കാക്കികുപ്പായത്തിനുളളിൽ കലാഹൃദയമുണ്ടെന്നതിന് ഇപ്പോൾ ദൃക്സാക്ഷികളായി സിനിമാ പ്രേക്ഷകരും ജീവനുളള തൊണ്ടിമുതലുകളുമുണ്ട്. കാക്കിക്കുളളിൽ പൊലീസെങ്കിൽ കലാഹൃദയമുണ്ടാകില്ലെന്ന വിശ്വാസത്തിനെ തിരുത്തിയെഴുതിയതാണ് ഈ ജീവനുളള തൊണ്ടിമുതലുകൾ. അത് കണ്ട് മറക്കാത്ത പ്രേക്ഷകരും.

മലയാള സിനിമാചരിത്രത്തിൽ വീണ്ടുമൊരു പോത്തേട്ടൻ ബ്രില്യൻസ് കണ്ട സിനിമയിൽ പൊലീസുകാർ ജീവിക്കുകയായിരുന്നില്ല അഭിനയിക്കുകയായിരുന്നു. ആ അഭിനയത്തിന്‍റെയും വെളിച്ചത്തിലാണ് കേരളാ രാജ്യാന്തര ചലച്ചിത്രോത്സവത്തിലേയ്ക്ക് ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ കടന്നു വന്നത്. ഐ​എഫ് എഫ് കെ യിൽ മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന സിനിമയിൽ താരപരിവേഷത്തോടെയാണ് പൊലീസ് ഉദ്യോഗസ്ഥരായ ശിവദാസും സിബിയും എത്തിയത്.

സാധാരണ ജനക്കൂട്ടത്തെ വിറപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന രണ്ട് പൊലീസുകാർ ഇവിടെ ജനക്കൂട്ടത്തിനൊപ്പം ആവേശഭരിതരായി ഉത്സവാഘോഷത്തിന്‍റെ ആനന്ദത്തിലാണ്. ഇവിടെ ജനക്കൂട്ടമല്ല, മറിച്ച് ലോകത്തെ കാണുന്ന, ഒരു ലോകമാണുളളതെന്ന് അവർ പറയുന്നു.  കണ്ണൂർ സ്പെഷ്യൽ ബ്രാഞ്ച് എ എസ് ഐയായ ശിവദാസും കാസർഗോഡ് കോസ്റ്റൽ സി ഐ സിബിയും തങ്ങളുടെ അഭിനയജീവിതത്തെ കുറിച്ചും ഐ എഫ് എഫ്കെയിലേയ്ക്കുളള​ വരവിനെ കുറിച്ചും സംസാരിക്കുന്നു.

 

‘ജോലി സംബന്ധിച്ച ജനങ്ങളെ നിയന്ത്രിക്കുന്നത് ഒരു രീതിയാണ് പൊലീസിന്‍റെത്. എന്നാൽ​ ഇവിടെ (ഐ​എഫ്​എഫ കെ) ക്രൗഡ് അല്ല, ഇവിടുത്തെ ക്രൗഡ് എന്ന് പറയുന്നത് സിനിമയെ സ്നേഹിക്കുന്ന, ജീവിതത്തിന്‍റെ പല ഭാവങ്ങളിലും കഥയാക്കി, സിനിമയാക്കി, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും വന്ന വലിയ വലിയ ആളുകളുമായുളള കലാപരമായ കൂടിച്ചേരലാണ്, നടക്കുന്നത്.’, ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന സിനിമയിൽ അഭിനയിച്ച ഇപ്പോൾ കണ്ണൂർ സ്പെഷ്യൽ ബ്രാഞ്ച് എ എസ് ഐയായ ശിവദാസ് പറയുന്നു.

‘ഇവിടെ നിയന്ത്രിക്കുന്ന പൊലീസിന്രെ ആവശ്യമല്ല, പൊലീസിന്‍റെ കലാകാരന്‍റെ മനസ്സാണ് ഇവിടെ ഞങ്ങൾക്കെല്ലാം ഉളളത്. അങ്ങനെയുളള​ മനസ്സോടെ ഇവിടെ എത്തിച്ചേർന്നതിൽ ഒരുപാട് സന്തോഷമുണ്ട്, ഇങ്ങനെ ആക്കിയതിലും ദൈവത്തോടും തൊണ്ടിമുതൽ സിനിമയിലെ ക്രൂവിനോടും പ്രത്യേകിച്ച് ദിലീഷേട്ടനോടും രാജീവ് രവി സാറിനോടും സന്ദീപ് സേനൻ സാറിനോടും അനീഷ് സാറിനോടും സജീവ് പാഴൂര്, ശ്യാംപുഷ്ക്കരൻ ഇങ്ങനെയുളള എല്ലാവരോടും വളരെയധികം നന്ദിയും കടപ്പാടുമുണ്ട്. ഇവിടെ ഐ​എഫ് എഫ് കെയുടെ ഭാഗമായി നിങ്ങൾ തരുന്ന സ്വീകരണത്തിനും നന്ദിയും കടപ്പാടുമുണ്ട്’, അദ്ദേഹം ഐഇ​മലയാളത്തോട് പറഞ്ഞു.

