പി സി വിഷ്ണുനാഥിന് മേളയോട് പറയാന്‍ ഒരു കാര്യമേയുള്ളൂ – ഡെലിഗേറ്റുകളുടെ കാര്യത്തില്‍ കുറെയും കൂടി ശ്രദ്ധ ചെലുത്തണം എന്ന്. മേളയുടെ ഉള്ളടക്കം നന്നാക്കാന്‍ അക്കാദമി ഏറെ പരിശ്രമിക്കുന്നുണ്ട്. എന്നാല്‍ ഡെലിഗേറ്റുകള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ നല്‍കാന്‍ കഴിയുന്നുണ്ടോ, വിഷ്ണുനാഥ് ചോദിക്കുന്നു.

“ലോകത്ത് ഏറ്റവും അധികം ആളുകൾ പങ്കെടുക്കുന്ന മേളയാണ് എന്ന് അഭിമാനിക്കുമ്പോഴും അവർക്ക് ആവശ്യമായ സൗകര്യം നല്കാൻ കഴിയുന്നുണ്ടോ എന്നത് ഇപ്പോഴും ഒരു പ്രശ്നം തന്നെയാണ്. മിക്ക ദിവസവും എത്രയോ ആളുകൾക്ക് സിനിമ കാണാൻ കഴിയാതെ പോകുന്നുണ്ട്. ഇത്തവണ അപേക്ഷിച്ച പലർക്കും പാസ് കിട്ടിയില്ലെന്ന പരാതിയും കേട്ടിരുന്നു. വ്രതം നോറ്റ് ആളുകൾ ഒരു കൊല്ലം കാത്തിരുന്ന് ശരിയായ സമയത്ത് അപേക്ഷിച്ചിട്ട് ഇവിടെ എത്തുമ്പോൾ പാസ്സില്ലെന്നു പറയുന്നത് എത്ര മാത്രം വിഷമം ഉണ്ടാക്കുന്ന കാര്യമാണ്. ഇനിയിപ്പോൾ പാസ് കിട്ടിയവരുടെ കാര്യത്തിലാണെങ്കിൽ എല്ലാവർക്കും സിനിമയ്ക്ക് കേറാൻ കഴിയുന്നില്ല. ഒരു മണിക്കൂറൊക്കെ ക്യൂ നിന്നിട്ട് ചെല്ലുമ്പോൾ ഫുൾ ആയെന്നു വളണ്ടിയർമാർ പറയുന്നു. റിസർവേഷൻ സൗകര്യം ഉണ്ടെങ്കിൽ പോലും എല്ലാവർക്കും എല്ലായ് പ്പോഴും അത് ചെയ്യാൻ പറ്റണമെന്നില്ല. അതുമല്ല ചെയ്തിട്ട് പോലും കാണാൻ പറ്റാതായ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഈ 22 വർഷത്തിലും പരിഹരിക്കാൻ പറ്റാതെ കിടക്കുന്ന ഒരു പ്രശ്നം ഇതാണ്’ എന്നാണ് വിഷ്ണുനാഥിന്‍റെ അഭിപ്രായം.

“എന്നാൽ തീർത്തും മോശം പറയാൻ പറ്റില്ല കാരണം ചില നല്ല മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. കൈരളിയിൽ നിന്നും ടാഗോറിലേക്ക് മേളയുടെ പ്രധാന വേദി മാറ്റിയപ്പോൾ ഒരു വലിയ തീയറ്റർ കൂടി ലഭിച്ചു. നിശാഗന്ധിയിൽ ആദ്യമൊക്കെ രണ്ടു പ്രദർശനങ്ങൾ മാത്രമേ ഉള്ളൂ – ഉദ്‌ഘാടന ചിത്രത്തിന്‍റേയും പുരസ്‌കാരത്തിന് അർഹമാകുന്ന ചിത്രത്തിന്‍റേയും. എന്നാൽ ഇപ്പോൾ എല്ലാ ദിവസവും പ്രദർശനമുണ്ട്. അത് കൂടുതൽ ആളുകൾക്ക് സിനിമ കാണാൻ അവസരമുണ്ടാക്കുംന്നുണ്ട്”, അദ്ദേഹം കൂട്ടിച്ചേർത്തു.

“സിനിമകളുടെ തിരഞ്ഞെടുപ്പിൽ ഇപ്പോഴും ഒരു സുതാര്യത കൊണ്ടുവരാൻ പറ്റിയിട്ടില്ല എന്നതും ചര്‍ച്ച ചെയ്യപ്പെടെണ്ടതാണ്. സിനിമകളുടെ ക്യൂറേറ്റർ ആരാണ്, അതിൽ തന്നെ പാക്കേജുകൾക്ക് വേണ്ടി വിട്ടുവീഴ്ച ചെയ്യേണ്ടി വരുന്നുണ്ടോ, ഒത്തുതീർപ്പുകൾക്ക് വിധേയമാകേണ്ടി വരുന്നുണ്ടോ എന്നതിലൊക്കെ കൂടുതല്‍ സുതാര്യത കൊണ്ട് വരാൻ കഴിയണം. അങ്ങനെയല്ലെങ്കില്‍ അക്കാദമിയെ ചെറിയ തോതിലെങ്കിലും സംശയത്തിന്‍റെ നിഴലിൽ നിര്‍ത്തേണ്ടി വരും”.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook