ഇത്തവണത്തെ മേളയുടെ റോക്ക്സ്റ്റാര്‍ ആരാണെന്ന് ചോദിച്ചാല്‍ ‘വില്ലജ് റോക്ക്സ്റ്റാര്‍സ്’ എന്ന ചിത്രത്തിന്റെ സംവിധായിക റിമ ദാസ് ആണെന്ന് പറയേണ്ടി വരും. ഇന്ത്യന്‍ സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന തന്റെ ചിത്രവുമായി ഇവിടെയെത്തിയ റിമയ്ക്ക് പ്രേക്ഷക പ്രതികരണങ്ങളിലും നിരൂപക പ്രശംസയിലും സന്തോഷമുള്ളപ്പോള്‍ തന്നെ ഒരു സങ്കടമുണ്ട്. മേളയുടെ മത്സര വിഭാഗത്തിലേക്ക് ആദ്യം തെരെഞ്ഞെടുക്കപ്പെട്ടിട്ട് പിന്നീട് ഒഴിവാക്കപ്പെട്ടതിന്റെ സങ്കടം. ഇന്ത്യയിലെ മറ്റേതെങ്കിലും മേളയില്‍ മത്സര വിഭാഗത്തില്‍ പങ്കെടുത്തിട്ടുണ്ടെങ്കില്‍ കേരളത്തില്‍ മത്സര വിഭാഗത്തില്‍ ഉള്‍പ്പെടുത്താനാകില്ല എന്ന് കാണിച്ചാണ് റിമയുടെ ചിത്രം മത്സര വിഭാഗത്തില്‍ നിന്നും ഇന്ത്യന്‍ സിനിമാ വിഭാഗത്തിലേക്ക് മാറ്റുന്നത്.
‘ഗോവയിലെ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ മത്സര വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ടതിനാൽ ഇവിടെ മത്സരത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടു എന്നതില്‍ വലിയ സങ്കടമുണ്ട്. ഇന്ത്യയിൽ തന്നെ ഒരു മേളയിലെ മത്സര വിഭാഗത്തിൽ ഉണ്ടായിരുന്ന ചിത്രം ഇവിടെ മേളയിൽ അതേ വിഭാഗത്തിൽ ഉൾപെടുത്താൻ നിയമങ്ങൾ അനുവദിക്കുന്നില്ല എന്നാണ് അറിയാൻ കഴിഞ്ഞത്’, തിരുവനന്തപുരത്തെത്തിയ റിമ ഐ ഇ മലയാളത്തോട് പറഞ്ഞു.
‘കേരളത്തിലെ മേളയുടെ മത്സര വിഭാഗത്തില്‍ പങ്കെടുക്കുന്നത് എന്നെ സംബന്ധിച്ച് വലിയ കാര്യമാണ്. പക്ഷേ അതിങ്ങനെ ഒരു നിയമം കൊണ്ട് നഷ്ടപ്പെട്ടതിൽ അങ്ങേയറ്റം ദുഃഖമുണ്ട്. ഗോവയിലെ ഇന്ത്യൻ പനോരമയിലേക്ക് അപേക്ഷ സമർപ്പിച്ചിരുന്നു. അതിൽ നിന്നും അവർ ചിത്രത്തെ മത്സര വിഭാഗത്തിലേക്ക് റെക്കമന്റ്റ് ചെയ്യുകയായിരുന്നു, അവിടെ നിന്നും ചിത്രം പിന്‍വലിക്കാനും സാധിച്ചില്ല’, കേരളത്തില്‍ നഷ്ടപ്പെട്ട വലിയ അവസരത്തെക്കുറിച്ചോര്‍ത്ത് റിമ പറഞ്ഞു.
കൂടുതല്‍ വായിക്കാം: റിമയുടെ സിനിമ, അസമിന്റെയും
ടോറെന്ടോ ഉള്‍പ്പെടെ പല മേളകളിലും ഗംഭീരമായ സ്വീകരണം ലഭിച്ചിട്ടുള്ള ‘വില്ലേജ് റോക്സ്റ്റാർസ്’ റിമയുടെ രണ്ടാമത്തെ ചിത്രമാണ്.
‘കേരളത്തിലെ പ്രേക്ഷകർ എന്റെ സിനിമയോട് കാണിക്കുന്ന സ്നേഹം എന്നെ അത്ഭുതപ്പെടുത്തുന്നു. ഞാൻ ഇന്നലെയാണ് ഇവിടെ എത്തിയത്. അതു കൊണ്ട് ചിത്രത്തിന്റെ ആദ്യ രണ്ടു പ്രദർശനങ്ങളിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. പക്ഷേ പലരും എന്നെ വിളിക്കുകയും മെസേജുകളും ട്വീറ്റുകളും മറ്റും എഴുതുകയും ചെയ്യുന്നുണ്ട്. നീണ്ട ക്യൂ ആണ് സിനിമ കാണാനായി ഉള്ളതെന്ന് അറിഞ്ഞു. ഒരു ഫിലിം മേക്കറിന് ഇതില്‍ പരം വലിയ അംഗീകാരം വേറെ എന്തുണ്ട്’, റിമ കൂട്ടിച്ചേര്‍ത്തു.
കൂടുതല്‍ വായിക്കാം: പഥേര്‍ പാഞ്ചാലിയും വില്ലജ് റോക്ക്സ്റ്റാര്‍സും എന്റെ ‘കാസ്രോടൻ’ സിനിമയും
അസമിലെ ഒരു ഗ്രാമത്തില്‍ ഒരു കൂട്ടം കുട്ടികള്‍ ഒരു റോക്ക് ബാന്‍ഡ് തുടങ്ങാന്‍ പരിശ്രമിക്കുന്നതാണ് റിമയുടെ ചിത്രത്തിന്റെ ഇതിവൃത്തം. ചെറിയ ബജറ്റില്‍ ഗ്രാമവാസികളെ ഉള്‍പ്പെടുത്തി ചെയ്തതാണ് ‘വില്ലജ് റോക്ക്സ്റ്റാര്‍സ്’. ധുനു എന്ന പെണ്‍കുട്ടി, ജീവിതത്തിന്റെ വെല്ലുവിളികളെ മറികടന്നു, തന്റെ സംഗീതത്തിലേക്ക്, സ്വപ്ന സാക്ഷാത്കാരത്തിലേക്ക് എത്തുന്ന കഥ കേരളത്തില്‍ ഏവരുടെയും ഹൃദയം കവര്‍ന്ന ഒന്നാണ്. മത്സര വിഭാഗത്തില്‍ ആയിരുന്നെങ്കില്‍ പുരസ്കൃതമാകാനുള്ള സാധ്യതകള്‍ ഏറെയുള്ള ചിത്രമായിരുന്നു റിമയുടേത്.