ ഇപ്പോള്‍ അത് മേളയില്‍ കാണിക്കാന്‍ നിര്‍വ്വാഹമില്ല എന്നും അക്കാദമി പറയുന്നു. ‘എസ് ദുര്‍ഗ’ ഐഎഫ്എഫ്കെയില്‍ പ്രദര്‍ശിപ്പിക്കുമോ?

യാതൊരു തരത്തിലുള്ള ഉത്തരവാദിത്വവും ഇല്ലാത്ത പ്രസ്താവനകൾ ഇറക്കുകയാണ് ചലച്ചിത്ര അക്കാദമിയും ഐഎഫ്എഫ്കെയുടെ ഭാരവാഹികളും ഇപ്പോഴും ചെയ്യുന്നത്. പരസ്യമായി മാധ്യമങ്ങളിലൂടെ പറഞ്ഞത് രാഷ്ട്രീയ പ്രതിരോധമെന്നുള്ള നിലയിൽ ചിത്രം ഞങ്ങൾ കാണിക്കും എന്നാണ്. എന്നാൽ എനിക്ക് കിട്ടിയ കത്ത് ശത്രുതാപരവും അവഹേളനപരവുമായ ഒന്നാണ്. നിങ്ങൾ പിൻവലിച്ച സിനിമ വീണ്ടും കാണിക്കാൻ ആവശ്യപ്പെട്ടതനുസരിച്ച് സെൻസർ സർട്ടിഫിക്കറ്റും ഒക്കെ വാങ്ങി കൊണ്ട് വന്നാൽ കാണിക്കുന്ന കാര്യം പരിഗണിക്കാം എന്ന തരത്തിലാണ് കത്ത് അയച്ചിരിക്കുന്നത്. ഒരുതരത്തിലുമുള്ള സൗഹൃദ മനോഭാവത്തിലല്ല അക്കാദമി ഇപ്പോഴും പെരുമാറുന്നതും, വ്യക്തി വിരോധം വച്ച് കൊണ്ട് തന്നെയാണ് പ്രവർത്തിക്കുന്നതും.

ഐഎഫ്എഫ്കെയിൽ മാന്യമായിട്ട് സിനിമ കാണിക്കാൻ പറ്റിയില്ലെങ്കിൽ പിന്നെ അവിടെ സിനിമ കൊടുക്കുന്നതിന് അർത്ഥമില്ല. ഒരു നല്ല വേദി നശിച്ചു കഴിഞ്ഞാൽ പിന്നെ അതു കൊണ്ട് പിന്നെ ഗുണമില്ലല്ലോ. ഐഎഫ്എഫ്കെ കുറച്ചു വ്യക്തികളുടെ മനോഭാവം കൊണ്ട് നശിച്ചുകൊണ്ടിരിക്കുകയാണ്.

IFFK - Pinarayi Vijayan A K Balan

രാജ്യാന്തര ചലച്ചിത്ര മേളയുടെ കട്ട്‌ ഔട്ട്‌

കാഴ്‌ച മേള, അതിലെ ചിത്രങ്ങള്‍, മറ്റു പരിപാടികള്‍ എന്നിവ മുന്നോട്ട് വയ്ക്കുന്ന നിലപാട് എന്താണ്?

മിക്ക മേളകളും ഒന്നുകിൽ സർക്കാർ അല്ലെങ്കിൽ കോർപറേറ്റ് സഹായത്തോട് കൂടിയുള്ളതാണ്. നമ്മുടെ സർക്കാരിന്‍റെ കീഴിലുള്ള മേളയുടെ പോസ്റ്ററുകൾ കണ്ടാൽ തന്നെ അതിൽ മന്ത്രിമാരുടെ പടമാണ് വലുതായി കാണിച്ചിരിക്കുന്നത്. കേരളത്തിലെ ചലച്ചിത്ര മേള രാഷ്ട്രീയക്കാരേയും സർക്കാരിനേയും ഉദ്ധരിക്കാനാണ് ഉപയോഗിക്കുന്നത്. അല്ലാതെ സിനിമയെ പ്രോത്സാഹിപ്പിക്കാനല്ല. ഇനി കോർപറേറ്റുകൾ പ്രതിനിധാനം ചെയ്യുന്ന മേളകളിലാണെങ്കിൽ സിനിമ ഉപയോഗിച്ച് അവരുടെ ബ്രാൻഡ് എങ്ങനെ വളർത്താം എന്ന് മാത്രമാണ് നോക്കുന്നത്. ഇതിനു രണ്ടിനുമിടയ്ക്ക് നിൽക്കുന്ന മേളകൾ വളരെ അപൂർവമാണ്. എന്നാൽ അത്തരം ഇടങ്ങൾ നമുക്ക് വളരെ അധികം വേണം.

