ഇല്ഗര് നജാസ് സംവിധാനം നിര്‍വഹിച്ച പോമോഗ്രാനേറ്റ് ഓര്‍ച്ചഡ് എന്ന ഡ്രാമ ഫിലിം അസര്‍ബയ്ജാനിലെ ഗ്രാമ പ്രദേശങ്ങളിലാണ് ചിത്രീകരിച്ചിട്ടുള്ളത് . 12 വര്‍ഷങ്ങള്‍ക്കു മുന്‍പ് വീടും കുടുംബവും ഉപേക്ഷിച്ച മകന്റെ തിരിച്ചു വരവ് ആ കുടുംബാംഗാങ്ങളുടെ തുടര്‍ന്നുള്ള ജീവിതത്തെ ബാധിക്കുന്നതെങ്ങനെ എന്നതാണ് പ്രമേയം.
വൃദ്ധനായ ഷാമിലിന്റെ മാതള തോട്ടം ആ നാട്ടില്‍ പ്രശസ്തമാണ്; അയാളുടെ മാതള തൈകള്‍ക്ക് ആവശ്യക്കാരുമേറെ. തോട്ടത്തില്ത്തന്നെയുള്ള പഴയ വീട്ടില്‍ അയാള്‍ മരുമകള്‍ സാറക്കും (അപകടം മൂലം) കാഴ്ച തകരാറിലായ കൊച്ചു മകന് ജലാലുമൊത്തു ജീവിക്കുന്നു. 12 വര്‍ഷങ്ങള്‍ക്കു മുന്‍പ് വീടു ഉപേക്ഷിച്ച പോയ മകന് ഗാബില്‍ ഒരു രാത്രിയില്‍ പ്രത്യക്ഷപ്പെടുന്നു. റഷ്യയില്‍ മെച്ചപ്പെട്ട ജീവിതം നയിക്കുന്നു എന്നവകാശപെട്ട് അയാള്‍ ഭാര്യയേയും മകനെയും കൊണ്ടു പോകാനാണ് വന്നത് എന്നവരെ വിശ്വസിപ്പിക്കുന്നു . സുഹൃത്തിന്റെ കയ്യില്‍നിന്നും കടം വാങ്ങിയ പണം കൊണ്ടു പണക്കാരനായി നടിക്കുന്ന ഗാബില്‍ ഒടുക്കം ആട്ടിന്‍ തോലഴിച്ചു വച്ചു മറയുന്നു .
അടക്കി വെക്കേണ്ടിവന്ന ഒരുപാട് വികാരങ്ങളില്‍ വീര്പ്പുമുട്ടിക്കഴിയുന്നവളാണ് സാറ. ഗാബിലിനു കപ്പിംഗ് തെറാപ്പി ചെയ്തു കൊടുക്കുന്നിതിനിടക്ക് സാറയുടെ സെക്സ്വല്‍ ഫ്രസ്ട്രേഷന്‍ പ്രകടമാകുന്നുണ്ട്. അതു കൊണ്ടും മകന് ലഭിക്കാന്‍ പോകുന്ന മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ ഓര്‍ത്തുമാകാം അവര്‍ ഉപേക്ഷിച്ചു പോയ ഭര്‍ത്താവിനെ വീണ്ടും സ്വീകരിക്കുന്നത്.
ഗാബിലിന്റെ തിരിച്ചുവരവിനെ തുടര്‍ന്നുണ്ടാകുന്ന ഒരു രംഗം ഏറെ ശ്രദ്ധേയമാണ്. മഴയുള്ള ഒരു രാത്രിയിലാണ് ഗാബില്‍ തിരിച്ചെത്തുന്നത്. ഉറങ്ങിക്കിടക്കുന്ന ഭാര്യയും മകനും ഇയാളെ കാണുന്നില്ല. അടുത്ത ദിവസം രാവിലെയാണ് തിരിച്ചെത്തിയ വിവരം ഇരുവരും അറിയുന്നത്. അച്ഛനും മകനും ആദ്യമായി പരസ്പരം കാണുകയാണ്. ഒരു വീഴ്ചയില്‍ കണ്ണിനു പരിക്കേറ്റ മകനെ കണ്ട് ഗാബില്‍ ഭാര്യയോട് ചോദിക്കുന്നു ‘അവന്റെ കണ്ണിന് എന്തു പറ്റി?’ ഒരപടകത്തില്‍ കണ്ണിന് പരിക്കേറ്റതാണെന്ന് സാറ മറുപടി പറയുന്നു. അച്ഛന്, ഭര്‍ത്താവ് എന്നീ അധികാരഭാവങ്ങളോടെ അയാള്‍ തിരിച്ചു ചോദിക്കുന്നു ‘നീ എവിടെയായിരുന്നു അപ്പോള്‍?’ പന്ത്രണ്ടു വര്‍ഷമായി ഭാര്യയേയോ കുഞ്ഞിനേയോ തിരിഞ്ഞുനോക്കിയിട്ടില്ലെന്ന കുറ്റബോധമല്ല, മറിച്ച് കുഞ്ഞിനെ വളര്‍ത്തേണ്ടത് അമ്മയാണ്, അല്ലാത്ത പക്ഷം അത് ചോദ്യം ചെയ്യാന്‍ ഏതൊരവസരത്തിലും ഒരു പുരുഷനായ തനിക്ക് അധികാരമുണ്ടെന്ന പൊതുബോധമാണ് അയാളെക്കൊണ്ട് അത് ചോദിപ്പിച്ചത്.
മുത്തച്ഛനോടും മാതളത്തോട്ടത്തോടും മാനസികമായി ചേര്‍ന്ന് കഴിഞ്ഞ ജലാല്‍ അച്ഛനെ സ്വീകരിക്കാന്‍ പ്രയാസപ്പെടുന്നു. മകനോട് ഗാബില്‍ തന്റെ സഹോദരന്റെ മരണത്തെക്കുറിച്ചും നാടും വീടും ഉപേക്ഷിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ചും വിവരിച്ചു, അവന്റെ മനസ്സും നേടിയെടുക്കുന്നു. കാഴ്ചയെ ബാധിച്ച രോഗം നിമിത്തം ആ കുട്ടിയുടെ മാതളങ്ങള്ക്ക് ഇനി എന്നും നിറം കറുപ്പുതന്നെയായിരിക്കും എന്നതില്‍ ചിത്രം അവസാനിക്കുന്നു.
ആന്റണ്‍ ചെക്കോവിന്റെ ‘ദ ചെറി ഓര്‍ച്ചര്‍ഡി’ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിച്ച ഈ ചിത്രം ഊന്നുന്നത് മനുഷ്യബന്ധങ്ങളുടെ ആന്തരിക സൂക്ഷ്മതകളിലാണ്. ഏറ്റവും പഴക്കമുള്ള ചലച്ചിത്രോത്സവങ്ങളില്‍ ഒന്നായ കാര്‍ലോവി വാരിയിലും കയ്റോ ചലച്ചിത്രോത്സവത്തിലും പുരസ്കാരങ്ങള്‍ക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടതാണ് മത്സരവിഭാഗത്തിലുള്ള അസര്ബെയ്ജാനില് നിന്നുള്ള ഈ ചിത്രം.