‘പൊലീസിനെ സംബന്ധിച്ച് ഡ്യൂട്ടിയിൽ ആണെങ്കിലും അല്ലെങ്കിലും ആണെങ്കിലും അല്ലെങ്കിലും 24 മണിക്കൂറും സമ്മർദ്ദം ഉളള ​ജോലിയാണ്. അങ്ങനെയുളള ജോലിക്കിടെ എന്നെ, ആളുകൾ ഒരു സിനിമാ താരം എന്ന നിലയിൽ കാണുകയും പരിചയപ്പെടുകയും മനസ്സിലാക്കുകയും എന്‍റെ കൂടെ ഫൊട്ടോ എടുക്കാൻ ഇഷ്ടപ്പെടുകയും എന്നെ ഒരുപരിധിവരെ എന്നെ അംഗീകരിക്കുയും ചെയ്യുമ്പോൾ എനിക്ക് ലഭിക്കുന്ന മാനസിക സന്തോഷം ഒരുപാട് വലുതാണ്. വലിയ സന്തോഷം അനുഭവിക്കുന്നു. അതെങ്ങനെയാണെന്ന് പറയാൻ കഴിയില്ല. അത്രയും വലിയ സന്തോഷം ഞാൻ അനുഭവിക്കുന്നു’ ശിവദാസ് തന്‍റെ സന്തോഷം മറച്ചുവെയ്ക്കാതെ വികാരാധീനനായി.

“ഐ​എഫ് എഫ് കെയില്‍ ആദ്യമായിട്ടാണ് പങ്കെടുക്കുന്നത്. ടി വി ന്യൂസിലും പത്രത്തിലും വായിച്ച് മാത്രം അറിയുന്നത്. ഈ വർഷത്തെ ഐ​എഫ് എഫ് കെ ഞാൻ അഭിനയിച്ച ഞങ്ങളുടെ പൊലീസ’ന്‍റെ സിനിമയായ, വിജയം കൈവരിച്ച സിനിമ ഇവിടെ പ്രദർശിപ്പിക്കുന്നു. അതിനായി ഞങ്ങൾ ഇവിടെയെത്തിയതും അതിന്‍റെ ഭാഗമായതും വലിയ സന്തോഷം തരുന്നു.’ അദ്ദേഹം പറഞ്ഞു.

 

‘ഔദ്യോഗിക ജീവിതത്തിൽ ക്രൗഡിനെ നിയന്ത്രിക്കാൻ ചെല്ലുമ്പോൾ നമ്മളും ജനക്കൂട്ടവും തമ്മിൽ ഒരു അകൽച്ചയുണ്ടാകും. അപ്പോൾ ലോഹ്യത്തിലേയ്ക്കെത്തില്ല.​ ഇവിടെ അതിന്‍റെ ആവശ്യമില്ലെന്ന് കാസർഗോഡ് സിഐ സി ബി തോമസ് അഭിപ്രായപ്പെട്ടു. നമ്മുടെ മുകളിലുളള കലാകാരന്മാർ പങ്കെടുക്കുന്ന ചടങ്ങായതിനാൽ അതിൽ പങ്കെടുക്കുന്നതിൽ​ വളരെ സന്തോഷമുണ്ട്. ഇവിടെയെത്തുമ്പോൾ നമ്മൾ തന്നെ വളരുകയാണ്. നമ്മുടെ ചിന്തകൾ, ഇമാജിനേഷൻ​ എല്ലാം വളരുന്നു. ഫ്രീഡം ഉണ്ട്. അത് സന്തോഷപൂർവ്വം ആഘോഷിക്കുന്നു’,  പൊലീസിൽ നിന്നും നടനായി മാറിയ അനുഭവം അദ്ദേഹം പങ്കുവച്ചു.

“തൊണ്ടിമുതൽ ഇറങ്ങിയശേഷം അഭിനേതാവിനോട് ജനങ്ങൾക്കുളള ഫീൽ, നടനോടുളള ഫീൽ​ നമ്മുക്ക് കിട്ടിയിട്ടുളളത് കൊണ്ട് ഇവിടെ എക്സൈറ്റ്മെന്റ് ഇല്ല.​ എന്നാൽ​ ഇവിടെ വലിയ ക്രൗഡാണ്. നമ്മളേക്കാൾ ഉയർന്ന നിലവാരമുളള ​ആളുകളാണ് ഇവിടെയുളളത്. അവർ നമ്മളെ ചേർത്തു നിർത്തുക എന്ന് പറയുന്നത് വളരെ സന്തോഷമുളള കാര്യമാണ്.’

‘ഐ​​ എഫ് എഫ് കെ കാണണം എന്ന് ഒരു പാട് ആഗ്രഹിച്ചതാണ്.  ഒരിക്കൽ എങ്കിലും ഇവിടെ വരണം എന്ന് ആഗ്രഹിച്ചിരുന്നു.  ഇപ്പോൾ ​വരവിന് ഇരട്ടി മധുരം. ഞങ്ങൾ അഭിനയിച്ച സിനിമയുടെ ഭാഗമായി ഇവിടെ ക്ഷണിക്കപ്പെട്ട് എത്തുമ്പോൾ അഭിമാനമുണ്ട് സന്തോഷമുണ്ട്’. സിബി തോമസ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