സ്വാതന്ത്ര്യം എന്നത് ഒരു രാഷ്ട്രീയ പാർട്ടിയെ പിന്തുണയ്ക്കാതിരിക്കാനും കൂടിയുള്ള സ്വാതന്ത്ര്യമാണ്. ഒരു കലാകാരന് സ്വന്തം നിലയ്ക്ക് നിൽക്കാനുള്ള സ്വാതന്ത്ര്യം കിട്ടുക എന്ന് പറയുന്നത് ഒരു വലിയ കാര്യമാണ്. അതിനൊരു വേദി ഒരുക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

ഒരു പ്രത്യേക സാഹചര്യത്തിൽ പെട്ടെന്ന് തുടങ്ങിയ കാഴ്ച ഇൻഡി ഫിലിം ഫെസ്റ്റിവലിന്‍റെ ഭാവി പരിപാടികൾ എന്തൊക്കെയാണ്?

മലയാള സിനിമയില്‍ ഉന്നമനമുണ്ടാക്കുക, ലോക സിനിമയെ മലയാളി ചലച്ചിത്രകാരനും പ്രേക്ഷകനും പരിചയപ്പെടുത്തുക എന്നൊക്കെയുള്ള ലക്ഷ്യങ്ങൾ വച്ചിട്ടാണ് ഐഎഫ്എഫ്കെ സ്ഥാപിതമായത്. പക്ഷേ ഇന്ന് മുകളിലേക്കുള്ള വളർച്ചയ്ക്ക് പകരം കീഴോട്ടുള്ള പോക്കാണ് അതിന് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇതിന് ഒരു തിരുത്തൽ എന്ന നിലയ്ക്കാണ് കിഫ് മുന്നോട്ട് വയ്ക്കുന്നത്.

ഐഎഫ്എഫ്കെ തകർക്കാനുള്ള ഒരു ചിന്തയും ഇല്ല പകരം അത് നന്നാവണമെന്നാണ് ഞങ്ങളുടെ ആഗ്രഹം.

തിരുത്താനുള്ള ശ്രമമെന്ന നിലയ്ക്ക് കുറച്ചു തിരഞ്ഞെടുത്ത ചിത്രങ്ങളും ചർച്ചകളും ഒക്കെയായി ഞങ്ങളാൽ കഴിയുന്ന ഒരു ചെറിയ കാര്യം ചെയ്യുന്നു എന്ന് മാത്രം. ഇത്തവണ നാല് ദിവസം എന്നുള്ളത് അടുത്ത തവണ ഏഴായി മാറ്റാനാണ് തീരുമാനം. ഞങ്ങള്‍ മുന്നോട്ടുവെയ്ക്കുന്ന ബ്രിഡ്‌ജ്‌ എന്ന രാത്രി ചർച്ച ഐഎഫ്എഫ്കെയിലെ ചിത്രങ്ങളും ചർച്ചകളും ഇങ്ങോട്ടു കൂടി വ്യാപിപ്പിക്കുന്ന തരത്തിലുള്ള ഒരു പാലമായിട്ടാണ് ഉദ്ദേശിക്കുന്നത്. വരും കാലങ്ങളിൽ ഇത് ഐഎഫ്എഫ്കെയുടെ ഒരു ദർപ്പണം പോലെയോ അല്ലെങ്കിൽ ഒരു വിപുലീകരണം പോലെയോ ഒക്കെ മാറാനുള്ള ഒരു സാധ്യതയാണ് ഞാൻ കാണുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Iffk news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